ചെന്നൈ-സനാതന ധര്‍മ്മ വിരുദ്ധ പരാമര്‍ശം നടത്തിയ ഉദയനിധി സ്റ്റാലിന് മന്ത്രിസ്ഥാനത്തു തുടരാന്‍ അര്‍ഹതയില്ലെന്ന ഹരജയില്‍ മന്ത്രി കോടതിയില്‍ മറുപടി നല്‍കി.
ഹരജി പ്രത്യയശാസ്ത്രപരമായ ഭിന്നത മൂലമാണെന്നും ഹരജിക്കാരന്‍ ഹിന്ദു വലതുപക്ഷ സംഘടനയില്‍ പെട്ടയാളാണെന്നും ഡി.എം.കെ നേതാവും തമിഴ്‌നാട് മന്ത്രിയുമായ ഉദയനിധി സ്റ്റാലിന്‍ മദ്രാസ് ഹൈക്കോടതിയെ അറിയിച്ചു.
മതം ആചരിക്കാനും പ്രചരിപ്പിക്കാനുമുള്ള അവകാശം ഉറപ്പുനല്‍കുന്ന ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 25 നിരീശ്വരവാദം ആചരിക്കാനും പ്രചരിപ്പിക്കാനും കൂടി ജനങ്ങള്‍ക്ക് അവകാശം നല്‍കുന്നുണ്ടെന്നും ഉദയനിധിയെ പ്രതിനിധീകരിച്ച് മുതിര്‍ന്ന അഭിഭാഷകന്‍ പി വില്‍സണ്‍ പറഞ്ഞു.
ആര്‍ട്ടിക്കിള്‍ 25 മന്ത്രിയുടെ പ്രസംഗത്തെ വ്യക്തമായി സംരക്ഷിക്കുന്നതാണെന്ന് വില്‍സണ്‍ തിങ്കളാഴ്ച ജസ്റ്റിസ് അനിതാ സുമന്ത് മുമ്പാകെ സമര്‍പ്പിച്ച മറുപടിയില്‍ പറയുന്നു. ഉദയനിധിയുടെ പദവിയെ വെല്ലുവിളിച്ച് വലതുപക്ഷ സംഘടനയായ ഹിന്ദു മുന്നണിയാണ് ക്വാ വാറന്റോ ഫയല്‍ ചെയ്തത്. കഴിഞ്ഞ മാസം നടന്ന ഒരു പരിപാടിയിലാണ് സനാതന ധര്‍മ്മത്തിനെതിരെ മന്ത്രി തന്റെ നിലപാട് വ്യക്തമാക്കിയത്.
ഡിഎംകെയുടേത് തങ്ങളുടെ പ്രത്യയശാസ്ത്രത്തിന് വിരുദ്ധമായതിനാലും ദ്രാവിഡ പ്രത്യയശാസ്ത്രം ആത്മാഭിമാനം, സമത്വം, യുക്തിസഹമായ ചിന്ത, സാഹോദര്യം എന്നിവയെക്കുറിച്ച് സംസാരിക്കുന്നതിനാലും എതിര്‍ വിഭാഗം ജാതിയുടെ അടിസ്ഥാനത്തിലുളഅള വിഭജനത്തെക്കുറിച്ചാണ് സംസാരിക്കുന്നതെന്നും സത്യവാങ്മൂലത്തില്‍ ചൂണ്ടിക്കാട്ടി. ഇക്കാരണത്തിലാണ് ഹരജിക്കാര്‍ ഈ കേസ് ഫയല്‍ ചെയ്തതെന്ന് വില്‍സണ്‍ കൂട്ടിച്ചേര്‍ത്തു.
കേസ് കൂടുതല്‍ വാദം കേള്‍ക്കുന്നതിനായി ഈ മാസം 31-ലേക്ക് മാറ്റി. ഉദയനിധി പരാമര്‍ശം നടത്തിയതായി ആരോപിക്കപ്പെടുന്ന പരിപാടിയുടെ ക്ഷണക്കത്തും യോഗത്തില്‍ പങ്കെടുത്തവരുടെ പട്ടികയും ഹാജരാക്കാന്‍ ഹരജിക്കാരോട് ആവശ്യപ്പെട്ടു.