ന്യൂദല്‍ഹി- വൈദ്യുതി ചാര്‍ജിന്റെ പേരില്‍ അദാനി ഗ്രൂപ്പ് സാധാരണക്കാരില്‍ നിന്നും സ്വന്തമാക്കുന്നത് 12,000 കോടി രൂപയെന്ന് മാധ്യമ റിപ്പോര്‍ട്ടുകളെ അടിസ്ഥാനമാക്കി രാഹുല്‍ ഗാന്ധിയുടെ ആരോപണം. ഫിനാന്‍ഷ്യല്‍ ടൈംസ് നല്‍കിയ വാര്‍ത്തയെ അടിസ്ഥാനമാക്കി ദല്‍ഹി എ. ഐ. സി. സി ആസ്ഥാനത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രധാനമന്ത്രി നരേന്ദ്ര മോഡി ഇക്കാര്യത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ട് അദ്ദേഹത്തിന്റെ വിശ്വാസ്യത തെളിയിക്കണമെന്നും രാഹുല്‍ പറഞ്ഞു. എന്തു കൊണ്ടാണ് പ്രധാനമന്ത്രി ഈ വിഷയത്തില്‍ മൗനം പാലിക്കുന്നതെന്ന് ചോദിച്ച രാഹുല്‍ ഗാന്ധി അദാനിക്കെതിരെ അന്വേഷണം പ്രഖ്യാപിച്ച് വിശ്വാസ്യത തെളിയിക്കൂ എന്നു പറയുന്നതിലൂടെ അദ്ദേഹത്തെ സഹായിക്കുകയാണ് താനെന്നും പറഞ്ഞു.
ഇന്തോനേഷ്യയിയില്‍ നിന്നും ഇറക്കുമതി ചെയ്യുന്ന കല്‍ക്കരിക്ക് ഇരട്ടി വിലയാണ് അദാനി ഇന്ത്യയില്‍ ഈടാക്കുന്നത്. വൈദ്യുതി ചാര്‍ജ് വര്‍ധനയായി സാധാരണക്കാരനിലേക്ക് ഈ അമിത ചാര്‍ജ് എത്തുന്നു. അത്തരത്തില്‍ 12,000 കോടി രൂപയാണ് സാധാരണക്കാരന്റെ പോക്കറ്റില്‍ നിന്ന് അദാനി സ്വന്തമാക്കിയത്. ഇത്തരത്തില്‍ ഒരു വാര്‍ത്ത പുറത്തു വന്നാല്‍ ലോകത്ത് മറ്റേതു രാജ്യത്താണെങ്കിലും സര്‍ക്കാര്‍ താഴെ വീഴും. എന്നാല്‍ ഇന്ത്യയില്‍ യാതൊന്നും സംഭവിക്കുന്നില്ല. അദാനിക്ക് സര്‍ക്കാര്‍ പൂര്‍ണസഹായം ഉറപ്പു വരുത്തിയിട്ടുണ്ട്. ആരാണ് അദ്ദേഹത്തിനു പിറകിലുള്ള ശക്തിയെന്ന് എല്ലാവര്‍ക്കും അറിയാമെന്നും രാഹുല്‍ പറഞ്ഞു.