ന്യൂഡൽഹി - തനിക്കെതിരായ വനിതാ ഗുസ്തി താരങ്ങളുടെ ലൈംഗികാരോപണത്തിൽ കഴമ്പില്ലെന്ന് ബി.ജെ.പി എം.പിയും ഗുസ്തി ഫെഡറേഷൻ നേതാവുമായ ബ്രിജ് ഭൂഷൺ ശരൺ സിങ് സുപ്രിംകോടതിയെ അറിയിച്ചു. കായിക താരങ്ങളുടെ പൾസ് പരിശോധിക്കുക മാത്രമാണ് ചെയ്‌തെന്നും ലൈംഗിക താൽപര്യത്തോടെയല്ലാതെ പൾസ് നോക്കുന്നത് കുറ്റകൃത്യമായി കാണാനാകില്ലെന്നും ബി.ജെ.പി നേതാവിനായി ഹാജരായ അഭിഭാഷകൻ രാജീവ് മോഹനൻ വാദിച്ചു.
ലൈംഗികാതിക്രമ കേസിൽ ബ്രിജ് ഭൂഷണിനും വിനോത് തോമറിനുമെതിരെ പോലീസ് കുറ്റപത്രം സമർപ്പിച്ചിരുന്നു. യുവജനകാര്യ മന്ത്രാലയത്തെയും കായിക ആഭ്യന്തര മന്ത്രാലയത്തെയും ടാഗ് ചെയ്ത് എക്‌സ് പ്ലാറ്റ്‌ഫോമിലിട്ട കുറിപ്പുകളുടെ അടിസ്ഥാനത്തിലാണ് മേൽനോട്ട സമിതി രൂപീകരിച്ചതെന്ന് അഭിഭാഷകൻ അറിയിച്ചു. കേസിൽ വാദം കേട്ട മജിസ്‌ട്രേറ്റ് ഈമാസം 19ന് വാദം കേൾക്കൽ തുടരുമെന്ന് അറിയിച്ചു. കായിക താരങ്ങളാണ് എം.പിയിൽനിന്നും തങ്ങൾക്കുണ്ടായ ലൈംഗിക ദുരനുഭവങ്ങളുമായി രംഗത്തുവന്നത്. ഇരകൾക്ക് നീതി ലഭ്യമാക്കുന്നതിനു പകരം ഭീഷണയിലൂടെയും മറ്റും പരാതിയും പ്രതിഷേധങ്ങളും തണുപ്പിക്കാൻ വൻ സമ്മർദ്ദങ്ങളാണ് ബി.ജെ.പി കേന്ദ്രങ്ങളിൽനിന്നുമുണ്ടായത്. പ്രധാനമന്ത്രിയും പോലീസുമുൾപ്പെടെയുള്ള സംവിധാനങ്ങളെല്ലാം തുടക്കം മുതലെ വേട്ടക്കാർക്ക് അനുകൂല നയസമീപനമാണ് സ്വീകരിച്ചിരുന്നത്.