ഭര്‍ത്താവ് ശുഐബ് മാലിക്കുമായി വേര്‍പിരിഞ്ഞതായി ഏറെ നാളായി അഭ്യൂഹങ്ങള്‍ പരന്നിരുന്ന സാനിയ മിര്‍സ വീണ്ടും വാര്‍ത്തകളില്‍ ഇടം നേടിയിരിക്കുന്നു. വിവാഹമോചന കിംവദന്തികള്‍ക്കിടയില്‍ നിഗൂഢമായ ഒരു ഉദ്ധരണിയുമാണ് മുന്‍ ടെന്നിസ് താരം ഇന്‍സ്റ്റാഗ്രാം സ്‌റ്റോറി പോസ്റ്റ് ചെയ്തത്. 'ഞാന്‍ സംസാരിക്കുന്നുവെങ്കില്‍, ഞാന്‍ ശ്രദ്ധിക്കുന്നുവെന്നര്‍ഥം, മിണ്ടാതിരിക്കുകയാണെങ്കില്‍ ഞാന്‍ തീര്‍ന്നു' എന്നാണ് സാനിയ എഴുതിയത്.
സാനിയയും ശുഐബും വേര്‍പിരിഞ്ഞ് താമസിക്കുന്നുവെന്നാണ് വിവരം. മകന്‍ ഇസാന്‍ സാനിയക്കൊപ്പമാണ്. അനന്തമായ ഊഹാപോഹങ്ങളും കിംവദന്തികളും ഉണ്ടായിരുന്നിട്ടും, ഇരുവരും തങ്ങളുടെ വേര്‍പിരിയല്‍ സ്ഥിരീകരിച്ചിട്ടില്ല. ഒരു പ്രസ്താവനക്കായി കാത്തിരിക്കുന്ന ദമ്പതികളുടെ ആരാധകര്‍ അവരുടെ ബന്ധത്തെക്കുറിച്ചുള്ള സൂചനകള്‍ മനസ്സിലാക്കാന്‍ സോഷ്യല്‍ മീഡിയയെയാണ് ആശ്രയിക്കുന്നത്.
പുതിയ പോസ്റ്റിലൂടെ വിവാഹമോചനത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങള്‍ക്ക് കൂടുതല്‍ ഇന്ധനം നല്‍കിയിരിക്കുകയാണ് സാനിയ. സാനിയ മിര്‍സയും ശുഐബ് മാലിക്കും 2010ലാണ് വിവാഹിതരായത്. 2018ല്‍ മകന്‍ ഇസാന്‍ പിറന്നു. സാനിയ അടുത്തിടെ ഉദയ്പൂരില്‍ തന്റെ ഉറ്റസുഹൃത്ത് പരിനീതി ചോപ്രയുടെ വിവാഹത്തില്‍ പങ്കെടുത്തിരുന്നു. ശുഐബ് ഇല്ലാതെയാണ് അവര്‍ വിവാഹത്തിന് എത്തിയത്.