ടെൽഅവീവ്- ഗാസയിലെ അൽ അഹ്്‌ലി ആശുപത്രിയിൽ മിസൈലാക്രമണം നടത്തി 500-ലേറെ പേരെ കൊന്നത് മറ്റേതെങ്കിലും സംഘമാകാമെന്ന് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ. ഇസ്രയേലിൽ സന്ദർശനം നടത്തുകയാണ് ബൈഡൻ. ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായി കൂടിക്കാഴ്ച നടത്തിയ ശേഷമായിരുന്നു പ്രതികരണം. ഗാസയിലെ ആക്രമണത്തിൽ തങ്ങൾക്ക് പങ്കില്ലെന്ന നെതന്യാഹുവിന്റെ വാക്കുകളാണ് ബൈഡൻ ആവർത്തിച്ചത്. ഇസ്രയേലിൽ എത്തിയ ബൈഡനെ നെതന്യാഹു വിമാനതാവളത്തിൽ നേരിട്ടെത്തിയാണ് സ്വീകരിച്ചത്. ഹമാസിനെതിരായ യുദ്ധത്തിൽ പിന്തുണ അറിയിച്ച് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനൊപ്പം യുഎസ് പ്രസിഡന്റ് ജോ ബൈഡൻ മാധ്യമങ്ങളെ അഭിസംബോധന ചെയ്തു.
'എനിക്ക് ഇന്ന് ഇവിടെ ഉണ്ടായിരിക്കാൻ ആഗ്രഹമുണ്ട്. ലോകത്തിലെ ജനങ്ങൾ അമേരിക്ക എവിടെയാണെന്ന് അറിയണമെന്ന് ഞാൻ ആഗ്രഹിക്കുന്നുവെന്ന് ബൈഡൻ പറഞ്ഞു. നൂറുകണക്കിന് ആളുകളെ ബന്ദികളാക്കി സ്ത്രീകളെയും കുട്ടികളെയും കഴുത്തറുത്ത് കൊലപ്പെടുത്തുന്ന ഹമാസിന്റെ 'ക്രൂരത'യെയും ബൈഡൻ അപലപിച്ചു.
'അവർ (ഹമാസ്) ഐ.എസിനെ പോലെയുള്ള ക്രൂരതകൾ ചെയ്തു. ഹമാസ് എല്ലാ ഫലസ്തീൻ ജനതയെയും പ്രതിനിധീകരിക്കുന്നില്ല, മാത്രമല്ല അവർക്ക് കഷ്ടപ്പാടുകൾ മാത്രമാണ് ഹമാസ് സമ്മാനിച്ചതെന്നും ഞങ്ങൾ ഓർമ്മിക്കേണ്ടതുണ്ട്,' അദ്ദേഹം കൂട്ടിച്ചേർത്തു.
വലിയ സുരക്ഷാ സന്നാഹങ്ങൾക്കിടയിൽ വിമാനത്തിൽ നിന്ന് ഇറങ്ങിയ ബൈഡൻ, ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെയും പ്രസിഡന്റ് ഐസക് ഹെർസോഗിനെയും ആലിംഗനം ചെയ്തു.