ലഖ്‌നോ - റെക്കോര്‍ഡ് തവണ ജേതാക്കളായ ഓസ്‌ട്രേലിയക്ക് ഈ ലോകകപ്പില്‍ ആദ്യ ജയം. തകര്‍പ്പന്‍ തുടക്കത്തിനു ശേഷം ശ്രീലങ്ക നാടകീയമായി തകര്‍ന്നതോടെ ഓസ്‌ട്രേലിയ അഞ്ചു വിക്കറ്റിന്റെ വിജയം നേടി. പതിനഞ്ചോവര്‍ ശേഷിക്കെയാണ് ഓസീസ് ലക്ഷ്യം കടന്നത്. രണ്ടു ടീമും ആദ്യ രണ്ടു കളികള്‍ തോറ്റിരുന്നു.
ഓപണര്‍മാരായ പത്തും നിസങ്കയും (67 പന്തില്‍ 61) കുശാല്‍ പെരേരയും (82 പന്തില്‍ 78) ഓപണിംഗ് വിക്കറ്റില്‍ 21 ഓവറില്‍ 125 റണ്‍സിന്റെ അടിത്തറയിട്ട ശേഷമാണ് ശ്രീലങ്ക തകര്‍ന്നത്. തുടര്‍ന്ന് 84 റണ്‍സിനിടെ പത്തു വിക്കറ്റും അവര്‍ക്ക് നഷ്ടപ്പെട്ടു. 209 റണ്‍സിന് ഓളൗട്ടായി. രണ്ടക്കം കണ്ടത് ചരിത അസലെങ്ക (39 പന്തില്‍ 25) മാത്രം. 43.3 ഓവറില്‍ അവര്‍ ഓളൗട്ടായി.
ഓസീസിന്റെയും തുടക്കം ഭദ്രമായിരുന്നില്ല. സിക്‌സറോടെ തുടങ്ങിയ ഓപണര്‍ ഡേവിഡ് വാണറും (11) സ്റ്റീവന്‍ സ്മിത്തും (0) ദില്‍ഷന്‍ മധുശങ്ക എറിഞ്ഞ നാലാം ഓവറില്‍ പുറത്തായി. തന്റെ ആദ്യ ഓവര്‍ മെയ്ഡനാക്കിയ മധുശങ്ക രണ്ടാം ഓവര്‍ ഡബ്ള്‍ വിക്കറ്റ് മെയ്ഡനാക്കി. എന്നാല്‍ കുറഞ്ഞ സ്‌കോറേ പ്രതിരോധിക്കാനുള്ളൂ എന്നത് ശ്രീലങ്കയുടെ ദൗത്യം പ്രയാസകരമാക്കി. മിച്ചല്‍ മാര്‍ഷും (51 പന്തില്‍ 52) മാര്‍നസ് ലാബുഷൈനും (60 പന്തില്‍ 40) ജോഷ് ഇന്‍ഗ്ലിസും (59 പന്തില്‍ 58) ഗ്ലെന്‍ മാക്‌സവെലും (22 പന്തില്‍ 32 നോട്ടൗട്ട്) തിരിച്ചടിച്ചു. ലാബുഷൈനെ മധുശങ്ക (9-2-37-3) പുറത്താക്കുമ്പോഴേക്കും വൈകിപ്പോയിരുന്നു.
നേരത്തെ നിസങ്കയും കുശാലും മത്സരിച്ചടിച്ചപ്പോള്‍ ശ്രീലങ്ക മുന്നൂറ്റമ്പതിന് മേല്‍ സ്‌കോര്‍ പ്രതീക്ഷിച്ചിരുന്നു. 20 തവണയാണ് ഇരുവരും പന്ത് അതിര്‍ത്തി കടത്തിയത്. അവശേഷിച്ചവര്‍ നേടിയത് മൂന്നു ബൗണ്ടറിയും ഒരു സിക്‌സറും മാത്രം. ഓപണര്‍മാരെ ക്യാപ്റ്റന്‍ പാറ്റ് കമിന്‍സ് (7-0-32-2) പുറത്താക്കിയ ശേഷം ലെഗ്‌സ്പിന്നര്‍ ആഡം സാംപ (8-1-47-4) കടിഞ്ഞാണേറ്റെടുക്കുകയായിരുന്നു. മിച്ചല്‍ സ്റ്റാര്‍ക്കും രണ്ടു വിക്കറ്റെടുത്തു (10-0-43-2).
കുശാലും നിസങ്കയും അനായാസമാണ് മുന്നേറിയത്. മാര്‍ക്കസ് സ്റ്റോയ്‌നിസിനെ ബൗണ്ടറി കടത്തി കുശാലാണ് ആദ്യം അര്‍ധ ശതകത്തിലെത്തിയത്, 57 പന്തില്‍. തൊട്ടുപിന്നാലെ നിസങ്ക തുടര്‍ച്ചയായ രണ്ടാമത്തെ കളിയിലും അര്‍ധ ശതകം തികച്ചു, 58 പന്തില്‍. ഡേവിഡ് വാണറുടെ സാഹസിക ഡൈവിംഗ് ക്യാച്ച് വേണ്ടി വന്നു ഈ കൂട്ടുകെട്ട് പൊളിക്കാന്‍. പത്തും നിസങ്കയുടെ പുള്‍ ഡീപ് സ്‌ക്വയര്‍ലെഗില്‍ വാണര്‍ മനോഹരമായി കൈയിലൊതുക്കി. കുശാല്‍ പെരേരയും ക്യാപ്റ്റന്‍ കുശാല്‍ മെന്‍ഡിസും (9) രണ്ടാം വിക്കറ്റില്‍ 32 റണ്‍സ് കൂട്ടുകെട്ടുണ്ടാക്കി. കുശാല്‍ പെരേരയെ കമിന്‍സ് ബൗള്‍ഡാക്കിയതോടെയാണ് തകര്‍ച്ച തുടങ്ങിയത്. കുശാല്‍ മെന്‍ഡിസിനെയും (9) സദീര സമരവിക്രമയെയും (8) തുടര്‍ച്ചയായ പന്തുകളില്‍ സാംപ മടക്കി. മറുവശത്ത് ബാറ്റര്‍മാര്‍ വന്നും പോയുമിരുന്നത് നോക്കിനില്‍ക്കാനേ അസലെങ്കക്ക് സാധിച്ചുള്ളൂ. ദുനിത് വെല്ലാലഗെയെ (2) കമിന്‍സ് നേരിട്ടെറിഞ്ഞ് റണ്ണൗട്ടാക്കി. അവസാനം സ്ലോഗ് സ്വീപിനുള്ള ശ്രമത്തില്‍ അസലെങ്കയും പിടികൊടുത്തു. ശ്രീലങ്ക ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു.