തിരുവനന്തപുരം- കേരളത്തിലെ എറണാകുളം, തൃശൂര്‍, മലപ്പുറം എന്നീ ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ മഴയ്ക്ക് സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇടിമിന്നലോട് കൂടിയ നേരിയതോ മിതമായതോ ആയ മഴയ്ക്ക് കൊല്ലം,പാലക്കാട്, കണ്ണൂര്‍ എന്നീ ജില്ലകളില്‍ സാദ്ധ്യതയുണ്ട്. മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ് വീശിയേക്കാം.അതേസമയം, തിരുവനന്തപുരത്ത് ഒറ്റരാത്രി പെയ്തിറങ്ങിയ ദുരിതപ്പേമാരിയില്‍ കഴുത്തൊപ്പം കയറിയ വെള്ളത്തില്‍ നിന്ന് രക്ഷതേടി ക്യാമ്പുകളില്‍ അഭയം തേടിയവര്‍ മഴമാറിയതോടെ ഇന്നലെ തിരികെ വീട്ടിലെത്തി. ചെളിയും മണ്ണും അടിഞ്ഞുകൂടിയ വീട് വൃത്തിയാക്കാന്‍ ഒരു പകല്‍ മുഴുവന്‍ അവര്‍ നന്നേ കഷ്ടപ്പെട്ടു. വീട്ടിലുണ്ടായിരുന്ന ഭക്ഷ്യസാധനങ്ങളെല്ലാം നശിച്ചതോടെ സന്നദ്ധപ്രവര്ത്തകരെത്തിച്ച പൊതിച്ചോറില്‍ വിശപ്പടക്കി.മലിനജലം ഒഴുകിപ്പരന്ന് ദുര്‍ഗന്ധപൂരിതമായ വീടും വീട്ടുമുറ്റവും വൃത്തിയാക്കാന്‍ ഇനിയും ദിവസങ്ങളുടെ അദ്ധ്വാനം വേണ്ടിവരും. നഗരത്തില്‍ വെള്ളം കയറിയ വീടുകളില്‍ നിന്ന് 15 ദുരിതാശ്വാസ ക്യാമ്പുകളിലായി 915 പേരെയാണ് മാറ്റിപ്പാര്‍പ്പിച്ചിരുന്നത്. ജില്ലയില്‍ 6 വീടുകള്‍ പൂര്‍ണമായും 11 വീടുകള്‍ ഭാഗികമായും തകര്‍ന്നിരുന്നു. മഴമാറി നിന്നതോടെ ഇതില്‍ പല ക്യാമ്പുകളും അടച്ചു. വെള്ളമിറങ്ങാത്ത സ്ഥലങ്ങളില്‍ ക്യാമ്പുകള്‍ തുടരുന്നുണ്ട്.