പൂനെ - വെള്ളിയാഴ്ച ന്യൂസിലാന്റിനെതിരായ മത്സരത്തിനിടെ പരിക്കേറ്റ ക്യാപ്റ്റന്‍ ശാഖിബുല്‍ ഹസന് വിട്ടുനില്‍ക്കേണ്ടി വന്നാല്‍ ഇന്ത്യക്കെതിരായ പോരാട്ടം ബംഗ്ലാദേശിന് കൂടുതല്‍ കടുപ്പമാവും. മത്സരത്തിന് മുമ്പ് ഫിറ്റ്‌നസ് നടത്തിയാവും മുപ്പത്താറുകാരനെ ടീമിലുള്‍പെടുത്തണമോയെന്ന് തീരുമാനിക്കുക. വ്യാഴാഴ്ച ബാറ്റിംഗ് പരിശീലനത്തില്‍ പങ്കെടുത്തെങ്കിലും ശാഖിബിനെ സ്‌കാനിംഗിന് വിധേയനാക്കിയിരിക്കുകയാണ്. ഇന്ന് ബൗള്‍ ചെയ്യിച്ചു നോക്കുക കൂടി ചെയ്‌തേ തീരുമാനമെടുക്കൂ.
മൂന്നു കളികളില്‍ രണ്ടും തോറ്റ് ബംഗ്ലാദേശ് പരുങ്ങുകയാണ്.
കിരീടപ്രതീക്ഷ പുലര്‍ത്തിയ ടീമുകളില്‍ ഇന്ത്യ മാത്രമേ പ്രതീക്ഷക്കൊത്തുയര്‍ന്നുള്ളൂ. ഇംഗ്ലണ്ടിനെ അഫ്ഗാനിസ്ഥാന്‍ അട്ടിമറിച്ചു, ന്യൂസിലാന്റിനോടും നിലവിലെ ചാമ്പ്യന്മാര്‍ തോറ്റു. ഓസ്‌ട്രേലിയ മൂന്നാമത്തെ കളിയിലാണ് ആദ്യ വിജയം നേടിയത്. പാക്കിസ്ഥാന്‍ നിറം മങ്ങി. നന്നായി തുടങ്ങിയ ദക്ഷിണാഫ്രിക്കയെ നെതര്‍ലാന്റ്‌സ് ഞെട്ടിച്ചു.
ഈ ടീമുകള്‍ തമ്മിലുള്ള അവസാന മത്സരം ബംഗ്ലാദേശാണ് ജയിച്ചത്, ഏഷ്യാ കപ്പ് സൂപ്പര്‍ ഫോറില്‍. എന്നാല്‍ ആ കളിക്കു മുമ്പെ ഇന്ത്യ ഫൈനലുറപ്പാക്കിയിരുന്നു. ഇന്ത്യന്‍ ടീമിനെ പ്ലേയിംഗ് ഇലവനിലെ ഏതു കളിക്കാനും ജയിപ്പിക്കാനാവുമെന്ന അവസ്ഥയാണ്. മൂന്നു കളിയിലും കനത്ത പരീക്ഷണം ടീം അതിജീവിച്ചു. ഓസ്‌ട്രേലിയക്കെതിരെ രണ്ട് റണ്‍സെടുക്കുമ്പോഴേക്കും മൂന്നു വിക്കറ്റ് നഷ്ടപ്പെട്ടിരുന്നു. അഫ്ഗാനിസ്ഥാന്‍ ഭേദപ്പെട്ട ലക്ഷ്യം മുന്നോട്ടുവെച്ചു. പാക്കിസ്ഥാന്റെ ബാബര്‍ അസമും മുഹമ്മദ് രിസ്‌വാനും മികച്ച കൂട്ടുകെട്ടിലൂടെ ഇന്ത്യയെ ഭയപ്പെടുത്തി. ഒടുവില്‍ മൂന്നും ഇന്ത്യ ജയിച്ചു.
സാധ്യമായ 30 വിക്കറ്റില്‍ ഇരുപത്തെട്ടും നേടാനായി എന്നത് ഇന്ത്യയുടെ ബൗളിംഗ് ശക്തി വിളിച്ചോതുന്നു. ഇന്ത്യക്ക് നഷ്ടപ്പെട്ടത് ഒമ്പത് വിക്കറ്റ് മാത്രം. ഓപണറും ക്യാപ്റ്റനുമായ രോഹിത് ശര്‍മയുടെ ആക്രമണോത്സുകതയില്‍ എതിര്‍ കളിക്കാര്‍ക്ക് കാലിടറുകയാണ്. പൂനെയില്‍ ബാറ്റിംഗ് പിച്ചാണ് ഇന്ത്യയെ കാത്തിരിക്കുന്നത്.