2023 ഒക്ടോബർ ഏഴിന് ശേഷവും മുമ്പും എന്ന ക്രമത്തിൽ ലോകം മാറിപ്പോയത് മനസ്സിലാക്കാൻ ലോകാവസ്ഥ ആഴത്തിൽ പഠിച്ചവർക്ക് അൽപം പോലും സംശയിച്ചു നിൽക്കേണ്ടി വരില്ല. ഈ പറഞ്ഞ തീയതിക്ക് ശേഷം ലോകത്തിന്റെ മനസ്സ് തന്നെ ഒരെയൊരു ചോദ്യത്തിൽ വന്നു നിൽക്കുന്നുണ്ട്- നിങ്ങൾ ആർക്കൊപ്പം എന്നതാണാചോദ്യം- പൊരുതുന്ന ഫലസ്തീനൊപ്പമോ, അതോ കള്ളങ്ങൾക്കുമേൽ കള്ളങ്ങൾ പണിതു കൊണ്ടിരിക്കുന്ന മനുഷ്യ വിരുദ്ധർക്കൊപ്പമോ?
ആശയങ്ങളിൽ അടിയുറപ്പുള്ളവർക്ക് വാക്കുകളിൽ അടിതെറ്റുന്ന സന്ദർഭം അപൂർവമായിരിക്കും. അതുകൊണ്ട് തന്നെ ഏറ്റവും പുതിയ ലോക രാഷ്ട്രീയ അവസ്ഥയിലും സി.പി.എമ്മിലെ എം.സ്വരാജ് അടിതെറ്റാതെ തലയുയർത്തി നിൽക്കുന്നു. 2023 ഒക്ടോബർ ഏഴിന് ശേഷവും മുമ്പും എന്ന ക്രമത്തിൽ ലോകം മാറിപ്പോയത് മനസ്സിലാക്കാൻ ലോകാവസ്ഥ ആഴത്തിൽ പഠിച്ചവർക്ക് അൽപം പോലും സംശയിച്ചു നിൽക്കേണ്ടി വരില്ല. ഈ പറഞ്ഞ തീയതിക്ക് ശേഷം ലോകത്തിന്റെ മനസ്സ് തന്നെ ഒരെയൊരു ചോദ്യത്തിൽ വന്നു നിൽക്കുന്നുണ്ട്- നിങ്ങൾ ആർക്കൊപ്പം എന്നതാണാചോദ്യം- പൊരുതുന്ന ഫലസ്തീനൊപ്പമോ, അതോ കള്ളങ്ങൾക്കുമേൽ കള്ളങ്ങൾ പണിതുകൊണ്ടിരിക്കുന്ന മനുഷ്യ വിരുദ്ധർക്കൊപ്പമോ? കൃത്യമായ നിലപാട് പറയുക വഴി എം. സ്വരാജിന് പിടിച്ചു നിൽക്കാനായി. ഹമാസിന്റെ ജാതകം പരിശോധിക്കേണ്ട സമയമല്ല ഇതെന്ന് സി.പി.എമ്മിന്റെ പുതുകാല സഖാവ് മനുഷ്യ വിരുദ്ധ പക്ഷത്തെ തന്റെ വാക്കുകൾ കൊണ്ടു നേരിട്ടു. സ്വരാജിന്റെ വാക്കുകൾ ഇങ്ങനെ- വിശദീകരിക്കാനും നിലപാട് പറയാനും കഷ്ടപ്പെടുന്നവരുണ്ട്. ഇതിനിടയിൽ ചില സമദൂരക്കാരുമുണ്ട് !
ഹമാസ് 5000 റോക്കറ്റ് അയച്ചത് തെറ്റായിപ്പോയന്ന് ആവർത്തിക്കുന്ന 'സമാധാനവാദികൾ '...
ഇപ്പോൾ സംഘർഷം തുടങ്ങിവെച്ചത് ഫലസ്തീനാണെന്ന് രോഷം കൊള്ളുന്നവർ... അത് ഇസ്രായിലിന് തിരിച്ചടിക്കാൻ അവസരമായെന്ന് വിലപിക്കുന്നവർ ... തങ്ങൾ നിഷ്പക്ഷരാണ്, യുദ്ധത്തിനെതിരാണ്, ഇസ്രാിയലും ഫലസ്തീനും യുദ്ധം അവസാനിപ്പിക്കണം എന്ന് ഉപന്യാസമെഴുതുന്നവർ ... ഉറപ്പിച്ചു പറയുന്നു, ഇസ്രായ#ിലിനെയും ഫലസ്തീനെയും ഇരുവശത്തായി നിർത്തി നിഷ്പക്ഷ വിശകലനം തുടങ്ങുന്ന നിമിഷം തന്നെ കൊടിയ അനീതി നടന്നു കഴിഞ്ഞു. ഫലസ്തീനികൾ എന്തു തന്നെ ചെയ്തിട്ടുണ്ടെങ്കിലും അവർ നിരപരാധികളാണ്.
അതെ, അതെന്തു തന്നെയായാലും ...
ഏതു യുദ്ധവും എതിർക്കപ്പെടേണ്ടതാണ്. മനുഷ്യർ തമ്മിൽ ആയുധമെടുത്തും ചോര വീഴ്ത്തിയും ബലം പരീക്ഷിക്കുന്ന മനുഷ്യ വിരുദ്ധതയെ എന്നും എതിർക്കുകയും ചെയ്യും.
എന്നാൽ അതുകൊണ്ട് ഫലസ്തീനെ തള്ളിപ്പറയണമെന്നില്ല. കാരണം അവരോടാണ് അനീതി കാണിച്ചിട്ടുള്ളത്.
പഴകി തുരുമ്പിച്ച നിഷ്പക്ഷതയുടെ അളവുകോലുമായി ന്യായം പറയുന്നവർ മുക്കാൽ നൂറ്റാണ്ട് കാലം കാഴ്ചയില്ലാത്ത മനുഷ്യരായി ജീവിച്ചവരാണ്. കാണക്കാണെ ഒരു രാഷ്ട്രം ഇല്ലാതായപ്പോൾ നിശ്ശബ്ദരായിരുന്നവരാണ്.
അവശേഷിച്ച ഒരു പിടി മണ്ണിലും കുഞ്ഞുങ്ങളുടെ ശവക്കുഴിയെടുത്തു തളർന്ന ഫലസ്തീനികളോട് ഒരു വാക്ക് കൊണ്ടു പോലും ഐക്യപ്പെടാൻ അറച്ചുനിന്ന മനുഷ്യ സ്‌നേഹികളിൽ നിന്നും ആരും നീതി പ്രതീക്ഷിക്കുന്നില്ല.
ഒരിക്കൽ കൂടി ഉറപ്പിച്ചു പറയുന്നു, ഇനിയങ്ങോട്ടും ഫലസ്തീനികൾ എന്തു തന്നെ ചെയ്താലും അവർ നിരപരാധികളാണ്... മുക്കാൽ നൂറ്റാണ്ടായി കണ്ണീരും ചോരയും മൃതശരീരങ്ങളും മാത്രം കാണേണ്ടിവന്ന ജനതയാണവർ. സ്വന്തം രാഷ്ട്രം അപഹരിക്കപ്പെടുന്നതിന് സാക്ഷിയാകേണ്ടി വന്നവർ.
സഹോദരങ്ങളായ പതിനായിരങ്ങൾ കണ്മുന്നിൽ കൊല്ലപ്പെടുന്നത് ശ്വാസമടക്കി കണ്ടു നിൽക്കേണ്ടി വന്നവർ...
സ്വന്തം രാജ്യവും തെരുവുകളും വീടും സഹോദരങ്ങളും നഷ്ടപ്പെട്ട ഒരു കൂട്ടം മനുഷ്യരാണവർ. ലോക ഭൂപടത്തിൽ ഒരു പിടി മണ്ണു വാരിവിതറിയത് പോലെ ചില ചെറിയ കുത്തുകൾ മാത്രമാണിന്ന് ഫലസ്തീൻ .
ആ ചെറുതരികൾ കൂടി കവർന്നെടുക്കാനും ഒടുവിലത്തെ ഫലസ്തീനിയെയും കൊന്നൊടുക്കാനും സയണിസ്റ്റ് ഭീകരത വാ പിളർന്നു നിൽക്കുമ്പോൾ സ്വന്തം രാജ്യവും ജനതയും എന്നേക്കുമായി മാഞ്ഞു പോകുന്നതിനു മുമ്പ് ഒടുവിലായവർ എന്തു തന്നെ ചെയ്തിട്ടുണ്ടെങ്കിലും അവർ നിരപരാധികൾ തന്നെ- എല്ലാ പക്ഷത്തുമുള്ള സംശയാലുക്കളെ എം. സ്വരാജ് ബുള്ളറ്റിനേക്കാൾ ശക്തിയുള്ള വാക്കുകൾ കൊണ്ട് ചെറുക്കുന്നു.
ആശയ തലത്തിലൊക്കെ അത്യാവശ്യം ധാരണയുള്ള ശൈലജ ടീച്ചറെയാണ് കേരളത്തിന് പരിചയം. ശാസ്ത്ര സാഹിത്യ പരിഷത്ത് ഭാഷയിൽ മണി മണിയായി പ്രത്യയശാസ്ത്രം പറഞ്ഞു കൊണ്ടിരുന്ന ടീച്ചർക്കും കോൺഗ്രസിലെ പോരാളിയായി അറിയപ്പെടുന്ന വി.ടി. ബലറാമിനും പക്ഷേ വലിയ വീഴ്ചയാണ് ഈ വിഷയത്തിൽ സംഭവിച്ചത്. ശൈലജ ടീച്ചർക്ക് ഈ വിഷയത്തിലെ നിലപാടില്ലായ്മ കാരണം വല്ലാതെ മലക്കം മറിയേണ്ടിവന്നു. 1948 മുതൽ ഫലസ്തീൻ ജനത അഭിമുഖീകരിക്കുന്ന കൊടുംക്രൂരതകൾക്ക് കാരണക്കാർ ഇസ്രായിലും അവരെ സഹായിക്കുന്ന സാമ്രാജ്യത്വ ശക്തികളുമാണെന്ന് ടീച്ചർ വിശദീകരണ കുറിപ്പിൽ പറയുന്നുണ്ട്. ഇടതുപക്ഷം എപ്പോഴും ഫലസ്തീൻ ജനതയോട് ഐക്യദാർഢ്യം പ്രകടിപ്പിക്കുകയും അവരുടെ ഭൂമിയിൽ കൈയേറ്റം നടത്തുന്ന ഇസ്രായിലിന്റെ നടപടിയെ വിമർശിക്കുകയും ചെയ്തിട്ടുണ്ട്. എന്നാൽ യുദ്ധത്തടവുകാരോടും സാധാരണ ജനങ്ങളോടും ഹമാസ് കാണിച്ച ക്രൂരതയെ ന്യായീകരിക്കാൻ കഴിയില്ല എന്ന് ആവർത്തിച്ചെഴുതി ടീച്ചർ തന്റെ നിലപാടിൽ ഉറച്ചു തന്നെ നിൽക്കുകയാണ്. ഫലസ്തീൻ ജനതയോട് വർഷങ്ങളായി ഇസ്രായിൽ ചെയ്യുന്നതും ഇതേ ക്രൂരതയാണെന്ന് പോസ്റ്റിൽ എഴുതിയിരുന്നു. യുദ്ധങ്ങൾ നിരപരാധികളായ മനുഷ്യരെയാണ് വേട്ടയാടുന്നത്. ഇസ്രായിൽ ഇപ്പോൾ പ്രഖ്യാപിച്ച കരയുദ്ധം അവസാനിപ്പിക്കാൻ ഐക്യരാഷ്ട്ര സഭ ഇടപെടുന്നില്ലെങ്കിൽ ഇതിനേക്കാൾ വലിയ ഭീകരതകൾക്കാണ് നാം സാക്ഷ്യം വഹിക്കേണ്ടിവരിക. ഏത് യുദ്ധത്തിലും വർഗീയ ലഹളകളിലും നരകയാതനകൾക്ക് വിധേയരാകുന്നത് സ്ത്രീകളും അനാഥരാകുന്ന കുട്ടികളുമായിരിക്കും- ഫലസ്തീൻ പ്രശ്‌നമോ അത് പണ്ട് തൊട്ടേയുള്ളതല്ലേ എന്ന നിസ്സാരവൽക്കരണമാണ് നിർഭാഗ്യ വശാൽ സ്വാധീനിച്ചതെന്ന് കാണാം. ഹമാസിനെ പൂർണമായി നിരായുധീകരിക്കണമെന്നാണ് വി.ടി. ബൽറാം ഫേസ് ബുക്ക് കുറിപ്പിൽ ആവശ്യപ്പെട്ടത്. ഇരു രാജ്യങ്ങളും യുദ്ധം അവസാനിപ്പിക്കണമെന്നും സേഫ് സോണിലിരുന്ന് ഇരുഭാഗത്തും പക്ഷം ചേർന്ന് ആക്രോശം മുഴക്കുന്ന രക്തദാഹികളെ തിരിച്ചറിയണമെന്നും ബലറാമും സേഫ് സോണിലൊളിക്കുന്നു.
വി.ടി. ബൽറാം പറയുന്ന പോലെ ലളിതമായി പരിഹരിക്കാൻ പറ്റുന്ന പ്രശ്‌നമല്ല ഇസ്രായിൽ ഫലസ്തീൻ സംഘർഷം എന്ന് ബലറാമിന്റെ തലമുറയിലെ മതന്യൂനപക്ഷ രാഷ്ട്രീയക്കാരിയായ ഫാത്വിമ തഹ്‌ലിയ ബലറാമിനെ ഓർമിപ്പിച്ചിട്ടുണ്ട്. രാജ്യാതിർത്തികൾ ബഹുമാനിക്കുന്ന ശീലം ഇസ്രായിലിന് ഉണ്ടായിരുന്നെങ്കിൽ, ഇങ്ങനെയൊരു പ്രതിസന്ധി തന്നെ ഉണ്ടാകുമായിരുന്നില്ല. ഇസ്രായിലിന്റെ അധിനിവേശമാണ് ഈ സംഘർഷത്തിന് കാരണം. അതവസാനിപ്പിക്കാതെ ആ മേഖലയിൽ സമാധാനം ഉണ്ടാകില്ല. ഫലസ്തീനികളെ സംബന്ധിച്ചിടത്തോളം ഇസ്രായിൽ അധിനിവേശം ചെറുത്തു തോൽപിക്കുക എന്നല്ലാതെ മറ്റൊരു മാർഗവും അവരുടെ മുന്നിലില്ല. അക്രമവും പ്രതിരോധവും രണ്ടും രണ്ടാണ്. അക്രമികളെയും അവരെ പ്രതിരോധിക്കുന്നവരെയും ഒരേ നാണയത്തിന്റെ ഇരുവശങ്ങളായി ചിത്രീകരിക്കുന്നത് നീതിയല്ല. നിഷ്പക്ഷത എല്ലായ്‌പോഴും ശരിയായ പക്ഷമാവില്ലെന്ന് ഫാത്വിമ ചങ്കുറപ്പോടെ ബലറാമിനെതിരെ പക്ഷം ചേർന്നു. പറഞ്ഞ വാക്കുകളും എഴുതിയ വരികളും തിരിച്ചെടുക്കുക പ്രയാസം- ഡിജിറ്റൽ കാലത്ത് അത് തികച്ചും അസാധ്യമായ കാര്യമാണ്. തിരുത്തിയാലും തെളിവായി വാക്കും വാചകങ്ങളും സാക്ഷ്യം പറയും. ശൈലജ ടീച്ചറുടെ ഈ വിഷയത്തിലെ പ്രതികരണത്തെക്കുറിച്ച് ചോദിച്ചപ്പോൾ മുഖ്യമന്ത്രി പിണറായി വിജയൻ എത്ര ബുദ്ധിപൂർവമാണ് നേരിട്ടത് എന്ന് കാണാതിരുന്നു കൂടാ -അക്കാര്യം ശൈലജ ടീച്ചറോട് തന്നെ ചോദിക്കണം എന്ന മുഖ്യമന്ത്രിയുടെ പത്രസമ്മേളന പ്രതികരണം ടീച്ചർ പറഞ്ഞതിനോടുള്ള സമീപനം പറയാതെ പറയുന്നു.