ഗാസ സിറ്റി- ഇസ്രായില്‍ വ്യോമക്രമണം തുടരുന്ന ഗാസയിലെ ആശുപത്രികളില്‍ ഓരോ മിനിറ്റിലും പരിക്കേറ്റ ഒരാളെത്തുന്നുവെന്ന് റിപ്പോര്‍ട്ട്. ആശുപത്രികളില്‍ അവശേഷിക്കുന്ന ഇന്ധനം ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ തീരുമെന്ന് യു.എന്‍. ജീവകാരുണ്യ ഓഫീസ് മുന്നറിയിപ്പ് നല്‍കി.
അതിനിടെ വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വരികയാണെന്ന ഈജിപ്തില്‍നിന്നുള്ള റിപ്പോര്‍ട്ടുകള്‍ ഇസ്രായിലും ഹാമാസും നിഷേധിച്ചു.
കുടിവെള്ളം കിട്ടാന്‍ ഗാസയിലുള്ളവര്‍ പരക്കം പായുകയാണ്. തെക്കന്‍ ഗാസഭാഗങ്ങളില്‍ വെള്ളം എത്തുന്നില്ല. യു.എന്‍ ഏജന്‍സികളും ഇക്കാര്യം സ്ഥിരീകരിച്ചു. ഇസ്രായില്‍ ബോംബാക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങളുമായും പരിക്കേറ്റവരുമായും ആംബുലന്‍സുകള്‍ ഖാന്‍ യൂനിസിലെ അല്‍ നസര്‍ ഹോസ്പിറ്റലിലേക്ക് വന്നുകൊണ്ടിരിക്കയാണ്. ആശുപത്രയില്‍ സ്ഥലമില്ലാതായതിനെ തുടര്‍ന്ന് പുറത്ത് താല്‍ക്കാലിക ടെന്റുകള്‍ കെട്ടിയിരുന്നു.