ന്യൂദല്‍ഹി- ദല്‍ഹി മദ്യനയ കേസില്‍ മുന്‍ ഉപമുഖ്യമന്ത്രിയും ആംആദ്മി പാര്‍ട്ടി നേതാവുമായ മനീഷ് സിസോദിയയെ അനന്തമായി ജയിലില്‍ വെക്കാന്‍ സാധിക്കില്ലെന്നു സുപ്രീം കോടതി. കേസില്‍ എന്നാണു വിചാരണക്കോടതിയില്‍ വാദം തുടങ്ങുകയെന്ന് എന്‍ഫോഴ്‌സ്‌മെന്റിനും സി.ബി.ഐക്കും വേണ്ടി ഹാജരായ അഡീഷനല്‍ സോളിസിറ്റര്‍ ജനറല്‍ എസ്.വി. രാജുവിനോടു ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, എസ്.വി.എന്‍. ഭാട്ടി എന്നിവര്‍ ചോദിച്ചു.
അനന്തമായി മനീഷ് സിസോദിയയെ ജയിലില്‍ വെക്കാന്‍ കഴിയില്ല. ഒരിക്കല്‍ കുറ്റപത്രം സമര്‍പ്പിച്ചാല്‍ വാദം ഉടന്‍ തന്നെ തുടങ്ങണമെന്നാണ്. വാദം തുടങ്ങുന്നത് എന്നാണെന്ന് നാളെ അറിയിക്കണം- സഞ്ജീവ് ഖന്ന, എസ്.വി.എന്‍. ഭാട്ടി എന്നിവരുടെ ബെഞ്ച് ആവശ്യപ്പെട്ടു. മനീഷ് സിസോദിയയുടെ ജാമ്യാപേക്ഷ പരിഗണിക്കവേയാണു അഡീഷനല്‍ സോളിസിറ്റര്‍ ജനറലിനോടു കോടതി ചോദ്യങ്ങളുയര്‍ത്തിയത്. സി.ബി.ഐയും ഇ.ഡിയും അന്വേഷിക്കുന്ന കേസുകളില്‍ എ.എ.പിക്കെതിരെ പ്രത്യേകം കുറ്റം ചുമത്തുമോയെന്ന കാര്യത്തില്‍ വിശദീകരണം നല്‍കാനും കോടതി അഡീഷനല്‍ സോളിസിറ്റര്‍ ജനറലിനു നിര്‍ദേശം നല്‍കി.