Sorry, you need to enable JavaScript to visit this website.

പാലിയേക്കര ടോൾ പ്ലാസ: കരാർ കമ്പനി 125 കോടിയുടെ വെട്ടിപ്പ് നടത്തിയെന്ന് ഇ.ഡി

കൊച്ചി- പാലിയേക്കര ടോൾ പ്ലാസയിൽ കരാർ കമ്പനി 125 കോടിയുടെ വെട്ടിപ്പ് നടത്തിയെന്ന് ഇ.ഡി. ദേശീയപാത നിർമാണം പൂർത്തിയാക്കാതെ ടോൾ പിരിക്കാൻ അനുമതി നൽകിയതിലും ബസ് ബേകളുടെ നിർമാണം പൂർത്തിയാക്കാതെ പരസ്യം സ്ഥാപിക്കാൻ അനുവാദം നൽകി പണം പിരിച്ചതിലും നടന്ന ക്രമക്കേടുകളിലൂടെ റോഡ് നിർമാണ കമ്പനി 125.21 കോടി രൂപ അനർഹമായി സമ്പാദിച്ചെന്നാണ് ഇ.ഡി കണ്ടെത്തിയത്. 
ഔദ്യോഗിക പത്രക്കുറിപ്പിലാണ് ഇ.ഡി ക്രമക്കേടുകൾ വ്യക്തമാക്കിയത്. 125.21 കോടി രൂപയുടെ ഇടപാടുകൾ മരവിപ്പിച്ചു. ഇത് സംബന്ധിച്ച് ബാങ്കുകൾക്കും ധനകാര്യ സ്ഥാപനങ്ങൾക്കും കത്ത് നൽകി. ടോൾ വഴി പിരിഞ്ഞുകിട്ടിയ തുക കരാർ കമ്പനിയായ കൊൽക്കത്ത ആസ്ഥാനമായ ഗുരുവായൂർ ഇൻഫ്രാസ്ട്രക്ചർ പ്രൈവറ്റ് ലിമിറ്റഡ് നിക്ഷേപിച്ചത് മ്യൂച്ചൽ ഫണ്ടുകളിലാണെന്നും കണ്ടെത്തിയിട്ടുണ്ട്. അഴിമതിക്ക് കൂട്ടുനിന്ന പാലക്കാട്ടെ ദേശീയപാത ഉദ്യോഗസ്ഥരെക്കുറിച്ച് അന്വേഷണം നടത്തുകയാണെന്നും ഇ.ഡി അറിയിച്ചു.
മണ്ണുത്തി ഇടപ്പള്ളി ദേശീയ പാതാ നിർമാണം ഏറ്റെടുത്ത ജി.ഐ.പി.എൽ കമ്പനിയുടെ പാലിയേക്കരയിയിലെ ഓഫീസിൽ കഴിഞ്ഞ ചൊവ്വാഴ്ച നടത്തിയ റെയ്ഡിലാണ് ക്രമക്കേട് കണ്ടെത്തിയത്. ദേശീയ പാതാ നിർമാണം ഏറ്റെടുത്തു നടത്തിയ ഗുരുവായൂർ ഇൻഫ്രാസ്ട്രക്ചർ പ്രൈവറ്റ് ലിമിറ്റഡ്, പങ്കാളിയായ ഭാരത് റോഡ് നെറ്റ്‌വർക് ലിമിറ്റഡ് എന്നിവർ ഉദ്യോഗസ്ഥ ഒത്താശയോടെ 102 കോടിയുടെ ക്രമക്കേട് നടത്തിയതുമായി ബന്ധപ്പെട്ട് സി.ബി.ഐ അന്വേഷണം നടന്നു വരികയായിരുന്നു. ഇതിന്റെ തുടർച്ചയായാണ് കമ്പനികളുടെ പാലിയേക്കര, കൊൽക്കത്ത ഓഫീസുകളിൽ കഴിഞ്ഞ ദിവസം ഇ.ഡി പരിശോധന നടത്തിയത്. 2006 മുതൽ 2016 വരെയുള്ള റോഡ് നിർമാണത്തിൽ 102.44 തട്ടിപ്പ് നടത്തിയെന്നാണ് ഇ.ഡി കണ്ടെത്തിയത്.
ആരോപണവിധേയരായ കമ്പനിയും സബ് കോൺട്രാക്ടറായ ഹൈദ്രാബാദിലെ കെ.എം.സി കൺസ്ട്രക്ഷൻസ് ലിമിറ്റഡും എൻ.എച്ച്.എ.ഐ ഉദ്യോഗസ്ഥരും പ്രോജക്ട് ഇൻഡിപെൻഡന്റ് എൻജിനീയറും വഴിവിട്ട രീതിയിൽ റോഡ് പദ്ധതിയുടെ പൂർത്തീകരണ സർട്ടിഫിക്കറ്റ് നേടി പൊതുജനങ്ങളിൽ നിന്ന് ടോൾ പിരിക്കാൻ തുടങ്ങിയെന്ന് ഇ.ഡി വാർത്താക്കുറിപ്പിൽ പറയുന്നു. ബസ് ബേകളുടെ നിർമാണം പൂർത്തീകരിക്കാതെ പരസ്യ ഇടം വിട്ടുകൊടുത്തും കമ്പനി അനധികൃതമായി വരുമാനം ഉണ്ടാക്കി. ഇതടക്കമാണ് മൊത്തം 125.21 കോടി രൂപയുടെ ക്രമക്കേട് ഇ.ഡി കണ്ടെത്തിയത്. പി.എം.എൽ.എ ആക്ടിന്റെ 17-1 എ വകുപ്പു പ്രകാരമാണ് 125.21 കോടി രൂപക്കുള്ള കരാർ കമ്പനിയുടെ ബാങ്ക് ബാലൻസും ഫിക്‌സഡ് ഡെപ്പോസിറ്റുകളും ഇ.ഡി മരവിപ്പിച്ചിരിക്കുന്നത്. 
 

Latest News