Sorry, you need to enable JavaScript to visit this website.

'സഖാവ്' ഷർട്ടിന് പിന്നാലെ 'ജനാബ്' ഷർട്ടുമായി  ഖാദി ബോർഡ്, പർദക്ക് പേര് 'ജനാബാ'

മലപ്പുറത്ത് ഓണം-ബക്രീദ് ഖാദി മേളയുടെ ജില്ലാതല ഉദ്ഘടനം നിർവഹിച്ച മന്ത്രി കെ.ടി. ജലീൽ സ്റ്റാൾ വീക്ഷിക്കുന്നു. ഖാദി ബോർഡ് വൈസ് ചെയർപേഴ്സൺ ശോഭനാ ജോർജ്, നഗരസഭാ ചെയർപേഴ്സൺ സി.എച്ച് ജമീല, പി. ഉബൈദുള്ള എം.എൽ.എ തുടങ്ങിയവർ സമീപം. 

തിരുവനന്തപുരം- സഖാവ് ഷർട്ടുകളുടെ മാതൃക പിന്തുടർന്നു മലബാറിലുള്ളവരെ ഉദ്ദേശിച്ച് ഖാദി ബോർഡ് 'ജനാബ്' ഷർട്ടുകൾ അവതരിപ്പിക്കുമെന്ന് വൈസ് ചെയർപേഴ്‌സൻ ശോഭന ജോർജ്. ഖാദി ബോർഡിന്റെ പർദക്ക് 'ജനാബാ' എന്ന പേര് നൽകുമെന്നും അവർ വ്യക്തമാക്കി. ആദരണീയൻ എന്നർഥം വരുന്ന ഉറുദു വാക്കാണ് ജനാബ്. അതിന്റെ സ്ത്രീലിംഗമായാണ് ജനാബാ എന്ന പദം ഉപയോഗിക്കുന്നത്. മന്ത്രി കെ.ടി ജലീലാണ് ഈ പേര് നിർദ്ദേശിച്ചതെന്നും  ശോഭന പറഞ്ഞു. 
പരസ്യത്തിൽ ചർക്ക ഉപയോഗിച്ചതിന് നടൻ മോഹൻലാലിനെതിര നിയമ നടപടി സ്വീകരിച്ചു തുടങ്ങിയതായി ശോഭന ജോർജ് പറഞ്ഞു. പ്രമുഖ വസ്ത്ര സ്ഥാപനത്തിനായി ചർക്കയിൽ നൂൽ നൂൽക്കുന്നതായി മോഹൻലാൽ അഭിനയിച്ച പരസ്യം ഉപയോക്താക്കളെ തെറ്റിധരിപ്പിക്കുന്നന്നതാണെന്ന് ആരോപിച്ചാണ് ഖാദി ബോർഡിന്റെ നടപടി. ആദ്യ പടിയായി പരസ്യത്തിൽനിന്ന് പിന്മാറണമെന്ന് ആവശ്യപ്പെട്ട് വക്കീൽ നോട്ടീസ് അയച്ചതായും അവർ വെളിപ്പെടുത്തി. 
മോഹൻലാൽ അഭിനയിച്ച വസ്ത്ര സ്ഥാപനത്തിന്റെ എല്ലാ ഉത്പന്നങ്ങളും പവർ ലൂമിൽ നെയ്യുന്നതാണ്. എന്നാൽ, പരസ്യത്തിൽ ചർക്ക കാണിക്കുന്നത് ജനങ്ങളിൽ തെറ്റിധാരണക്കിടയാക്കും. ഇന്ത്യയിൽ കൈത്തറി ഉപയോഗിക്കുന്നത് ഖാദി മാത്രമാണെന്നും ശോഭനാ ജോർജ് പറഞ്ഞു. 
അതിനിടെ, ഓണം-ബക്രീദ് ഖാദിമേളക്ക് മലപ്പുറം ജില്ലയിൽ തുടക്കമായി. ഓഗസ്റ്റ് ഒന്നു മുതൽ 21 വരെയാണ് മേള നടക്കുന്നത്. മലപ്പുറം കോട്ടപ്പടി ബസ് സ്റ്റാൻഡിൽ നടക്കുന്ന മേളയുടെ ഉദ്ഘാടനം മന്ത്രി കെ.ടി ജലീൽ നിർവഹിച്ചു. ഖാദി വസ്ത്രങ്ങൾക്കു 30 ശതമാനം റിബേറ്റ് മേളയിൽ ലഭിക്കും. സർക്കാർ, അർധസർക്കാർ ജീവനക്കാർക്കു 50,000 രൂപ വരെയുള്ള വസ്ത്രങ്ങൾക്കു വായ്പാ സൗകര്യവും മേളയിൽ ലഭിക്കും. ആയിരം രൂപക്ക് മുകളിൽ സാധനങ്ങൾ വാങ്ങുന്നവർക്കായി നറുക്കെടുപ്പും ഒരുക്കിയിട്ടുണ്ട്. 
നറുക്കെടുപ്പിൽ വിജയിക്കുന്നവർക്കു ഒന്നാം സമ്മാനമായി വാഗൺ ആർ. കാറും രണ്ടാം സമ്മാനമായി അഞ്ചു പവൻ സ്വർണ നാണയവും മൂന്നാം സമ്മാനമായി രണ്ടു പേർക്കു ഒരു പവൻ സ്വർണവും നൽകും. ഖാദിയിൽ നിർമിച്ച പർദകൾ മേളയിൽ ലഭിക്കും. ഖാദി ബോർഡ് ഈ വർഷം പുറത്തിറക്കിയ 'സഖാവ് ' ഷർട്ട് മേളയിൽ ലഭിക്കും. പി. ഉബൈദുള്ള എം.എൽ.എ അധ്യക്ഷത വഹിച്ചു. ഖാദി ബോർഡ് വൈസ് ചെയർപേഴ്സൺ  ശോഭനാജോർജ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി ഉണ്ണികൃഷ്ണൻ, നഗരസഭാ ചെയർപേഴ്സൺ സി.എച്ച് ജമീല, വൈസ്‌ചെയർമാൻ പെരുമ്പള്ളി സെയ്ത്, കൗൺസിലർമാരായ കെ.വി വത്സല, ഒ. സഹേദവൻ, ഖാദി പ്രൊജക്ട് ഓഫീസർ കെ. സിയാവുദീൻ, മാർക്കറ്റിങ്ങ് ഓഫീസർ സി.പി സുജാത എന്നിവർ പങ്കെടുത്തു.

Latest News