ന്യൂദല്‍ഹി- യമന്‍ പൗരനെ കൊലപ്പെടുത്തിയെന്ന കേസില്‍ വധശിക്ഷ കാത്ത് സനയിലെ ജയിലില്‍ കഴിയുന്ന നിമിഷപ്രിയയുടെ മോചനത്തിന് അവിടേയ്ക്ക് പോകണമെന്ന ആവശ്യവുമായി അമ്മ പ്രേമ കുമാരി ദല്‍ഹി ഹൈക്കോടതിയെ സമീപിച്ചു.
തന്റെ മകള്‍ക്ക് ലഭിച്ച ശിക്ഷയില്‍ ഇളവ് ലഭിക്കാന്‍ ചര്‍ച്ചയ്ക്ക് യമനിലേക്ക് പോകണമെന്ന ആവശ്യമാണ് പ്രേമകുമാരി ഹരജിയില്‍ പറഞ്ഞിരിക്കുന്നത്. അതിനുള്ള സൗകര്യം ഒരുക്കാന്‍ കേന്ദ്ര സര്‍ക്കാറിനോട് നിര്‍ദ്ദേശിക്കണമെന്നാണ് പ്രേമകുരമാരി ഹരജിയില്‍ ആവശ്യപ്പെടുന്നത്.
പ്രേമകുമാരിക്കും സേവ് നിമിഷപ്രിയ ഫോറത്തിന്റെ ഭാരവാഹികള്‍ക്കും യമന്‍ സന്ദര്‍ശിക്കാനുള്ള സൗകര്യമൊരുക്കാന്‍ ഉചിതമായ നടപടികള്‍ സ്വീകരിക്കാന്‍ നേരത്തേ കേന്ദ്ര സര്‍ക്കാരിനോട് ദല്‍ഹി ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. ഇതില്‍ കാര്യമായ പുരോഗതി ഇല്ലാത്തതിനാലാണ് പുതിയ ഹരജി നല്‍കിയത്.
യമന്‍ പൗരന്‍ തലാല്‍ അബ്ദുമഹ്ദി 2017ല്‍ കൊല്ലപ്പെട്ട കേസിലെ വധശിക്ഷയില്‍ ഇളവു നല്‍കണമെന്ന നിമിഷ പ്രിയയുടെ ആവശ്യം യമനി കോടതി തള്ളിയിരുന്നു. ഇതിനെതിരായ സുപ്രീം കോടതിയുടെ പരിഗണനയിലാണ്. എന്നാല്‍, അയാളുടെ വീട്ടുകാര്‍ മാപ്പു നല്‍കിയാലല്ലാതെ അനുകൂല വിധിയുണ്ടാകാന്‍ സാധ്യതയില്ലെന്നാണ് പ്രേമ കുമാരി ഫയല്‍ ചെയ്ത ഹരജിയില്‍ ചൂണ്ടിക്കാട്ടിയിരിക്കുന്നത്.