കറാച്ചി- പാകിസ്ഥാന്റെ ദേശീയ വിമാന കമ്പനിയായ പാകിസ്ഥാന്‍ ഇന്റര്‍നാഷണല്‍ എയര്‍ലൈന്‍സ് (പിഐഎ) ആഭ്യന്തര, അന്തര്‍ദേശീയ റൂട്ടുകളിലായി 50 ലധികം വിമാനങ്ങള്‍ റദ്ദാക്കി. കുടിശ്ശിക അടയ്ക്കാത്തതിനെ തുടര്‍ന്ന് ഇന്ധന വിതരണം നിര്‍ത്തിയതായണ് ഏറ്റവും വലിയ വിമാന കമ്പനിക്ക് വിനയായത്. കുടിശ്ശിക അടച്ചില്ലെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് പിഎസ്ഒ (പാകിസ്ഥാന്‍ സ്റ്റേറ്റ് ഓയില്‍ )വിമാനക്കമ്പനികള്‍ക്ക് ഇന്ധനം നല്‍കുന്നത് നിര്‍ത്തിവെച്ചത്.
ഇന്ധനം കിട്ടാത്തതിനു പുറമെ, ഓപറേഷണല്‍ പ്രശ്‌നങ്ങളും വിമാനങ്ങള്‍ നിര്‍ത്തിവെക്കാനുള്ള മറ്റൊരു കാരണമായി പാകിസ്ഥാന്‍ എയര്‍ലൈന്‍സ് വ്യക്തമാക്കിയതായി റിപ്പോര്‍ട്ടുകളില്‍ പറയുന്നു. ചൊവ്വാഴ്ച 11 അന്താരാഷ്ട്ര വിമാനങ്ങളും 13 ആഭ്യന്തര വിമാനങ്ങളും ഉള്‍പ്പെടെ 24 വിമാനങ്ങളും ബുധനാഴ്ച 16 അന്താരാഷ്ട്ര വിമാനങ്ങളും 8 ആഭ്യന്തര വിമാനങ്ങളും റദ്ദാക്കി. ചില വിമാനങ്ങള്‍ വൈകുകയും ചെയ്തു.
അബുദാബി, ദുബായ്, ഷാര്‍ജ, കുവൈത്ത്, മസ്‌കറ്റ് എന്നിവിടങ്ങളിലേക്കുള്ളതാണ് റദ്ദാക്കിയ രാജ്യാന്തര വിമാനങ്ങള്‍. ഇന്ധനത്തിന്റെ ലഭ്യതക്കുറവും പ്രവര്‍ത്തനപരമായ കാരണങ്ങളുമാണ് റദ്ദാക്കലിനു കാരണമെന്ന് ഡോണിനോട് സംസാരിക്കവെ പി.ഐ.എ വക്താവ് സ്ഥിരീകരിച്ചു.
റദ്ദാക്കിയ ഈ വിമാനങ്ങളില്‍ യാത്ര ചെയ്യേണ്ട യാത്രക്കാരെ ഇതര വിമാനങ്ങളില്‍ അയച്ചിട്ടുണ്ടെന്നും പാകിസ്ഥാന്‍ എയര്‍ലൈന്‍ പറഞ്ഞു. വിമാനത്താവളത്തിലേക്ക് പോകുന്നതിന് മുമ്പ് കസ്റ്റമര്‍ കെയറുമായി ബന്ധപ്പെട്ടോ പി.ഐ.എ ഓഫീസുകള്‍ സന്ദര്‍ശിച്ചോ ട്രാവല്‍ ഏജന്റുമാരുമായി ബന്ധപ്പെട്ടോ ഫ്‌ളൈറ്റ് സ്റ്റാറ്റസ് പരിശോധിക്കാന്‍ എയര്‍ലൈന്‍ യാത്രക്കാരോട് അഭ്യര്‍ത്ഥിച്ചു.