ന്യൂദൽഹി- കത്വ ഇരകൾക്കായി മുസ്ലിം യൂത്ത് ലീഗ് പിരിച്ചെടുത്ത ഫണ്ടിൽ തിരിമറി നടത്തിയെന്ന ആരോപണം കളവെന്ന് പോലീസ്. ഇതുസംബന്ധിച്ച റിപ്പോർട്ട് പോലീസ് കോടതിയിൽ സമർപ്പിച്ചു. രാഷ്ട്രീയ വൈരാഗ്യത്തെ തുടർന്ന് എതിർകക്ഷികൾക്കെതിരെ വ്യാജ പരാതി നൽകി എന്നും പോലീസ് നൽകിയ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
യൂത്ത് ലീഗ് നേതാക്കളായ പി.കെ ഫിറോസ്, സി.കെ സുബൈർ എന്നിവർക്കെതിരെയായിരുന്ന ആരോപണം. കത്വ പെൺകുട്ടിക്കായി ശേഖരിച്ച തുകയിൽ 15 ലക്ഷം രൂപ പി.കെ ഫിറോസും സി.കെ സുബൈറും വകമാറ്റി ചെലവഴിച്ചെന്നായിരുന്നു പരാതി. യൂത്ത് ലീഗിൽ നിന്ന് രാജിവെച്ച യൂസുഫ് പടനിലമാണ് പരാതി നൽകിയിരുന്നത്. കേരളത്തിലെ യൂത്ത് ലീഗ് നേതാക്കളും വിഹിതം വാങ്ങിയെന്നും ഇയാൾ ആരോപിച്ചിരുന്നു. പരാതിയിൽ നേരത്തെ സി.കെ സുബൈർ, പി.കെ ഫിറോസ് എന്നിവർക്കെതിരെ കേസെടുത്തിരുന്നു.