ബെയ്‌റൂത്ത്- ഗാസയിലെ ആശുപത്രി കൂട്ടക്കൊലയില്‍ ഇസ്രായിലിനെതിരെ പ്രതിഷേധ ദിനത്തിന് ആഹ്വാനം ചെയ്ത് ലെബനിലെ ഹിസ്ബുല്ല. ബുധനാഴ്ച ശത്രുവിനെതിരെയുള്ള രോഷത്തിന്റെ ദിവസമായിരിക്കട്ടെ- ഹിസ്ബുല്ല പ്രസ്താവനയില്‍ പറഞ്ഞു, തീവ്രമായ രോഷം പ്രകടിപ്പിക്കാന്‍ തെരുവുകളിലേക്കും ചത്വരങ്ങളിലേക്കും നീങ്ങാന്‍ മുസ്‌ലിംകളോടും അറബികളോടും ഹിസ്ബുല്ല ആഹ്വാനം ചെയ്തു.
പ്രതിഷേധത്തില്‍ നൂറുകണക്കിന് പ്രകടനക്കാര്‍ ഫ്രഞ്ച്, യുഎസ് എംബസികള്‍ക്ക് പുറത്ത് തടിച്ചുകൂടി. ഒത്തുകൂടി. ചൊവ്വാഴ്ച രാത്രി ഇസ്രായില്‍ സൈന്യം ആശുപത്രിയില്‍ നടത്തിയ വ്യോമാക്രമണത്തില്‍ ചുരുങ്ങിയത് 200 ലെറെ പേര്‍ മരിച്ചുവെന്നാണ് ഗാസ ആരോഗ്യ മന്ത്രാലയം വെളിപ്പെടുത്തി. 500 പേര്‍ കൊല്ലപ്പെട്ടുവെന്നായിരുന്നു ആദ്യ റിപ്പോര്‍ട്ടുകള്‍.
ബെയ്‌റൂത്തില്‍ യു.എസ് എംബസിക്ക് നേരെ കല്ലെറിഞ്ഞ പ്രതിഷേധക്കാരെ പിരിച്ചുവിടാന്‍ ലെബനന്‍ സുരക്ഷാ സേന കണ്ണീര്‍ വാതകം പ്രയോഗിച്ചു. ഫ്രഞ്ച് എംബസിക്കു പുറത്തും നൂറുകണക്കിനാളുകള്‍ ഒത്തുകൂടി. ഫലസ്തീന്‍ പതാകകള്‍ ഉയര്‍ത്തിയ പ്രതിഷേധക്കാര്‍ എംബസിയുടെ പ്രധാന കവാടത്തിലെക്ക് കല്ലെറിഞ്ഞു.
കാവല്‍ പ്രധാനമന്ത്രി നജീബ് മിക്കാതി ബുധനാഴ്ച ദേശീയ ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്. ആശുപത്രി കൂട്ടക്കൊലയെ അപലപിച്ച് ലെബനനിലെ പലസ്തീന്‍ സംഘടനകള്‍ ബുധനാഴ്ച ബഹുജന റാലികള്‍ക്ക് ആഹ്വാനം ചെയ്തതോടെ തെക്കന്‍ നഗരങ്ങളിലെ ഫലസ്തീന്‍ അഭയാര്‍ത്ഥി ക്യാമ്പുകളും രോഷം പൊട്ടിപ്പുറപ്പെട്ടു.
ലെബനനിലേക്ക് യാത്ര ചെയ്യരുതെന്ന് പൗരന്മാര്‍ക്ക് അമേരിക്ക മുന്നറിയിപ്പ് നല്‍കി. രാജ്യത്തെ പ്രവചനാതീതമായ സുരക്ഷാ സാഹചര്യം കണക്കിലെടുത്ത് അത്യാവശ്യമല്ലാത്ത സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് സ്വദേശത്തേക്ക് മടങ്ങാനും യു.എസ് സ്‌റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് അനുമതി നല്‍കി.