ന്യൂദല്‍ഹി - ജെ.ആര്‍.എഫ് (ജൂനിയര്‍ റിസര്‍ച് ഫെലോഷിപ്) ഉള്‍പ്പെടെ യു.ജി.സിയുടെ വിവിധ ഫെലോഷിപ്പുകളുടെ തുക വര്‍ധിപ്പിച്ചു. ജെ.ആര്‍.എഫ് മാസം 6000 രൂപ വര്‍ധനയോടെ 37,000 രൂപയാക്കി. സീനിയര്‍ റിസര്‍ച് ഫെലോഷിപ് 7000 രൂപ കൂട്ടി 42,000 ആക്കി.
കഴിഞ്ഞ മാസം 20നു ചേര്‍ന്ന യു.ജി.സി യോഗത്തിലെ തീരുമാനത്തിന് ഇക്കൊല്ലം ജനുവരി 1 മുതല്‍ മുന്‍കാല പ്രാബല്യമുണ്ട്. കേന്ദ്ര ശാസ്ത്രസാങ്കേതിക വകുപ്പിനു (ഡി.എസ്.ടി) കീഴിലുള്ള ജൂനിയര്‍/സീനിയര്‍ റിസര്‍ച് ഫെലോകളുടെ സ്‌റ്റൈപന്‍ഡ് നേരത്തേ കൂട്ടിയിരുന്നു. ഇതോടെ സയന്‍സ്, ഹ്യുമാനിറ്റീസ്, സോഷ്യല്‍ സയന്‍സസ് മേഖലകളിലെ ഗവേഷക വിദ്യാര്‍ഥികള്‍ക്കെല്ലാം ഉയര്‍ന്ന തുക ലഭിക്കും.
അതേസമയം, ഡോ. ഡി.എസ്.കോഠാരി പോസ്റ്റ് ഡോക്ടറല്‍ ഫെലോഷിപ്, വനിതാ, എസ്‌സി/ എസ്ടി ഗവേഷകര്‍ക്കുള്ള ഡോ. എസ്.രാധാകൃഷ്ണന്‍ പോസ്റ്റ് ഡോക്ടറല്‍ ഫെലോഷിപ് എന്നിവയിലെ വര്‍ധന നിലവിലുള്ളവര്‍ക്കു മാത്രമാകും ലഭിക്കുകയെന്നു യു.ജി.സി അറിയിച്ചു.