ന്യൂഡില്‍സ് പാക്കറ്റിനുള്ളില്‍ വച്ച് മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ച യുവതിയെ പിടികൂടി. 1.2 കോടി രൂപ വില വരുന്ന കൊക്കേയിനും അന്‍പതിനായിരം രൂപ വിലവരുന്ന കെറ്റാമിനുമാണ് ന്യൂഡില്‍സ് പാക്കറ്റിലൊളിപ്പിച്ച് കടത്താന്‍ ശ്രമിച്ചത്. 3 പാക്കറ്റുകളിലായാണ് മയക്കുമരുന്ന് സൂക്ഷിച്ചിരുന്നത്. മുംബൈയില്‍ നിന്നും കൊണ്ടുവന്ന മയക്കുമരുന്ന് ബെഗളൂരുവിലെ ഡീലര്‍മാര്‍ക്ക് കൈമാറാന്‍ ശ്രമിക്കുന്നതിനിടെയാണ് യുവതി പിടിയിലായതെന്ന് നാര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഡാര്‍ജിലിംഗ് സ്വദേശിയായ ഗ്രേസ് റോയ് എന്ന യുവതിയാണ് അറസ്റ്റിലായത്. മസാജ് പാര്‍ലര്‍ ജീവനക്കാരിയായ യുവതി 2014 മുതല്‍ ബെംഗളൂരുവിലാണ് താമസം. മുംബൈയില്‍ നിന്നും സെമി സ്ലീപ്പര്‍ ബസിലാണ് യുവതി മയക്കുമരുന്നുമായി എത്തിയത്. മറ്റൊരു പേരിലായിരുന്നു ടിക്കറ്റ് ബുക്ക് ചെയ്തത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് നാര്‍ക്കോട്ടിക്‌സ് വിഭാഗം ബസ് സ്‌റ്റേഷനിലെത്തിയത് . യുവതിയുടെ ബാഗ് പരിശോധിച്ചപ്പോള്‍ പൊട്ടിച്ച ശേഷം വീണ്ടും പാക്ക് ചെയ്ത നിലയില്‍ ന്യൂഡില്‍സ് പാക്കറ്റുകള്‍ കണ്ടെത്തുകയായിരുന്നു. 200 ഗ്രാം കൊക്കേയിനും 100 ഗ്രാം കെറ്റാമിനുമാണ് പാക്കറ്റിനുള്ളില്‍ ഉണ്ടായിരുന്നത്