മോസ്‌കോ- ആണവ ആക്രമണത്തിന് ഉത്തരവിടാൻ ഉപയോഗിക്കാവുന്ന ആണവ ബ്രീഫ്‌കേസ് എന്ന് വിളിക്കപ്പെടുന്ന പെട്ടിയും വഹിച്ചുള്ള ഉദ്യോഗസ്ഥർക്കൊപ്പമാണ് റഷ്യൻ പ്രസിഡന്റ് വഌദമിർ പുടിൻ ബീജിംഗിൽ എത്തിയത്. ബെയ്ജിംഗിൽ ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം, സുരക്ഷാ സംവിധാനങ്ങളാൽ ചുറ്റപ്പെട്ട മറ്റൊരു മീറ്റിംഗിലേക്ക് പുടിൻ നടക്കുന്ന ദൃശ്യമാണ് പുറത്തുവന്നത്. യൂണിഫോം ധരിച്ച രണ്ട് റഷ്യൻ നാവിക ഉദ്യോഗസ്ഥരാണ് ബ്രീഫ്‌കേസ് വഹിച്ചത്. റഷ്യയുടെ ആണവ ബ്രീഫ്‌കേസ് പരമ്പരാഗതമായി ഒരു നാവിക ഉദ്യോഗസ്ഥനാണ് വഹിക്കുന്നത്. 'ചെഗെറ്റ്' (കോക്കസസ് പർവതനിരകളിലെ ചെഗെറ്റ് പർവതത്തിന്റെ പേരിലാണ് ഇത് അറിയപ്പെടുന്നത്) ബ്രീഫ്‌കേസ് എല്ലാ സമയത്തും പ്രസിഡന്റിന്റെ പക്കലുണ്ട്, പക്ഷേ അപൂർവ്വമായി മാത്രമേ ഇത് ദൃശ്യങ്ങളിൽ വരാറുള്ളൂ. ചില സ്യൂട്ട്‌കേസുകളില്ലാതെ പുടിന്റെ ഒരു യാത്രയും പൂർത്തിയാകില്ലെന്ന് സ്‌റ്റേറ്റ് ന്യൂസ് ഏജൻസിയായ ആർ.ഐ.എയുടെ ക്രെംലിൻ ലേഖകർ ടെലിഗ്രാമിൽ ഒരു പോസ്റ്റിൽ പറഞ്ഞു.