ജബല്‍പൂര്‍ (മധ്യപ്രദേശ്) - ഉറങ്ങാന്‍ അനുവദിച്ചില്ലെന്ന് പറഞ്ഞ് രണ്ട് വയസുകാരിയെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം സോഫയ്ക്കടിയില്‍ ഒളിപ്പിച്ചുവെച്ചു, മധ്യപ്രദേശിലെ ജബല്‍പൂരിലാണ് നടുക്കുന്ന ക്രൂരത അരങ്ങേറിയത്. കുട്ടിയുടെ കരച്ചില്‍ കാരണം ഉറങ്ങാന്‍ കഴിയുന്നില്ലെന്ന് ആരോപിച്ച് രണ്ട് വയസുകാരിയെ അമ്മായി ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. പ്രതിയായ അഫ്്‌സാന എന്ന യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
ഹനുമന്തല്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ രാജീവ് നഗര്‍ പ്രദേശത്ത് തിങ്കളാഴ്ചയാണ് സംഭവം. സക്കില്‍ മന്‍സൂരി എന്നയാളുടെ രണ്ട് വയസ്സുള്ള മകളെ ഉച്ചയോടെ കാണാതായി. മകള്‍ക്കായി തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനാകാതെ വന്നതോടെ പിതാവ് പൊലീസിനെ സമീപിച്ചു. പൊലീസ് പ്രദേശത്ത് സ്ഥാപിച്ചിരുന്ന സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചെങ്കിലും ഒന്നും കണ്ടെത്താനായില്ല. ബന്ധുക്കളുടെ മൊഴി രേഖപ്പെടുത്തിയ പൊലീസ് ഇവരുടെ മൊഴികളില്‍ പൊരുത്തക്കേടുകള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് വീട്ടില്‍ നടത്തിയ പരിശോധനയിലാണ് ഡ്രോയിംഗ് റൂമിലെ സോഫയ്ക്കടിയില്‍ നിന്ന് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. വിശദമായ അന്വേഷണത്തിന് ശേഷം പെണ്‍കുട്ടിയുടെ അമ്മായി അഫ്‌സാനയെ പൊലീസ് കസ്റ്റഡിയിലെടുത്തു.
ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിച്ചതായി അഡീഷണല്‍ പൊലീസ് സൂപ്രണ്ട് പ്രിയങ്ക ശുക്ല പറഞ്ഞു. തിങ്കളാഴ്ച ഉച്ചതിരിഞ്ഞ് പെണ്‍കുട്ടി തന്റെ മുറിയില്‍ വന്നിരുന്നുവെന്ന് കുട്ടിയുടെ അമ്മായി അഫ്‌സാന മൊഴി നല്‍കി. കുട്ടി ശല്യപ്പെടുത്തിയതിനാല്‍ ഇവര്‍ക്ക് ഉറങ്ങാനായില്ല, ഇതേ തുടര്‍ന്ന് കുട്ടിയെ അടിച്ചു. കുട്ടി കരഞ്ഞപ്പോള്‍ മൂക്കും വായും കൈ കൊണ്ട് പൊത്തിപ്പിടിച്ചപ്പോള്‍ കുട്ടി ശ്വാസം മുട്ടി മരിക്കുകയായിരുന്നു. പിടിപ്പിക്കപ്പെടുമെന്ന ഭയം മൂലം മൃതദേഹം സോഫയ്ക്കടിയില്‍ ഒളിപ്പിക്കുകയായിരുന്നുവെന്നും അഫ്‌സാന പോലീസിനോട് പറഞ്ഞു.