Sorry, you need to enable JavaScript to visit this website.

സീറ്റ് കിട്ടിയില്ല, മധ്യപ്രദേശില്‍ കോണ്‍ഗ്രസ് നേതാവ് പാര്‍ട്ടി വിട്ടു

ഭോപാല്‍ - ആദ്യസ്ഥാനാര്‍ഥിപ്പട്ടിക പുറത്തുവിട്ടതിന് തൊട്ടുപിന്നാലെ മധ്യപ്രദേശ് കോണ്‍ഗ്രസില്‍ അടി തുടങ്ങി.
സീറ്റ് കിട്ടാത്തതിനെ തുടര്‍ന്ന് മുതിര്‍ന്ന നേതാവും നാഗോഡ് മണ്ഡലത്തില്‍നിന്നുള്ള മുന്‍ എം.എല്‍.എയുമായ യാദവേന്ദ്രസിങ് പാര്‍ട്ടിയില്‍നിന്ന് രാജിവെച്ചു. മുന്‍ മുഖ്യമന്ത്രിയും പി.സി.സി അധ്യക്ഷനുമായ കമല്‍നാഥിനെ ഒരു പാഠം പഠിപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു. സ്ഥാനാര്‍ഥി പട്ടികയില്‍ പിന്നോക്കവിഭാഗക്കാര്‍ക്ക് അര്‍ഹിക്കുന്ന പ്രാതിനിധ്യം ലഭിച്ചില്ലെന്നാരോപിച്ച് മാധ്യമ വിഭാഗം വൈസ് പ്രസിഡന്റ് അജയ് സിംഗ് യാദവും രാജിവെച്ചു.
എന്നാല്‍, നാലായിരത്തോളം പേരാണ് സംസ്ഥാനത്ത് കോണ്‍ഗ്രസ് ടിക്കറ്റിനായി അപേക്ഷിച്ചിരുന്നതെന്നും അവരില്‍നിന്ന് ഏറ്റവും പ്രഗല്‍ഭരായ 230 പേരെയാണ് സ്ഥാനാര്‍ഥി പട്ടികയില്‍ ഉള്‍പ്പെടുത്തുകയെന്നും കമല്‍നാഥ് പറഞ്ഞു. സീറ്റുകിട്ടാത്തവര്‍ക്ക് നിരാശ സ്വാഭാവികമാണ്. പൊട്ടലും ചീറ്റലുമൊക്കെ പരിഹരിച്ച് ഒറ്റക്കെട്ടായി തിരഞ്ഞെടുപ്പിനെ നേരിടുമെന്നും അദ്ദേഹം പറഞ്ഞു. അവശേഷിക്കുന്ന 86 സീറ്റുകളില്‍ സ്ഥാനാര്‍ഥികളെ രണ്ടുമൂന്നു ദിവസത്തിനുള്ളില്‍ പ്രഖ്യാപിക്കുമെന്നും വ്യക്തമാക്കി.
സീറ്റുകിട്ടാത്തവരില്‍ വലിയൊരു വിഭാഗം പരസ്യ പ്രതിഷേധമുയര്‍ത്തിയത് പ്രശ്‌നമായിട്ടുണ്ട്. രാജിവെച്ച യാദവേന്ദ്രസിംഗ് മായാവതിയുടെ ബി.എസ്.പി.യില്‍ ചേരുമെന്ന് പ്രഖ്യാപിച്ചു. അദ്ദേഹത്തിന് സീറ്റ് ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്ന നഗോഡ് മണ്ഡലത്തില്‍ രശ്മിസിംഗ് പട്ടേലിനെയാണ് കോണ്‍ഗ്രസ് നിര്‍ത്തിയത്.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള ടിക്കറ്റ് ലഭിക്കാത്ത ഒട്ടേറെ നേതാക്കള്‍ തിങ്കളാഴ്ച ഭോപാലില്‍ കമല്‍നാഥിന്റെ വീടിനുപുറത്ത് തടിച്ചുകൂടി. മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാനെതിരേ ബുധ്‌നി മണ്ഡലത്തില്‍ നടന്‍ വിക്രം മസ്തലിനെ മത്സരിപ്പിക്കാനുള്ള പാര്‍ട്ടി തീരുമാനത്തില്‍ ജില്ലയിലെ പ്രമുഖനേതാവ് സന്തോഷ് ശര്‍മ അതൃപ്തി രേഖപ്പെടുത്തി. സംവരണ മണ്ഡലമായ നരിയോലിയില്‍ ടിക്കറ്റ് നിഷേധിക്കപ്പെട്ടതിനെത്തുടര്‍ന്ന് പാര്‍ട്ടിയില്‍നിന്ന് രാജിവെച്ചതായി സാഗറില്‍നിന്നുള്ള കോണ്‍ഗ്രസ് നേതാവ് ശാരദ ഖാതിക് പറഞ്ഞു.

 

Latest News