സാമ്പത്തിക പ്രതിസന്ധി നേരിടുന്ന കെ.എസ്.ആർ.ടി.സിയെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങളാണ് നടന്നു വരുന്നത്. ഇതിന്റെ ഭാഗമായാണ് വിവിധ എയർപോർട്ടുകളെ ബന്ധിപ്പിച്ചും നഗരങ്ങൾക്കിടയിലും അത്യാധുനിക സൗകര്യങ്ങളുള്ള ബസ് സർവീസുകൾ ഏർപ്പെടുത്തിയത്.
കഴിഞ്ഞ വെക്കേഷനിൽ നാട്ടിൽ നിന്നും മടങ്ങുമ്പോൾ നെടുമ്പാശ്ശേരിയിലേക്ക് പോന്നത് കോഴിക്കോട് നിന്നും വരുന്ന കെ യു ആർ ടി സി, ലോ ഫ്‌ളോർ ബസ്സിൽ എടപ്പാൾ ഡിപ്പോയിൽനിന്ന്. വളരെ സുഖകരമായ യാത്രയായിട്ടാണ് എനിക്ക് തോന്നിയത്. രണ്ടര പതിറ്റാണ്ടിലേറെയായി നാട്ടിലേക്ക് വെക്കേഷനിൽ പോയി തിരിച്ചു വരുന്നതെല്ലാം സ്വന്തമായി വാഹനം ഇല്ലാത്ത കാലത്ത് വാടക വണ്ടിയാണ് വിളിക്കാറ്. കയ്യിൽ ഒരു വാഹനമായപ്പോൾ പിന്നീട് മക്കളാണ് എയർപോർട്ടിൽ എത്തിക്കാറ്. ഇപ്രാവശ്യത്തെ തിരിച്ചു വരവ് അതിനൊരു മാറ്റം നല്ലതാണെന്ന് മനസ്സിലാക്കി ലോ ഫ്‌ളോർ ബസ്സ് ആശ്രയിക്കുകയായിരുന്നു.
നെടുമ്പാശ്ശേരിയിൽ നിന്നും വൈകുന്നേരം 5.45 ന് ജിദ്ദയിലേക്ക് പുറപ്പെടുന്ന എയർഇന്ത്യക്ക് എയർപോർട്ടിൽ മൂന്ന് മണിക്കെങ്കിലും എത്തിച്ചേരൽ അത്യാവശ്യമാണെന്ന് യാത്ര ചെയ്യുന്ന പ്രവാസികൾക്ക് അറിയാവുന്നതാണ്. വീട്ടിൽ നിന്നും തൊണ്ണൂറ് കിലോമീറ്റർ അകലെ ഉള്ള നെടുമ്പാശ്ശേരിയിലേക്ക്, വാഹനവുമായി പോരുകയാണെങ്കിൽ രണ്ടര മണിക്കൂർ റണ്ണിങ് കണക്ക് കൂട്ടി പന്ത്രണ്ടര മണിക്കെങ്കിലും വീട്ടിൽ നിന്നിറങ്ങണം. റോഡിൽ തിരക്ക് കുറവാണെങ്കിൽ രണ്ട് മണിക്കൂർ കൊണ്ട് നെടുമ്പാശ്ശേരി എത്തിച്ചേരും. മഴയുള്ള സമയമാണെങ്കിൽ വീണ്ടും അര മണിക്കൂർ നേരത്തെ ഇറങ്ങണം. വിമാനത്താവളത്തിൽ യാത്രയാക്കാനെത്തിയവർ വീട്ടിൽ തിരിച്ചെത്തിയോ എന്നത് ഓരോ പ്രവാസിയ്ക്കും ആശങ്ക സൃഷ്ടിക്കുന്ന കാര്യമാണ്. ടെൻഷൻ ഒഴിവാക്കാൻ ഏറ്റവും നല്ലത് ലോ ഫ്‌ളോർ ബസ്സ് തന്നെയാണ് നല്ലതെന്ന് ഈ യാത്രയിൽ മനസ്സിലായി.
ഇവിടെ മറ്റുള്ള ഒന്ന് രണ്ട് കാര്യങ്ങൾ കൂടി ലാഭിക്കാം എന്നതും തീർച്ച. സ്വന്തമായുള്ള വാഹനത്തിലാണ് ഇത്രയും ദൂരം പോരുന്നതെങ്കിൽ ചുരുങ്ങിയത് ഡീസൽ ചിലവും, വഴി ചിലവും കൂടി നല്ലൊരു സംഖ്യ ചെലവ് വരും. വാഹനം വാടകക്ക് വിളിക്കുകയാണെങ്കിലോ അതിനിരട്ടിയാവും. അതേ സമയം ലോ ഫ്‌ളോർ ബസ്സിന് എടപ്പാളിൽ നിന്നും ബുക്ക് ചെയ്താൽ ബുക്കിങ് ചാർജ്ജടക്കം നാനൂറ് രൂപ കൊണ്ട് നെടുമ്പാശ്ശേരിയിൽ എത്തിച്ചേരാം. ചെറിയ ഒന്ന് രണ്ട് ബുദ്ധിമുട്ടുകൾ ഇല്ലാതില്ല എന്ന് പറയാതിരിക്കാൻ വയ്യ. ഒന്ന്, സാധാരണ വീട്ടിൽ നിന്നിറങ്ങുന്നതിലും ഒന്നര രണ്ട് മണിക്കൂർ നേരത്തെ ഇറങ്ങണം, രണ്ട്, കൂടുതൽ ലെഗേജ് ഉണ്ടെങ്കിൽ അതിനൊരു ചെറിയ ഫീസ് ഈടാക്കും, ഇത്ര മാത്രമേ ഒരു ബുദ്ധിമുട്ടായുള്ളൂ, ഇത് രണ്ടും തിരിച്ചു പോരുന്നവർക്ക് ഒരു ബുദ്ധിമുട്ടാവണമെന്നില്ല.
എട്ട് മണിക്ക് കോഴിക്കോട് നിന്ന് പുറപ്പെടുന്ന ബസ്സ് എടപ്പാൾ ഡിപ്പോയിൽ പതിനൊന്നിന് എത്തും എന്നാണ് പറഞ്ഞത്, പക്ഷെ നമ്മുടെ നാട്ടിലെ ഇപ്പോഴത്തെ റോഡിന്റെയും, ടൗണുകളിലെ തിരക്കും അറിയുന്നത് കൊണ്ട് കുറച്ചു കൂടി വൈകിയാവും എത്തുക എന്ന് തന്നെ കരുതിയിരിക്കാം. ബസ്സ് എടപ്പാൾ ഡിപ്പോയിൽ എത്തിയത് പതിനൊന്നരയ്ക്ക്. ബസിൽ കയറിയ ഉടനെ ബുക്ക് ചെയ്ത് വെച്ച സീറ്റ് കാലിയായി കിടക്കുന്നു. കണ്ടക്ടർ ടിക്കറ്റ് പരിശോധിച്ച് ലഗ്ഗേജ് വെക്കേണ്ട സ്ഥാനവും, സീറ്റ് നമ്പറും കാണിച്ചുതന്നു. സീറ്റിൽ പോയിരുന്നപ്പോൾ നല്ല സൗകര്യമാണ് തോന്നിയത്. മുന്നിലെ സീറ്റിന്റെ അകലം കാൽമുട്ട് തട്ടാതെ ഇരിക്കാൻ കഴിഞ്ഞു. കൂടെ അതേ ബസ്സിൽ രണ്ട് പേർ കൂടി കയറി. ബസ്സിൽ നിന്നും പരിചയപ്പെട്ടവരിൽ കൂടുതൽ പേരും ജിദ്ദയിലേക്കുള്ള എയർ ഇന്ത്യക്കും, ചിലരൊക്കെ മറ്റ് ജി സി സി യിലേക്കും ഉള്ളവരാണെന്ന് മനസ്സിലായി. വഴിയിലെ തിരക്കും മഴയും കാരണം ഒരു മണിക്ക് തൃശൂർ എത്തേണ്ട ബസ് രണ്ട് മണിയായി. സ്റ്റാൻഡിൽ കയറിയ ബസ് നിർത്തിയ ഉടനെ കണ്ടക്ടർ എല്ലാവർക്കും നിർദേശം നൽകി. പത്ത് മിനിറ്റേ ഉള്ളൂ, അതിനുള്ളിൽ ഫുഡ് കഴിക്കേണ്ടവർക്ക് കഴിക്കാം, സമയം ഒരു പാട് വൈകി, എല്ലാവരും പെട്ടെന്ന് വരണം. വൈകിയാൽ നിങ്ങൾക്ക് നിങ്ങളുടെ ഫ്‌ളൈറ്റ് തന്നെ നഷ്ടപ്പെടും. അദ്ദേഹം ഇത്രയും പറഞ്ഞതും, ഭക്ഷണം കഴിക്കേണ്ടവർ പെട്ടെന്ന് തന്നെ പോയി ഭക്ഷണം കഴിച്ചു പോന്നു. പത്ത് മിനിറ്റ് എന്ന് പറഞ്ഞെങ്കിലും പതിനഞ്ചു മിനിറ്റ് കഴിഞ്ഞാണ് സ്റ്റാൻഡിൽ നിന്നും ബസ് പുറകിലോട്ട് എടുത്തത്. കുറച്ചു മാറ്റി നിർത്തി, കാരണം മൂന്ന് പേർ കൂടി എത്താനുണ്ട്. ഒരാൾ എനിക്ക് തൊട്ടടുത്ത് ഇരുന്നിരുന്ന ആളായിരുന്നു. കണ്ടക്ടർ കാലിയായ മൂന്ന് സീറ്റ് നമ്പറും നോക്കി അവരുടെ മൊബൈലിലേക്ക് മാറി മാറി വിളിച്ചു. മൂന്ന് പേരും ഒരുമിച്ചു തന്നെയാണ്. ബസിലുള്ള യാത്രക്കാർ തിരക്ക് കൂട്ടാൻ തുടങ്ങി. നാല് മണിക്ക് യു എ ഇ യിലേക്ക് പോവേണ്ട ഇൻഡിക്ക ഫ്‌ളൈറ്റിനുള്ള യാത്രക്കാർ അടക്കം ഈ ബസിൽ ഉണ്ട്. പതിനഞ്ചു മിനിട്ടുള്ളത് അര മണിക്കൂർ ആയി. പലരും അവരെ ഇനി കാത്ത് നിൽക്കാതെ പോവാം എന്നും പറഞ്ഞു ദേഷ്യപ്പെടാൻ തുടങ്ങി. കണ്ടക്ടർ വീണ്ടും മാറി മാറി വിളിച്ചു. അപ്പോൾ സ്റ്റാൻഡിൽ അവർ നിർത്തിയ സ്ഥലത്ത് ബസ് തിരയുന്നത് കണ്ടു. കണ്ടക്ടർ തന്നെ ഓടിച്ചെന്ന് വിളിച്ചു കൊണ്ടു വന്നു. ബസിൽ അവർ കയറിയ ഉടനെ എല്ലാവരും ഈ മൂന്ന് പേർക്ക് നേരെ തിരിഞ്ഞു. മൂന്ന് പേരോടും കൂടി കണ്ടക്ടർ വീണ്ടും പറഞ്ഞു. നിങ്ങൾ കാരണം ഒരു പാട് യാത്രക്കാർക്കാണ് ബുദ്ധിമുട്ടായത്. നാല് മണിക്ക് പോവേണ്ട യാത്രക്കാർക്ക് ഫ്‌ളൈറ്റ് കിട്ടിയില്ലെങ്കിൽ, അതിനുള്ള പ്രതിവിധി നിങ്ങൾക്ക് കാണാൻ കഴിയുമോ? മറ്റു യാത്രക്കാരുടെ ദേഷ്യപ്പെടൽ കൂടി കണ്ടപ്പോൾ ഡ്രൈവറും ഇടപെട്ടു. ഇനിയും വൈകേണ്ടെന്ന് കരുതി രംഗം വഷളാക്കാതെ ബസ് സ്റ്റാൻഡ് വിട്ടു. ഡ്രൈവർക്ക് കിട്ടാവുന്ന വേഗതയിൽ നെടുമ്പാശ്ശേരി എത്തുന്നതിന്റെ മുന്നെ കയറേണ്ട മൂന്ന് സ്റ്റാൻഡിലും കയറി. മൂന്നേ പത്തോട് കൂടി എയർപോർട്ടിൽ എത്തി. ഫ്‌ളൈറ്റ് മിസ്സാവാതിരിക്കാൻ സ്പീഡിൽ യാത്രക്കാർ ഇറങ്ങി ലഗേജും കൊണ്ട് എയർപോർട്ടിലേക്ക് ഓടി. അവർക്ക് ആ ഫ്‌ളൈറ്റ് കിട്ടിക്കാണും എന്ന് കരുതാം. ഞങ്ങൾക്ക് ഇനിയും രണ്ടര മണിക്കൂർ ഉള്ളത് കൊണ്ട് സാവകാശം വന്ന് കൗണ്ടറിൽ ക്യൂനിന്ന് എമിഗ്രേഷനെല്ലാം കഴിഞ്ഞു കുറച്ചു നേരം ഇരുന്ന് പോരാൻ കഴിഞ്ഞു. അത് കൊണ്ടൊരു ബുദ്ധിമുട്ടും തോന്നിയില്ല. അതെസമയം, എത്താൻ വൈകിയവരുടെ സ്ഥിതിയും, അവർക്കുണ്ടായ ബുദ്ധിമുട്ടും ഒന്നാലോചിച്ചാൽ ചിലപ്പോൾ അടുത്ത പ്രാവശ്യം ലോ ഫ്‌ളോർ ബസിൽ അവർ യാത്ര ചെയ്‌തോളണമെന്നില്ല.
ഗൾഫിൽനിന്നും നാട്ടിലേക്ക് പോവുമ്പോൾ, കിട്ടിയ ബസിന് നമ്മുടെ നാടിന് അടുത്തെത്താവുന്ന സ്ഥലത്ത് എത്തിച്ചേരാം. സമയം വൈകിയാലും പ്രശ്‌നമില്ല. തിരിച്ചു പോരുമ്പോൾ നമ്മൾ കണക്ക് കൂട്ടേണ്ടത് നമ്മൾ ബുക്ക് ചെയ്യുന്ന, അല്ലെങ്കിൽ യാത്ര ചെയ്യാൻ ആഗ്രഹിക്കുന്ന ബസിന് പോയാൽ രണ്ട് മണിക്കൂറെങ്കിലും മുന്നെ എത്താൻ കഴിയുമോ എന്ന് നോക്കിയിട്ട് വേണം യാത്ര ചെയ്യേണ്ടത്. അതും സമയത്തിൽ ഒരു മണിക്കൂർ എങ്കിലും കൂടുതൽ സമയം വരും എന്ന മട്ടിൽ വേണം കണക്ക് കൂട്ടാൻ. പിന്നെ യാത്ര ചെയ്യുന്നവർ ഇതൊരു ടൂറിസ്റ്റ് ബസ് ആണെന്ന നിലക്ക് മറ്റുള്ളവരെ ബുദ്ധിമുട്ടിക്കാത്ത രീതിയിൽ യാത്ര ചെയ്യണം. ഇങ്ങനെ രണ്ട് കാര്യങ്ങൾക്കും കഴിയാത്തവർ, ലോ ഫ്‌ളോർ ബസിന് യാത്ര ചെയ്യാതിരിക്കുന്നതാവും നല്ലത്.
കാര്യങ്ങളെന്തായാലും യാത്രാ അനുഭവം ഏവർക്കും ഇഷ്ടപ്പെടും. ഗൾഫിന്റെ ഇപ്പോഴത്തെ അവസ്ഥ നോക്കി കൂടുതൽ പേരും ചിലവ് കുറഞ്ഞ യാത്രയാവും ആഗ്രഹിക്കുക. കോഴിക്കോട് എയർപോർട്ടിൽ അടുത്ത മാസം മുതൽ വലിയ ഫ്‌ളൈറ്റുകൾ ഇറങ്ങുന്നുണ്ടെന്ന് പറയുന്നു. അത് കൊണ്ട് ചിലപ്പോൾ ഈ ബസുകൾ തുടർ യാത്ര എത്രമാത്രം ഉണ്ടാവുമെന്ന് സർക്കാരിന് മാത്രമേ അറിയൂ. ഒന്നുറപ്പാണ്. ലോ ഫ്‌ളോർ ബസ് കൊണ്ട് നല്ലൊരു വരുമാനം സർക്കാരിന് ഉണ്ട്.