ഇന്നലെ കണ്ടതല്ല ഇന്ന് കാണുന്നത്. ഈ വഴിക്ക് നാളെ വന്നാലോ? ഇന്ന് കണ്ടതിനേക്കാൾ ഒരുപാട് മാറ്റങ്ങൾ! വിസ്മയിപ്പിക്കുന്ന പുതിയ പുതിയ കാഴ്ചകൾ! ഇതാണ് പൊതുവെ ഗൾഫ് നാടുകളുടെ അവസ്ഥ. പ്രത്യേകിച്ച് ദുബായ്. മുപ്പത് വർഷത്തിനു ശേഷം ദുബായിലേക്കു വരുന്നയാളുടെ അനുഭവം ഒന്നു വേറെത്തന്നെയാവും. പുതിയ എത്രയെത്ര റോഡുകൾ! എക്‌സിറ്റുകൾ! പാലങ്ങൾ! ഓരോന്നിനും പ്രത്യേകം നമ്പറുകൾ. ഒരക്കം തെറ്റിയാൽ ലക്ഷ്യസ്ഥാനത്ത് എത്താൻ വീണ്ടുമേറെ നേരം ചുറ്റിത്തിരിയേണ്ടി വരും.
ട്രാക്ക് പോലും തെറ്റിക്കൂടാ. അഥവാ, തിരിയേണ്ട സ്ഥലം പെട്ടെന്നു മുന്നിൽ കണ്ട് തിരിഞ്ഞാലോ, പെട്ടത് തന്നെ. മുൻകൂട്ടി സിഗ്‌നൽ ഇട്ടുകൊണ്ടേ ട്രാക്ക് മാറാൻ പോലും പാടുള്ളൂ. അല്ലെങ്കിൽ നല്ലൊരു തുക പിഴയടയ്‌ക്കേണ്ടി വരും. മാത്രവുമല്ല, പോലീസ് തൊട്ടടുത്തുണ്ടെങ്കിൽ പിന്നെയും പൊല്ലാപ്പ്!
ദുബായിയുടെ വളർച്ചയിലുള്ള കുതിപ്പ് കെട്ടിടങ്ങളുടെയും റോഡുകളുടെയും കാര്യത്തിലും പ്രകടമാണ്. ദുബായ് മാൾ, ബുർജ് ഖലീഫ, മ്യൂസിയം ഓഫ് ഫ്യൂച്ചർ, ഇൻഫിനിറ്റി ബ്രിഡ്ജ്...എന്നിങ്ങനെ ഓരോ അടയാളപ്പെടുത്തലിലും ഏത് സമയത്തും പല നാടുകളിൽ നിന്നെത്തിയ സന്ദർശകരുടെ തിരക്ക്.
എന്നാൽ മാറ്റങ്ങളുടെയും വിസ്മയ കാഴ്ചകളുടെയും നെറുകയിലിരിക്കുന്ന ദുബായിൽ പതിറ്റാണ്ടുകൾക്കു മുമ്പ് ആരംഭിച്ച അതേ ഫ്രെയിമിൽ അതേ രീതിയിൽ ഒരിടം കണ്ടു; പേരുകേട്ട ദുബായിലെ അബ്ര. അറബിയിലെ എബ്‌റ (മുറിച്ചുകടക്കുന്നത്, മറുകരയെത്തൽ, കുറുകെ കടക്കൽ) പിന്നീട് അബ്രയായി മാറിയതാണ്. ദുബായ് നഗരത്തെ രണ്ടായി വിഭജിക്കുന്ന ക്രീക്കിനടിയിലൂടെ റോഡും മുകളിലൂടെ ഇൻഫിനിറ്റി ബ്രിഡ്ജും വന്നു. എന്നിട്ടും ഇതിനെല്ലാം മുമ്പേയുള്ള അബ്ര യാത്ര ഇന്നും യാതൊരു മാറ്റവുമില്ലാതെ തുടരുന്നു. ചെലവു കുറഞ്ഞതും രസകരവുമായ ഈ ജലയാത്രക്ക് ഇന്നും തിരക്കാണ്; ജോലിക്ക് പോകുന്നവരും സന്ദർശകരും അങ്ങനെയങ്ങനെ.
ബർ ദുബായിൽനിന്ന് ദേരയിലേക്കൊരു അബ്ര യാത്ര നടത്തി. കുടുംബസമേതം. മുപ്പത് വർഷം മുമ്പത്തെ അതേ യാത്ര. ഒരു മാറ്റവുമില്ല. പൈതൃകമെന്നോണം ആരംഭിച്ച കാലത്തെ അതേ രീതിയിൽ ഈ ജലയാത്രയെ നിലനിർത്തുകയാണ് ദുബായ്. കടത്തുകൂലിയിൽ പോലും മാറ്റമില്ല.
ഒരാൾക്ക് പണ്ടേയുള്ള ഒരു ദിർഹം തന്നെയാണിപ്പോഴും ഇവിടത്തെ കടത്തുകൂലി. അബ്ര കടന്ന്, മക്കാനിയിൽനിന്ന് ചായയും പഴംപൊരിയും കഴിച്ച് മടക്കയാത്ര. എന്തൊരനുഭൂതി.
ബോട്ടിന്റെ ആകൃതിയിലുള്ളതാണ് അബ്ര. പക്ഷേ, നടുവിലൊരു കുഴിയുണ്ട്. ഈ കുഴിയിൽ ഇറങ്ങി നിൽക്കുന്നയാളാണ് അബ്ര നിയന്ത്രിക്കുന്നത്, കുഞ്ഞു കപ്പലിന്റെ കപ്പിത്താൻ.
അബ്രയുടെ വളയം പിടിക്കുന്നവരിൽ മലയാളികളുമുണ്ട്. കുഴിക്കു ചുറ്റുമാണ് ഇരിപ്പിടം. ഒരേ സമയം ഇരുപതു പേർക്ക് വരെ യാത്ര ചെയ്യാം. വികസനത്തിന്റെ നേർക്കാഴ്ചയായി ലോകത്തിനു മാതൃകയായ ദുബായിൽ പഴമയുടെയും പൈതൃകത്തിന്റെയും പ്രൗഢിയായി അബ്രയെ രാജ്യം ഇന്നും നിലനിർത്തുന്നു; മാറ്റത്തിന്റെ നെറുകയിൽ തെല്ലും മാറ്റമില്ലാതെ...