കോഴിക്കോട് നഗരത്തിനൊരു സവിശേഷതയുണ്ട്. ആരെയും വല്ലാതങ്ങ് സ്‌നേഹിച്ചു കളയും. അതേപോലെ ലാളിച്ചു വളർത്തിയവർ വേർപിരിഞ്ഞാൽ താങ്ങാനാവാത്ത സങ്കടവുമായിരിക്കും. ഇക്കഴിഞ്ഞ വെള്ളിയാഴ്ച നേരം പുലർന്നത് സാമൂഹിക-സാംസ്‌കാരിക രംഗങ്ങളിൽ നിറഞ്ഞു നിന്ന രണ്ടു പ്രമുഖരുടെ വിയോഗ വാർത്തയറിഞ്ഞാണ് -ശോഭീന്ദ്രൻ മാഷും പിവിജിയും. പ്രൊഫ. ടി. ശോഭീന്ദ്രന്റെ മരണ വിവരരറിഞ്ഞ് കക്കോടിയിലെ വീട്ടിലെത്താമെന്ന് കരുതിയതായിരുന്നു. വെള്ളിയാഴ്ച രണ്ടു മണിക്ക് ടൗൺ ഹാളിൽ പൊതുദർശനമുണ്ടെന്ന് സമൂഹ മാധ്യമങ്ങളിൽ കണ്ടു. മാവൂർ റോഡിലെ ഓട്ടോ സ്റ്റാൻഡിൽ നിന്ന് കുറച്ചു പ്രായമുള്ള ഒരാൾ ഓടിക്കുന്ന ഓട്ടോയിൽ ടൗൺ ഹാളിലേക്ക്. അപരിചിതനായ ഓട്ടോ ചേട്ടൻ ഇറങ്ങുമ്പോൾ പറയുകയാണ്- ശോഭീന്ദ്രൻ മാഷെ ബോഡി എത്തിയില്ലായെന്നാണ് തോന്നുന്നത്. പൊക്കുന്നിലെ സാമൂതിരി ഗുരുവായൂരപ്പൻ കോളേജിലെ സാമ്പത്തിക ശാസ്ത്രം പ്രൊഫസറെ അറിയാത്തവർ ഈ നഗരത്തിൽ ചുരുക്കമായിരിക്കും. അടുത്ത സുഹൃത്തുക്കൾക്കിടയിൽ പിവിജി എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന പി.വി. ഗംഗാധരൻ സമ്പന്നനായ വ്യവസായ പ്രമുഖനാണ്. സമ്പന്നതയുടെ പത്രാസ് ഒരിക്കലും പ്രകടിപ്പിക്കാതെ സാധാരണക്കാരുടെ അടുത്ത മിത്രമായി പിവിജിയും നഗരത്തിലെ സുഹൃദ്‌വേദികളിലെ സ്‌നേഹ സാന്നിധ്യമായി.
കോഴിക്കോട്ടെ കലാലയ മുത്തശ്ശിയാണ് ഗുരുവായൂരപ്പൻ കോളേജ്. കോളേജ് സ്ഥാപിച്ചതിന്റെ നൂറ്റിയമ്പതാം വാർഷികമാണ് അടുത്ത വർഷം. 1980 ൽ ഈ കലാലയത്തിൽ ഡിഗ്രി ഇക്കണോമിക്‌സിന് ചേർന്ന കാലം മുതൽ ശോഭീന്ദ്രൻ മാഷെ അറിയാം. കോഴിക്കോട്ടെ ഏറ്റവും ഉയരം കൂടിയ പൊക്കുന്നിലെ കാമ്പസ് നാല് ദശകങ്ങൾപ്പുറം ഒരു മൊട്ടക്കുന്നായിരുന്നു. ഇപ്പോൾ കേരളത്തിലെ മറ്റു കോേളജുകൾക്ക് അസൂയ തോന്നും വിധം ഇത് മാറിക്കഴിഞ്ഞു. വയനാട്ടിലെത്തിയ പ്രതീതി. വനത്തിനകത്താണോ കലാലയമെന്ന ധാരണ സൃഷ്ടിക്കും വിധത്തിൽ ഹരിത ഭംഗിയാണ് എവിടെയും. മരങ്ങൾ ഇടതൂർന്നു വളരുന്നു. ബൊട്ടാണിക്കൽ ഗാർഡൻ പോലെ കോളേജ് പരിസരം സ്വാഭാവികമായി മാറിയതല്ല. അതിന്റെ പിന്നിൽ പ്രവർത്തിച്ചത് ശോഭീന്ദ്രൻ മാഷാണ്. രാഷ്ട്രീയ അതിപ്രസരം വിപത്തായി മാറിയ കാലത്താണ് ശോഭീന്ദ്രൻ മാഷ് കാമ്പസ് റിസർച്ച് സെന്റർ എന്ന ആശയം മുന്നോട്ടു വെച്ചത്. എൻ.എസ്.എസ് ക്യാമ്പുകളിൽ പതിവായി പങ്കെടുക്കാറുള്ള വിദ്യാർഥികളെയും കൂടെ കൂട്ടി.
കാമ്പസ് നിറയെ അത്യാകർഷകമായ ശിൽപങ്ങൾ സ്ഥാപിച്ചതും ശോഭീന്ദ്രൻ മാഷ് മുൻകൈയെടുത്താണ്. സാമൂഹിക പ്രവർത്തനം നടത്തി ജീവിത നിലവാരം ഉയർത്തുന്ന പലർക്കുമിടയിൽ ശോഭീന്ദ്രൻ ഒരപവാദമാണ്. പുതിയ തലമുറകളിൽ പരിസ്ഥിതി-പ്രകൃതി സൗഹൃദ മനോഭാവം വളർത്തിയെടുക്കാൻ മുന്നിട്ടിറങ്ങിയ മാഷുടെ നേട്ടം ശൂന്യമായ പേഴ്‌സും ചുറ്റും കടക്കാരുമെന്നതാണ്. വിവിധ ശിൽപങ്ങളുടെ നിർമാണം നീണ്ടപ്പോൾ മാഷുടെ ശമ്പളവും ആനുകൂല്യങ്ങളുമെല്ലാം ഇതിലേക്ക് വഴി മാറ്റി. പ്രതിമ നിർമാണത്തിന് സാധനങ്ങൾ പലപ്പോഴും കടമായി വാങ്ങാറുള്ള മാങ്കാവ് ഭാഗത്തെ ഷോപ്പുകാരുടെ കണ്ണു വെട്ടിക്കാൻ മാഷുടെ ബൈക്ക് വളഞ്ഞ വഴികളിലൂടെ കിലോ മീറ്ററുകളോളം കൂടുതൽ യാത്ര ചെയ്താണ് നഗരത്തിലെത്തിയിരുന്നത്. കുന്ന് കയറിയെത്തുന്നവരെ സ്വാഗതം ചെയ്യുന്ന പെൺകുട്ടിയുടെ ശിൽപ നിർമാണത്തിനാണ് സമയമേറെയെടുത്തത്. പെൺകുട്ടിയുടെ മടിത്തട്ട് മറ്റൊരു ഓപൺ സ്റ്റേജ്, താഴെ നില പൂർവ വിദ്യാർഥി സംഘടനയുടെ ഓഫീസ് എന്നിവയാണ് മാഷ് വിഭാവനം ചെയ്തിരുന്നത്. കോഴിക്കോടിന്റെ ജീവനാഡിയായ കല്ലായിപ്പുഴ കൈയേറുന്നവർക്കും മലിനീകരിക്കുന്നവർക്കും ശോഭീന്ദ്രൻ മാഷ് പേടിസ്വപ്‌നമായിരുന്നു. വരുന്ന തലമുറകൾക്ക് സുഖകരമായി കഴിയാനും പക്ഷിമൃഗാദികളുടെ ആവാസ വ്യവസ്ഥ സംരക്ഷിക്കാനും അദ്ദേഹം മുന്നിട്ടിറങ്ങി.
ഇതിനിടക്ക് മാഷുടെ സ്റ്റൈലിൽ പല വികൃതികളും ഒപ്പിക്കും. പൊക്കുന്നിൽ ഒരു സായാഹ്നത്തിൽ രണ്ടു യുവാക്കൾ പണിയില്ലാതെ നിൽക്കുന്നത് മാഷിന്റെ ശ്രദ്ധയിൽ പെട്ടു. അവിടെയാണെങ്കിൽ മനുഷ്യർ വീഴാൻ പാകത്തിൽ റോഡിൽ നല്ല ആഴത്തിലുള്ള കുഴിയും. പച്ച ബൈക്കിലെത്തിയ മാഷ് ഇവരുടെ വിവരമറിയാൻ അടുത്തു കൂടി. ജോലി ലഭിക്കാത്തതിൽ സങ്കടം പറഞ്ഞ യുവാക്കളോട് ഈ ജോലി ചെയ്യാൻ മാഷ് നിർദേശിച്ചു. ഒരാളെ കൂടി വേണമെന്ന് പറഞ്ഞപ്പോൾ വഴിയിൽ കണ്ട തമിഴനെയും കൂട്ടി. വൈകുന്നേരം പ്രതിഫലത്തിനായി മൂവർ സംഘം കാണാനെത്തിയപ്പോൾ നിങ്ങൾ ചെയ്തത് സാമൂഹ്യ സേവനം, കോർപറേഷൻ ചെയ്യാൻ വിട്ടുപോയത് നിങ്ങൾ ചെയ്തു. സമൂഹത്തിനായി ചെയ്ത നല്ല കാര്യത്തിൽ ആനന്ദിക്കുക, അതാണ് ഏറ്റവും വലിയ പ്രതിഫലമെന്നായിരുന്നു മറുപടി.
ഇത്രയും തിരക്ക് പിടിച്ച് സാമൂഹിക പ്രവർത്തനം നടത്തുന്ന മാഷുടെ ഇക്കണോമിക്‌സ് ക്ലാസുകളും അതീവ രസകരമാണ്. കാര്യങ്ങൾ മനസ്സിലാക്കിക്കാനുള്ള പ്രത്യേക സിദ്ധി അദ്ദേഹത്തിനുണ്ടായിരുന്നു. ഞങ്ങളുടെ ബാച്ചിന് മാക്രോ ഇക്കണോമിക്‌സ് എന്ന പേപ്പറാണ് ശോഭീന്ദ്രൻ മാഷ് പഠിപ്പിച്ചത്. ആവറേജ് സ്റ്റുഡന്റായിരുന്ന ഈ ലേഖകന് പോലും മാക്രോ ഇക്കണോമിക്‌സിന് അറുപത് ശത്മാനത്തിലേറെ മാർക്ക് ലഭിച്ചുവെന്നത് മാഷുടെ ടീച്ചിംഗ് സ്‌കില്ലിലെ മികവ് ഒന്നുകൊണ്ടു മാത്രമാണ്.
ഗുരുവായൂരപ്പൻ കോളേജ് ഓപൺ സ്റ്റേജിൽ ഇക്കഴിഞ്ഞ തിങ്കളാഴ്ച രാവിലെ പൂർവ വിദ്യാർഥി കൂട്ടായ്മ സംഘടിപ്പിച്ച അനുസ്മരണ ചടങ്ങിൽ ഇപ്പോഴത്തെ പ്രിൻസിപ്പൽ രജനി പറഞ്ഞു: ശോഭീന്ദ്രൻ മാഷുടെ സംഭാവനകളെ കുറിച്ച് കലാലയത്തിലെ പുതിയ തലമുറക്ക് വലിയ ധാരണയൊന്നുമില്ല. കാമ്പസിൽ തങ്ങൾ റീൽ ചിത്രീകരിക്കുന്നതും സെൽഫിയെടുക്കുന്നതുമായ മനോഹര സ്‌പോട്ടുകൾ സ്വാഭാവികമായുണ്ടായതാണെന്നാണ് അവരുടെ ധാരണ. അദ്ദേഹത്തിന്റെ കോൺട്രിബ്യൂഷൻ രേഖപ്പെടുത്താൻ കാമ്പസിൽ മാഷുടെ പ്രതിമ കൂടി സ്ഥാപിക്കണമെന്ന് പൂർവ വിദ്യാർഥി കൂടിയായ നടൻ വിനോദ് കോവൂർ അഭിപ്രായപ്പെട്ടു. ഏകദേശം അര നൂറ്റാണ്ടു കാലം സന്തത സഹചാരിയായ സിനിമ സംവിധായകനും നടനും പൂർവ വിദ്യാർഥിയുമായ ജോയ് മാത്യുവും പല കാലഘട്ടങ്ങളിലെ അനുഭവങ്ങൾ അയവിറക്കി. അതിൽ ഏറ്റവും ഹൃദയസ്പർശിയായത് മരിക്കുന്നതിന് തലേന്ന് രാത്രി കൊച്ചിയിൽ നിന്ന് ഫോണിൽ ബന്ധപ്പെട്ടതാണ്. ചാവേർ സിനിമയുടെ ബോക്‌സ് ഓഫീസ് പ്രതികരണമെങ്ങനെയെന്ന് മാഷ് അന്വേഷിച്ചു. ഈ സിനിമ കോഴിക്കോട്ടെത്തി നമുക്കൊരുമിച്ച് കാണാമെന്ന് ജോയ് മാത്യു പറഞ്ഞപ്പോൾ അത് നടക്കുമോയെന്നതിൽ ശോഭീന്ദ്രൻ മാഷ് സംശയം പ്രകടിപ്പിച്ചു. രാവിലെ കേട്ടത് മരണ വാർത്തയും.
ശോഭീന്ദ്രൻ മാഷുടേതിൽ നിന്നും തികച്ചും വ്യത്യസ്തമാണ് പിവിജിയുടെ പ്രവർത്തന രംഗം. കോഴിക്കോട് നിയമസഭ മണ്ഡലത്തിൽ കോൺഗ്രസിന്റെ സ്ഥാനാർഥിയായി മത്സരിച്ച അദ്ദേഹം വാണിജ്യ, വ്യവസായ രംഗങ്ങളിലെല്ലാം നിറഞ്ഞു നിന്ന വ്യക്തിയാണ്. സൗമ്യതയും സ്‌നേഹവും കൊണ്ട് മനസ്സുകൾ കീഴടക്കിയ പിവിജിയെ യാത്രയയക്കാൻ കേരളത്തിലെ ഇടതുപക്ഷ മന്ത്രിമാരുടെ ശക്തമായ സാന്നിധ്യമാണ് കണ്ടത്. മറ്റു പാർട്ടി നേതാക്കളുമെത്തി.
ഗൃഹലക്ഷ്മി പ്രൊഡക്ഷൻസിന്റെ ബാനറിൽ അദ്ദേഹം നിർമിച്ച സിനിമകൾ മെഗാ ഹിറ്റുകളായിരുന്നു. മമ്മൂട്ടിയെന്ന മഹാനടന്റെ ആദ്യകാല ഹിറ്റുകളിൽ വടക്കൻ വീരഗാഥ മുതൽ പലതും നിർമിച്ചത് പിവിജി. കലാലയ പഠനത്തിന് ശേഷം നഗരത്തിൽ ഒരു പത്രത്തിന്റെ ലേഖകനായെത്തിയപ്പോഴാണ് കെ.ടി.സി ഗ്രൂപ്പ് സാരഥി പിവിജിയുമായി സൗഹൃദമാരംഭിച്ചത്. അദ്ദേഹത്തിന്റെ വലംകൈയായിരുന്ന നടൻ പരേതനായ കെ.ടി.സി അബ്ദുല്ലയാണ് പ്രസ് ക്ലബ് മുഖേന പത്രക്കാരെ വിവിധ പരിപാടികൾക്ക് ക്ഷണിച്ചിരുന്നത്. പിവിജി മലബാർ ചേംബർ പ്രസിഡന്റായിരുന്നപ്പോൾ റിപ്പോർട്ടർമാരെ കരിപ്പൂർ വിമാനത്താവളത്തിലേക്ക് ക്ഷണിക്കാനും കെ.ടി.സി കോയയെന്ന് വിളിപ്പേരുള്ള അബ്ദുല്ലയുടെ ഫോൺ കോളുകളാണെത്തുക. അന്നൊക്കെ പുതിയ മലയാള പടങ്ങളുടെ പ്രിവ്യൂ ഷോ കോഴിക്കോട്ട് നടത്താറുണ്ടായിരുന്നു. പിവിജിയുടെ നിയന്ത്രണത്തിലുള്ള സംഗം, പുഷ്പ, കൽപക തിയേറ്ററുകളിലായിരിക്കും മിക്കവാറും പ്രിവ്യൂ ഷോ. സിനിമ കണ്ടിറങ്ങുന്ന ലേഖകരുടെ ക്ഷേമം അന്വേഷിക്കാനും പിവിജിയുണ്ടാകും. പുതുവത്സരം പിറക്കുമ്പോൾ നഗരത്തിലെ പത്രങ്ങളുടെ ബ്യൂറോ ചീഫുമാരുടെ പേരുകൾ സുവർണ ലിപികളിൽ രേഖപ്പെടുത്തിയ ഡയറി സമ്മാനിക്കുന്നത് പിവിജിയുടെ കെ.ടി.സി ഗ്രൂപ്പായിരിക്കും. 90 കളുടെ മധ്യത്തിൽ പി.വി. ഗംഗാധരന്റെ ആഴ്ചവട്ടത്തെ കേരള കലയിൽ ഒരുക്കിയ ഇഫ്താർ പാർട്ടിയും വിസ്മരിക്കാവുന്നതല്ല. കാണുന്ന മനുഷ്യരോടെല്ലാം സ്‌നേഹം എന്നു പറഞ്ഞ് അഭിവാദ്യം ചെയ്യുന്ന ശോഭീന്ദ്രൻ മാഷുടെയും സദാ പുഞ്ചിരിക്കുന്ന പിവിജിയുടെയും അഭാവം നാട്ടിലെ സാംസ്‌കാരിക രംഗത്ത് വലിയ ശൂന്യതയാണ് സൃഷ്ടിക്കുന്നത്.