കയ്‌റോ- ഫലസ്തീനികളെ സിനായിലേക്ക് നിർബന്ധിതമായി കുടിയിറക്കുന്നത് ദശലക്ഷക്കണക്കിന് ഈജിപ്തുകാർ നിരസിക്കുമെന്ന് ഈജിപ്ത് പ്രസിഡന്റ് അബ്ദുൽ ഫത്താഹ് അൽസിസി പറഞ്ഞു. ഗാസ മുനമ്പ് ഫലത്തിൽ ഇസ്രായേൽ നിയന്ത്രണത്തിലാണെന്നും ഫലസ്തീനികളെ ഇസ്രായേലിന്റെ അധീനതയിലുള്ള നെഗേവ് മരുഭൂമിയിലേക്ക് മാറ്റുകയാണെന്ന് വേണ്ടതെന്നും സീസി പറഞ്ഞു. ജർമ്മൻ ചാൻസലർ ഒലാഫ് ഷോൾസുമായി കയ്‌റോയിൽ നടത്തിയ സംയുക്ത വാർത്താ സമ്മേളനത്തിലാണ് സിസി ഇക്കാര്യം പറഞ്ഞത്. ഗാസയിൽ ഇപ്പോൾ നടക്കുന്നത് സാധാരണക്കാരെ അഭയാർത്ഥികളാക്കി ഈജിപ്തിലേക്ക് കുടിയേറാനുള്ള ശ്രമമാണ്, ഇത് അംഗീകരിക്കാനാകില്ല. സൈനിക മാർഗങ്ങളിലൂടെയോ അല്ലാതെയോ ഫലസ്തീനികളെ അവരുടെ ഭൂമിയിൽ നിന്ന് നിർബന്ധിതമായി കുടിയിറക്കുന്നതിലൂടെ ഫലസ്തീൻ പ്രശ്‌നം പരിഹരിക്കാനുള്ള എല്ലാ ശ്രമങ്ങളെയും ഈജിപ്ത് നിരസിക്കുകയാണെന്നും സീസി പറഞ്ഞു. ഫലസ്തീനികളെ സിനായിലേക്ക് മാറ്റുക എന്നതിലൂടെ അർത്ഥമാക്കുന്നത് ചെറുത്തുനിൽപ്പും പോരാട്ടവുമെല്ലാം ഗാസ മുനമ്പിൽനിന്ന് സിനായിലേക്ക് മാറുമെന്നാണ്. ഇസ്രയേലിന് എതിരായ പോരാട്ടത്തിന്റെ ഭൂമിക ഈജിപ്ത് ആയി മാറുമെന്നാണ്. ഇത് അംഗീകരിക്കാനാകില്ലെന്നും സീസി പറഞ്ഞു.