റാമല്ല- ഗാസ മുനമ്പിൽ ഇസ്രായേൽ നടത്തിയ ബോംബാക്രമണത്തിനെതിരെ വ്യാപക പ്രതിഷേധം ഉയരുന്നതിനിടെ ബുധനാഴ്ച വെസ്റ്റ് ബാങ്കിലെ റാമല്ലയ്ക്ക് സമീപം രണ്ട് ഫലസ്തീൻ കൗമാരക്കാരെ ഇസ്രായേൽ സൈന്യം വെടിവച്ചു കൊന്നു. ഇതോടെ വെസ്റ്റ് ബാങ്കിൽ ഇസ്രായിൽ സൈന്യം കൊലപ്പെടുത്തിയവരുടെ എണ്ണം 64 ആയി ഉയർന്നു. റാമല്ലയുടെ പടിഞ്ഞാറ് ശുക്ബ ഗ്രാമത്തിൽ 15 വയസുകാരനെയും 17 വയസുകാരനെയും ഇസ്രായേൽ സൈന്യം വെടിവെച്ചുകൊന്നതായി ഫലസ്തീൻ അതോറിറ്റിയുടെ ആരോഗ്യ മന്ത്രാലയത്തിന്റെ പ്രസ്താവനയിൽ പറയുന്നു. ഇസ്രയേലിനെതിരെ രണ്ട് ആൺകുട്ടികൾ ടയറുകൾ കത്തിച്ച് പ്രതിഷേധിക്കുന്നതിനിടെയാണ് വെടിയേറ്റത്. ഗാസയിൽ ഇസ്രായിൽ സൈന്യം നടത്തിയ കൂട്ടക്കശാപ്പിനെതിരെ വ്യാപക പ്രതിഷേധമാണ് വെസ്റ്റ് ബാങ്കിലും ഉയർന്നത്. ഹമാസിന് താരതമ്യേന പിന്തുണ കുറവുള്ള സ്ഥലമാണ് വെസ്റ്റ് ബാങ്ക്. എന്നാൽ ഇവിടെ ഇന്നലെ വൻ പ്രതിഷേധമാണ് നടന്നത്. ഞങ്ങളുടെ രക്തവും ചൈതന്യവും കൊണ്ട് ഞങ്ങൾ നിനക്കായി സ്വയം ബലിയർപ്പിക്കുന്നു, ഗാസ എന്ന് ജനം ആർത്തുവിളിച്ചു.
എല്ലാവരും വന്ന് ഗാസയെ പ്രതിരോധിക്കണം, കല്ലുള്ളവർ വന്ന് എറിയട്ടെ, തോക്കുള്ളവർ വന്ന് അവരെ വെടിവയ്ക്കണമെന്നും പ്രതിഷേധക്കാർ പറഞ്ഞു.