Sorry, you need to enable JavaScript to visit this website.

പ്രതിഭകള്‍ അണിനിരന്നു, ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ സമ്മാനിച്ചു

ന്യൂദല്‍ഹി - അറുപത്തൊമ്പതാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തു. ദല്‍ഹിയിലെ വിജ്ഞാന്‍ ഭവനില്‍ നടന്ന ചടങ്ങില്‍ രാഷ്ട്രപതി ദ്രൗപതി മുര്‍മുവാണ് പുരസ്‌കാരങ്ങള്‍ സമ്മാനിച്ചത്. ഇന്ത്യന്‍ സിനിമക്ക് നല്‍കിയ സമഗ്ര സംഭാവനക്ക് നടി വഹീദ റഹ്മാന് ദാദാ സാഹേബ് പുരസ്‌കാരം നല്‍കി ആദരിച്ചു. മികച്ച ചിത്രത്തിനുള്ള പുരസ്‌കാരം 'റോക്കട്രി ദ നമ്പി ഇഫക്ടി'ന് വേണ്ടി നിര്‍മാതാവ് വര്‍ഗീസ് മൂലന്‍ പുരസ്‌കാരം ഏറ്റുവാങ്ങി. മികച്ച സംവിധായകനുള്ള പുരസ്‌കാരം 'ഗോദാവരി' എന്ന മറാത്തി ചിത്രത്തിന്റെ സംവിധായകന്‍ നിഖില്‍ മഹാജന് സമ്മാനിച്ചു. മികച്ച നടിക്കുള്ള പുരസ്‌കാരം ആലിയ ഭട്ട്, കൃതി സനോണ്‍ എന്നിവര്‍ ഏറ്റുവാങ്ങി. അല്ലു അര്‍ജുന് മികച്ച നടനുള്ള പുരസ്‌കാരം സമ്മാനിച്ചു.
എട്ട് വിഭാഗങ്ങളിലാണ് മലയാള സിനിമ ദേശീയ പുരസ്‌കാരങ്ങള്‍ സ്വന്തമാക്കിയത്. ഫീച്ചര്‍, നോണ്‍ ഫീച്ചര്‍ വിഭാഗങ്ങളിലായാണ് സമ്മാനം. 'ഹോം' സിനിമയിലെ അഭിനയത്തിന് നടന്‍ ഇന്ദ്രന്‍സ് പ്രത്യേക ജൂറി പുരസ്‌കാരം ഏറ്റുവാങ്ങി. മികച്ച മലയാള ചിത്രമായി തിരഞ്ഞെടുത്ത 'ഹോ'മിന് വേണ്ടി നിര്‍മാതാവ് വിജയ് ബാബു പുരസ്‌കാരം ഏറ്റുവാങ്ങി. 'നായാട്ടി'ന്റെ തിരക്കഥാകൃത്ത് ഷാഹി കബീറിന് മികച്ച തിരക്കഥാകൃത്തിനുള്ള പുരസ്‌കാരം സമ്മാനിച്ചു.
'ചവിട്ട്' എന്ന ചിത്രത്തിന് അരുണ്‍ അശോക്, സോനി കെ.പി എന്നിവര്‍ക്ക് മികച്ച ഓഡിയോഗ്രഫിക്കുള്ള പുരസ്‌കാരം സമ്മാനിച്ചു. മികച്ച പുതുമുഖ സംവിധായകനുള്ള പുരസ്‌കാരം 'മേപ്പടിയാന്‍' എന്ന ചിത്രത്തിന് വിഷ്ണു മോഹന്‍ ഏറ്റുവാങ്ങി. കൃഷാന്ത് സംവിധാനം ചെയ്ത 'ആവാസവ്യൂഹ'ത്തിന് മികച്ച പരിസ്ഥിതി ചിത്രത്തിനുള്ള പുരസ്‌കാരം ലഭിച്ചു. നോണ്‍ ഫീച്ചര്‍ വിഭാഗത്തില്‍ മികച്ച പരിസ്ഥിതി ചിത്രത്തിനുള്ള പുരസ്‌കാരം ആര്‍.ആര്‍ ആദര്‍ശ് സംവിധാനം ചെയ്ത 'മൂന്നാം വളവി'ന് സമ്മാനിച്ചു. മികച്ച ആനിമേഷന്‍ ചിത്രത്തിനുള്ള പുരസ്‌കാരം 'കണ്ടിട്ടുണ്ടോ' എന്ന ചിത്രത്തിന്റെ സംവിധായിക അദിതി കൃഷ്ണദാസിനാണ്.

 

Latest News