തിരുവനന്തപുരം- ആഘോഷപൂര്‍വം സ്വീകരണം നല്‍കിയെങ്കിലും വിഴിഞ്ഞത്ത് എത്തിയ ആദ്യ കപ്പലിലെ ക്രെയിനുകള്‍ ഇറക്കുന്നതില്‍ അനിശ്ചിതത്വം. കപ്പലിലെ ജീവനക്കാരായ ചൈനീസ് പൗരന്മാര്‍ക്ക് ബര്‍ത്തിലേക്ക് ഇറങ്ങാനുള്ള അനുമതി ഇനിയും കിട്ടാത്തതാണ് കാരണം. ഇമിഗ്രേഷന്‍ ക്ലിയറന്‍സിനായി അദാനി ഗ്രൂപ്പും സംസ്ഥാന സര്‍ക്കാരും സമ്മര്‍ദ്ദം ശക്തമാക്കി.
വിഴിഞ്ഞത്ത് ഷെന്‍ ഹുവ 15ന് ഗംഭീര വരവേല്‍പ്പ് നല്‍കിയിട്ട് ഇന്നേക്ക് നാലാം ദിനം. തിങ്കളാഴ്ച മുതല്‍ കപ്പലില്‍ നിന്ന് ക്രെയിനുകള്‍ ഇറക്കാനുള്ള ജോലി തുടങ്ങുമെന്നായിരുന്നു ആദ്യം അറിയിച്ചിരുന്നത്. കടല്‍ പ്രക്ഷുബ്ദമായതിനാലാണ് ക്രെയിന്‍ ഇറക്കുന്നത് വൈകുന്നത് എന്നാണ് ഔദ്യോഗിക വിശദീകരണം എങ്കിലും കാരണം മറ്റൊന്നാണ്. ഷാങ് ഹായ് പിഎംസിയുടെ കപ്പലിലുള്ളത് 12 ചൈനീസ് ജീവനക്കാരാണ്. ഇവര്‍ക്ക് ഇതുവരെയും ഇന്ത്യയില്‍ ഇറങ്ങാനുള്ള ഇമിഗ്രേഷന്‍ ക്ലിയറന്‍സ് കിട്ടിയിട്ടില്ല. കപ്പല്‍ എത്തിയപ്പോള്‍ തന്നെ ഈ പ്രശ്നം ഉയര്‍ന്നിരുന്നു. ക്രെയിന്‍ ഇറക്കാന്‍ ജീവനകര്‍ക്ക് ബര്‍ത്തില്‍ ഇറങ്ങാന്‍ അനുമതി നല്‍കണം എന്നാവശ്യപ്പെട്ട് തുറമുഖ മന്ത്രി അന്ന് കേന്ദ്രത്തിന് കത്തെഴുതിയിരുന്നു. പക്ഷേ ദിവസങ്ങള്‍ കഴിഞ്ഞിട്ടും ഇമിഗ്രേഷന്‍ ക്ലിയറന്‍സ് ലഭിച്ചിട്ടില്ല.
ക്രെയിന്‍ ഇറക്കുന്ന ജോലികള്‍ ബര്‍ത്തില്‍ നിന്ന് നിയന്ത്രിക്കാനായി ഷാങ് ഹായ് പിഎംസിയുടെ 60 വിദഗ്ദര്‍ മുംബൈയില്‍ നിന്ന് എത്തിയിരുന്നു. പക്ഷ ഇന്ത്യയിലെ തന്നെ ഏറ്റവും ഉയരമുള്ള ക്രെയിന്‍ ഇറക്കാന്‍ കപ്പലിലെ ജീവനക്കാര്‍ കൂടി ബര്‍ത്തില്‍ ഇറങ്ങണം. ഇമിഗ്രേഷന്‍ ക്ലിയറന്‍സ് കിട്ടാതെ ഇവര്‍ക്ക് ഇറങ്ങാനുമാകില്ല. ഇതേ കപ്പലില്‍ മുന്ദ്ര തുറമുഖത്തേക്കുള്ള ക്രെയിനുകള്‍ കൊണ്ടുവന്നിരുന്നെങ്കിലും, നിലവില്‍ പ്രവത്തിക്കുന്ന തുറമുഖം ആയതിനാല്‍, അവിടെ ക്രെയിന് ഇറക്കാന്‍ സര്‍വ്വ സൗകര്യങ്ങളും ഉണ്ടായിരുന്നു. പക്ഷേ കമ്മീഷങ്ങിന് മുമ്പ്, പണി നടക്കുന്ന തുറമുഖത്ത് വിദേശ പൗരന്മാര്‍ക്ക് ഇറങ്ങാന്‍ അനുമതി കിട്ടുക പ്രയാസമാണ്.
കോവിഡ് സമയത്ത് വിഴിഞ്ഞത്ത് ക്രൂ ചേഞ്ചിന് പ്രത്യേക അനുമതി ലഭിച്ചിരുന്നു. അങ്ങനെയുള്ള അനുമതിക്കായാണ് ശ്രമം തുടരുന്നത്. ക്രെയിന്‍ ഇറക്കിയതിന് ശേഷം 20 നോ, 21നോ ഷെന്‍ ഹുവ 15ന് മടങ്ങണം. ക്രെയിന്‍ കൊണ്ടുവന്നത് ആഘോഷമമാമാങ്കം നടത്തിയെന്ന തരത്തില്‍ പ്രതിപക്ഷം സര്‍ക്കാരിനെ വിമര്‍ശിക്കുന്നതിനിടെയാണ് പുതിയ അനിശ്ചിതത്വം. ഇമിഗ്രേഷന്‍ ക്ലിയറന്‍സിനായുള്ള സമ്മര്‍ദ്ദം സര്‍ക്കാരും അദാനി ഗ്രൂപ്പും ശക്തമാക്കിയിട്ടുണ്ട്