- അടിയന്തര റിലീഫ് പ്രവർത്തനങ്ങൾക്ക് 10 കോടി ഡോളർ സഹായം
ജിദ്ദ - ഗാസയിൽ ഉടനടി വെടിനിർത്തൽ നടപ്പാക്കണമെന്നും ഉപരോധം എടുത്തുകളയണമെന്നും ഗാസ സംഘർഷം വിശകലനം ചെയ്യാൻ ഒമാനിലെ മസ്‌കത്തിൽ ചേർന്ന ഗൾഫ് സഹകരണ കൗൺസിൽ വിദേശ മന്ത്രിമാരുടെ 43 ാമത് അസാധാരണ യോഗം ആവശ്യപ്പെട്ടു. റിലീഫ് വസ്തുക്കളും അടിസ്ഥാന വസ്തുക്കളും ഇന്ധനവും മരുന്നും ഭക്ഷ്യവസ്തുക്കളും ഗാസയിൽ പ്രവേശിപ്പിക്കാൻ അനുവദിക്കണം. വൈദ്യുതി, ജലവിതരണം പുനഃസ്ഥാപിക്കണം. സ്വന്തം മണ്ണിൽ ഉറച്ചുനിൽക്കുന്ന ഫലസ്തീനികളെ ഗൾഫ് സഹകരണ കൗൺസിൽ പിന്തുണക്കുന്നു.
ഫലസ്തീനികളെ കുടിയൊഴിപ്പിക്കാനുള്ള ഏതു ശ്രമങ്ങൾക്കെതിരെയും മുന്നറിയിപ്പ് നൽകുകയാണ്. സാധാരണക്കാരെ ലക്ഷ്യമിട്ടുള്ള ആക്രമണങ്ങൾ സംഘർഷത്തിലുള്ള എല്ലാ കക്ഷികളും ഒഴിവാക്കുകയും സാധാരണക്കാർക്ക് സംരക്ഷണം നൽകുകയും വേണം. അന്താരാഷ്ട്ര നിയമങ്ങളും അന്താരാഷ്ട്ര മാനുഷിക നിയമങ്ങളും പൂർണമായും പാലിക്കപ്പെടണം. സ്ത്രീകളും കുട്ടികളും രോഗികളും വൃദ്ധരുമായ നിരപരാധികളായ ബന്ദികളെ വിട്ടയക്കണം. ഫലസ്തീൻ ജനതക്ക് അന്താരാഷ്ട്ര സംരക്ഷണം ഒരുക്കണം. ഗാസയിൽ അടിയന്തര റിലീഫ് പ്രവർത്തനങ്ങൾ സജീവമാക്കാൻ ഗൾഫ് സഹകരണ കൗൺസിൽ ആഗ്രഹിക്കുന്നു. ഗാസയിൽ റിലീഫ് പ്രവർത്തനങ്ങൾക്ക് അടിയന്തര സഹായമെന്നോണം 10 കോടി ഡോളർ നൽകും. ഈ സഹായങ്ങൾ വേഗത്തിൽ ഗാസയിൽ എത്തിക്കാൻ ക്രമീകരണങ്ങളേർപ്പെടുത്തണം.
ഈജിപ്തുമായും ജോർദാനുമായും സഹകരിച്ച് പശ്ചിമേഷ്യൻ സമാധാന പ്രക്രിയ പുനരുജ്ജീവിപ്പിക്കാൻ സൗദി അറേബ്യയും യൂറോപ്യൻ യൂനിയനും അറബ് ലീഗും നടത്തുന്ന ശ്രമങ്ങളെ ഗൾഫ് സഹകരണ കൗൺസിൽ പിന്തുണക്കുന്നു. സ്വയം നിർണയാവകാശത്തിനും 1967 ലെ അതിർത്തിയിൽ കിഴക്കൻ ജറൂസലം തലസ്ഥാനമായി സ്വന്തം രാഷ്ട്രം സ്ഥാപിക്കാനും ഫലസ്തീനികൾക്ക് അവകാശമുണ്ട്. ഇരട്ടത്താപ്പില്ലാതെ ഫലസ്തീൻ പ്രശ്‌നം കൈകാര്യം ചെയ്യാൻ അന്താരാഷ്ട്ര സമൂഹത്തിന് ഉത്തരവാദിത്തമുണ്ട്. ഇസ്രായിൽ ഗവൺമെന്റിന്റെ നിയമ വിരുദ്ധമായ നടപടികളോടും ഗാസയിലെ നിരായുധരായ നിവാസികൾക്കും ഫലസ്തീൻ ജനതക്കുമെതിരായ കൂട്ടശിക്ഷ നയങ്ങളോടും പ്രതികരിക്കാൻ അന്താരാഷ്ട്ര നിയമങ്ങൾക്കനുസൃതമായി ആവശ്യമായ നടപടികൾ അന്താരാഷ്ട്ര സമൂഹം കൈക്കൊള്ളണം.
അറബ്, ഇസ്രായിൽ സംഘർഷവുമായി ബന്ധപ്പെട്ട് മുമ്പ് അംഗീകരിച്ച പ്രമേയങ്ങൾ യു.എൻ രക്ഷാസമിതി നടപ്പാക്കണം. അന്താരാഷ്ട്ര നിയമവും യു.എൻ ചാർട്ടറും ഇസ്രായിൽ പാലിക്കുന്നത് ഉറപ്പാക്കുന്ന പ്രമേയം പാസാക്കണം. ഗാസയിൽ കരയുദ്ധത്തിനുള്ള ഇസ്രായിൽ പദ്ധതികളും ഗാസ നിവാസികളെ കുടിയൊഴിപ്പിക്കാനുള്ള നീക്കങ്ങളും ഒരിക്കലും അംഗീകരിക്കരുതെന്നും ഗൾഫ് സഹകരണ കൗൺസിൽ അന്താരാഷ്ട്ര സമൂഹത്തോട് ആവശ്യപ്പെട്ടു.
ഇസ്രായിൽ ആവർത്തിക്കുന്ന നിയമ ലംഘനങ്ങളെ നിരാകരിക്കുന്ന കാര്യത്തിൽ ഗൾഫ് സഹകരണ കൗൺസിൽ നിലപാടുകൾ ഉറച്ചതാണെന്ന് ജി.സി.സി സെക്രട്ടറി ജനറൽ ജാസിം അൽബുദൈവി പറഞ്ഞു. അന്താരാഷ്ട്ര സമൂഹത്തിന്റെ കൺമുന്നിൽ നിരപരാധികളായ ഫലസ്തീനികൾക്കെതിരെ ഇസ്രായിൽ നടത്തുന്ന ആക്രമണങ്ങളിൽ മൗനം പാലിക്കാൻ കഴിയില്ല. ഗാസയിൽ സാധാരണക്കാർക്കെതിരായ ആക്രമണം ഉടനടി അവസാനിപ്പിക്കാനും അധിനിവിഷ്ട ഫലസ്തീനിൽ ഫലസ്തീൻ ജനതക്ക് സംരക്ഷണം നൽകാനും അന്താരാഷ്ട്ര സമൂഹം സത്വരമായി ഇടപെടണമെന്നും ജി.സി.സി സെക്രട്ടറി ജനറൽ ആവശ്യപ്പെട്ടു.