മംഗളൂരു- മംഗളൂരു മംഗളാദേവി ക്ഷേത്രത്തിന് സമീപം വര്‍ഗീയ വിഭജന പ്രവര്‍ത്തനങ്ങള്‍ നടത്തിയെന്നാരോപിച്ച് വിശ്വഹിന്ദു പരിഷത്ത് (വിഎച്ച്പി) നേതാവ് ശരണ്‍ പമ്പ്‌വെല്ലിനും കൂട്ടാളികള്‍ക്കുമെതിരെ മംഗളൂരു സിറ്റി പോലീസ് കേസെടുത്തു.
ചൊവ്വാഴ്ച ദസറ ആഘോഷങ്ങള്‍ക്കിടെ ശരണ്‍ ഒരു സംഘം അനുയായികള്‍ക്കൊപ്പം ക്ഷേത്രത്തിന് സമീപമുള്ള ഹിന്ദുമതക്കാരുടെ ഉടമസ്ഥതയിലുള്ള കടകളില്‍ കാവിക്കൊടി സ്ഥാപിച്ചിരുന്നു. അവശ്യ വസ്തുക്കള്‍ വാങ്ങാന്‍ ഹിന്ദുക്കളുടെ ഉടമസ്ഥതയിലുള്ള കടകളില്‍ മാത്രമേ പോകാവൂ എന്ന് ഹിന്ദു സമൂഹത്തോട് അഭ്യര്‍ത്ഥിക്കുന്ന പത്രപ്രസ്താവനയും നടത്തിയിരുന്നു.
കാവിക്കൊടി സ്ഥാപിച്ച നടപടിയും പ്രസ്താവനകളും മതവിദ്വേഷം വളര്‍ത്താന്‍ സാധ്യതയുള്ളതാണെന്ന് പോലീസ് പറഞ്ഞു. മംഗളൂരു സൗത്ത് പോലീസ് സ്‌റ്റേഷനിലാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. സാമുദായിക അസ്വാരസ്യം ഉണ്ടാക്കുക, മതത്തിന്റെ അടിസ്ഥാനത്തില്‍ ഭിന്നിപ്പിക്കുന്ന പെരുമാറ്റം പ്രോത്സാഹിപ്പിക്കുക തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നതെന്ന് പോലീസ് വൃത്തങ്ങള്‍ അറിയിച്ചു.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)
നഗരത്തില്‍ സമാധാനവും സുരക്ഷയും നിലനിര്‍ത്തുന്നതിനുള്ള പോലീസ് പ്രതിജ്ഞാബദ്ധമാണെന്ന് മംഗളൂരു സിറ്റി പോലീസ് കമ്മീഷണര്‍ അനുപം അഗര്‍വാള്‍ പ്രസ്താവനയില്‍ പറഞ്ഞു.
ദക്ഷിണ കന്നഡയിലെ സെക്കുലര്‍ പാര്‍ട്ടികളുടെയും സംഘടനകളുടെയും സംയുക്ത ഫോറം വിഎച്ച്പി ആഹ്വാനത്തെ അപലപിച്ചിരുന്നു. വലതുപക്ഷ സംഘടന മറ്റ് മതങ്ങളിലെ വ്യാപാരികളെ ബഹിഷ്‌കരിക്കാന്‍ ആഹ്വാനം ചെയ്തുകൊണ്ട് ജനങ്ങളെ ഭിന്നിപ്പിക്കുകയാണെന്ന് അവര്‍ പറഞ്ഞു. നൂറ്റാണ്ടുകളായി മംഗളാദേവി ക്ഷേത്രത്തിലെ നവരാത്രി ആഘോഷങ്ങളില്‍ എല്ലാ മതസ്ഥരും പങ്കുചേരുന്നതായി ഫോറം ജനറല്‍ സെക്രട്ടറിയും ഡിവൈഎഫ്‌ഐ സംസ്ഥാന പ്രസിഡന്റുമായ മുനീര്‍ കാട്ടിപ്പള്ള പറഞ്ഞു.