Sorry, you need to enable JavaScript to visit this website.

എങ്ങനെ ആഘോഷിക്കണം; ഇതാ ലോകകപ്പ് പാഠങ്ങൾ

സൗദി അറേബ്യയുടെ സാലിം അൽ ദോസരി
ഗ്രീസ്മാന്റെ ആഘോഷം
സെനഗൽ കളിക്കാർ
പിഴ ക്ഷണിച്ചുവരുത്തിയ ഷർദാൻ ശഖീരിയുടെ ആഘോഷം

ലോകകപ്പിൽ ഗോളടിക്കുകയെന്നത് ഓരോ കളിക്കാരന്റെയും ജന്മാഭിലാഷമാണ്. അതിനായി അവർ അർപ്പിക്കുന്ന കഠിനാധ്വാനം വിവരണാതീതമാണ്. ഗോളടിക്കാൻ മാത്രമല്ല കളിക്കാർ പരിശീലിക്കുന്നത്, എങ്ങനെ ഗോൾ ആഘോഷിക്കണം എന്നു കൂടിയാണ്. ലോകകപ്പിലെ ചില ഗോളുകളെ പോലെ ആരാധകരുടെ മനസ്സിൽ തങ്ങി നിൽക്കുന്ന ഗോളാഘോഷങ്ങളുണ്ട്. മുൻകാലത്ത് ഗോളുകൾ മതിമറന്നാഘോഷിക്കുന്നത് എതിർ കളിക്കാരോടുള്ള അപമര്യാദയായാണ് കണ്ടിരുന്നത്. എന്നാൽ ക്രമേണ ആ നിലപാട് മാറി. റോജർ മില്ലയുടെ കോർണർ ഫഌഗ് ഡാൻസ്, ബെബെറ്റോയുടെ ഊഞ്ഞാലാട്ടം, ജൂലിയസ് അഗഹോവയുടെ കരണം മറിച്ചിൽ, മിഷേൽ ലൗഡ്രപിന്റെ ഫോട്ടോ പോസ്, സെനഗലിന്റെ പാപ ബൂപ ദിയോപിന്റെ ജഴ്‌സി നിലത്തു വിരിച്ചുള്ള നൃത്തം, പട്ടി മൂത്രമൊഴിക്കുന്നതു പോലെയുള്ള നൈജീരിയൻ കളിക്കാരുടെ ആഘോഷം... ആഘോഷങ്ങളുടെ രീതികൾ പലവിധമാണ്. ആഘോഷങ്ങൾ പലപ്പോഴും അപകടങ്ങൾ വിളിച്ചുവരുത്താറുണ്ട്. കുപ്പായമഴിച്ചുള്ള ആഘോഷങ്ങളും കുപ്പായങ്ങൾക്കടിയിൽ രാഷ്ട്രീയ സന്ദേശം എഴുതുന്നതും ശിക്ഷാർഹമാണ്. എന്നാൽ 1994 ലെ ലോകകപ്പിൽ ഡിയേഗൊ മറഡൊണയുടെ ആഘോഷത്തിന് വലിയ വില നൽകേണ്ടി വന്നു. ഗ്രീസിനെതിരെ ഗോളടിച്ച ശേഷം ക്യാമറകൾക്കു നേരെ ഭ്രാന്തമായി മറഡോണ പാഞ്ഞടുത്തു. ഉത്തേജക വിരുദ്ധ ഉദ്യോഗസ്ഥർ അക്കാര്യം കുറിപ്പെഴുതി വെച്ചു. മത്സരശേഷം അവർ മറഡോണയെ പരിശോധിച്ചു. കൊക്കെയ്ൻ അടിച്ചതായി കണ്ടെത്തുകയും മറഡോണയുടെ അത്യുജ്വലമായ ലോകകപ്പ് കരിയറിന് ദാരുണമായ അന്ത്യമാവുകയും ചെയ്തു.
റഷ്യയിലെ ലോകകപ്പിൽ 169 ഗോളുകളാണ് പിറന്നത്. അതിൽ പന്ത്രണ്ടെണ്ണം സെൽഫ് ഗോളുകളാണ്. ഫൈനലിൽ ക്രൊയേഷ്യയുടെ മാരിയൊ മൻസൂകിച് നേടിയതുൾപ്പെടെ. സെൽഫ് ഗോളടിച്ചാൽ തലതാഴ്ത്തിനിൽക്കുകയല്ലാതെ വേറെ ആഘോഷങ്ങളൊന്നും പറ്റില്ലല്ലോ? ഉറുഗ്വായ്‌ക്കെതിരെ ഗോളടിച്ചപ്പോൾ ഫ്രാൻസിന്റെ ആന്റോയ്ൻ ഗ്രീസ്മാനും തലതാഴ്ത്തി നിന്നു. ഫ്രാൻസിനെ പോലെ ഗ്രീസ്മാന് പ്രിയപ്പെട്ട നാടാണ് ഉറുഗ്വായ്. തന്റെ മകളുടെ തലതൊട്ടപ്പനാണ് ഉറുഗ്വായ് നായകൻ ദിയേഗൊ ഗോദീൻ. 

 ഗ്രീസ്മാന്റെ ആഘോഷം


ഇതൊഴിച്ചാൽ പലതരത്തിൽ ആഘോഷങ്ങളുണ്ടായി. അതിൽ ശ്രദ്ധേയമായത് ഗ്രീസ്മാന്റെ ആഘോഷം തന്നെ. കാർട്ടൂൺ കഥാപാത്രത്തിന്റെ രൂപത്തിൽ. റഷ്യയിലെ ലോകകപ്പിനായി ഒരുക്കിയത് പച്ചപ്പുല്ല് പാകിയ ഗ്രൗണ്ടാണ്. അതിനാൽ തന്നെ പച്ചപ്പുല്ലിൽ കാൽമുട്ടിൽ ഇഴഞ്ഞുനീങ്ങുന്ന ആഘോഷത്തിന് ആവശ്യക്കാരേറെയുണ്ടായി. ക്രിസ്റ്റിയാനൊ റൊണാൾഡൊ പോലും തന്റെ പതിവ് സൂപ്പർമാൻ നിൽപിന് പകരം ചിലപ്പോൾ കാൽമുട്ടിൽ തെന്നി നീങ്ങുന്ന ആഘോഷത്തിലേക്ക് ചുവട് മാറ്റി. ഇത്തവണയും ആഘോഷങ്ങൾ ശിക്ഷകൾക്ക് കാരണമായി. സെർബിയക്കെതിരായ ഗോളുകൾ സ്വിറ്റ്‌സർലന്റിന്റെ ഗ്രാനിറ്റ് ഷാക്കയും ഷർദാൻ ശഖീരിയും ആഘോഷിച്ചത് അൽബേനിയൻ പതാകയിലെ പരുന്തിന്റെ രൂപത്തിലാണ്. സെർബിയ-അൽബേനിയ രാഷ്ട്രീയത്തിലെ സങ്കീർണതകൾ വെളിച്ചത്തു കൊണ്ടുവന്നു ആ ആഘോഷം. ഇരുവരും ശിക്ഷിക്കപ്പെടുകയും ചെയ്തു. സ്വീഡനെതിരായ ഗോൾ ജർമൻ ടീം മാനേജ്‌മെന്റ് ആഘോഷിച്ച രീതിയും ശിക്ഷക്ക് കാരണമായി. സ്വീഡന്റെ ബെഞ്ചിന് മുന്നിൽ ചെന്ന് സ്‌പോർ്ട്‌സ്മാൻ സ്പിരിറ്റിനു നിരക്കാത്ത രീതിയിലായിരുന്നു ആഘോഷം. 
ഇത്തവണ ഗോൾ ആഘോഷിച്ച രീതികൾ ഇങ്ങനെയൊക്കെയാണ്: നാവ് പുറത്തു കാട്ടുക, കരണം മറിയുക, കൈ കെട്ടി നിൽക്കുക, നൃത്തം വെക്കുക, ചെവിയോർക്കുന്നതായി കാണിക്കുക, മുഷ്ടി ചുരുട്ടി മുദ്രാവാക്യം വിളിക്കുന്നതു പോലെ കാണിക്കുക, ചാടുകയും അന്തരീക്ഷത്തിൽ കൈ കൊണ്ടിടിക്കുകയും ചെയ്യുക, സഹ കളിക്കാരെ കെട്ടിപ്പിടിക്കുക, ഗോൾ വലയിൽ നിന്ന് പന്തെടുത്ത് ഓടുക, സഹതാരങ്ങൾക്ക് ഹൈ ഫൈവ് നൽകുക, ആലിംഗനം ചെയ്യുക, സ്വന്തം കൈയിൽ മുത്തം വെക്കുക, കാൽമുട്ടിൽ തെന്നി നീങ്ങുക, ഗോളവസരമൊരുക്കിയ ആളെ ചൂണ്ടിക്കാട്ടുക, സൂപ്പർമാൻ ശൈലിയിൽ നിൽക്കുക, ആകാശത്തിലേക്ക് ചൂണ്ടുക.

  സെനഗൽ കളിക്കാർ 


26 ഗോളുകളുടെ ആഘോഷം സഹതാരങ്ങളെ കെട്ടിപ്പിടിച്ചായിരുന്നു. 24 ഗോളുകൾ ആഘോഷിക്കപ്പെട്ടത് ചാടുകയും അന്തരീക്ഷത്തിൽ ഇടിക്കുകയും ചെയ്താണ്. 23 ഗോളുകൾ കാൽമുട്ടുകളിൽ തെന്നി നീങ്ങിയും. കെട്ടിപ്പിടിത്തത്തോട് ഏറ്റവും താൽപര്യം ബെൽജിയം കളിക്കാർക്കാണ്. ്അവരുടെ 16 ഗോളുകളിൽ നാലും ആഘോഷിച്ചത് കളിക്കാരെല്ലാം ആലിംഗനം ചെയ്താണ്. ഇംഗ്ലണ്ട് മൂന്നു ഗോൾ ആഘോഷിച്ചതും ഇതേ രീതിയിലാണ്. ജപ്പാനാണ് ആലിംഗനത്തെ പുതിയ തലത്തിലെത്തിച്ചത്. അവർ മൂന്നു ഗോൾ ആഘോഷിച്ചത് കളിക്കാർ മാത്രമല്ല റിസർവ് താരങ്ങളും ടീം സ്റ്റാഫുമൊക്കെ മൊത്തം ആലിംഗനം ചെയ്താണ്. ഏറ്റവുമധികം കളിക്കാർ ഗോളാഘോഷിക്കാൻ ഓടിയത് ഇടത്തേ കോർണർ ഫഌഗിനു നേരെയാണ് എന്നതാണ് മറ്റൊരു കൗതുകം. മിക്ക കളിക്കാരും വലങ്കാലന്മാരാണെന്നതും അതുകൊണ്ടാണ് അവർ ഇടത്തേക്ക് ഓടുന്നതെന്നുമാണ് ഒരു നിരീക്ഷണം.

 പിഴ ക്ഷണിച്ചുവരുത്തിയ ഷർദാൻ ശഖീരിയുടെ ആഘോഷം


രണ്ടു ഗോളാണ് കരണം മറിച്ചിലിലൂടെ ആഘോഷിക്കപ്പെട്ടത്. അഹഗോവയുടെ നാലഞ്ച് തുടരൻ കരണം മറിച്ചിലിന്റെ അടുത്തൊന്നുമെത്തില്ലെങ്കിലും സൗദി അറേബ്യയുടെ സാലിം അൽദോസരിയുടെയും നൈജീരിയയുടെ വിക്ടർ മോസസിന്റെയും ആഘാഷങ്ങൾ ശ്രദ്ധേയമായി. റോജർ മില്ലയുടെ ആഘോഷമാണ് ലോകകപ്പ് ഗോളാഘോഷങ്ങളുടെ ഓർമയിൽ തങ്ങിനിൽക്കുന്നതെങ്കിലും അതിന് വംശനാശം സംഭവിച്ചു കൊണ്ടിരിക്കുകയാണ്. ഏഴ് തവണ മാത്രമാണ് ഡാൻസ് ചെയ്ത് ആഘോഷിച്ചത്. ഫ്രാൻസ് 3, ഇംഗ്ലണ്ട് 2, കൊളംബിയ രണ്ട്. കുപ്പായമഴിക്കുന്നതിന് മഞ്ഞക്കാർഡുണ്ടെന്നതിനാൽ അധികം കളിക്കാർ അതിന് തയാറായില്ല. എങ്കിലും ശഖീരിയും ക്രൊയേഷ്യയുടെ ദോമഗോയ് വീദയും ഗോളാഘോഷത്തിനിടെ ശിക്ഷയൊക്കെ മറന്ന് കുപ്പായമഴിച്ചു. ബെൽജിയത്തിന്റെ റൊമേലു ലുകാകുവാണ് ഏറ്റവും നന്ദിയുള്ളവൻ. ലുകാകു തന്റെ ഗോളുകളിൽ പകുതിയും ആഘോഷിച്ചത് പന്ത് പാസ് ചെയ്തയാൾക്കു നേരെ കൈ ചൂണ്ടിയാണ്.  

Latest News