Sorry, you need to enable JavaScript to visit this website.

തെരഞ്ഞെടുപ്പ് വരും പോകും, സമസ്തയുമായുള്ള ബന്ധം തുടരും-കുഞ്ഞാലിക്കുട്ടി

മലപ്പുറം- മുസ്ലിം ലീഗും സമസ്തയും തമ്മിൽ അഭേദ്യമായ ബന്ധമാണെന്നും അതൊരിക്കലും മുറിഞ്ഞുപോകില്ലെന്നും മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എം.എൽ.എ. വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സമസ്തയിലുള്ളത് ഭൂരിപക്ഷവും ലീഗുകാരാണ്. ലീഗിൽ ഭൂരിപക്ഷവും സമസ്തക്കാരുമാണ്. മറ്റു സംഘടനകളിൽ പെട്ടവരുമുണ്ട്. ലീഗ് കാലാകാലങ്ങളായി നാട്ടിൽ ചെയ്തുവരുന്ന നല്ല പ്രവർത്തനങ്ങളിലെല്ലാം മുഖ്യഘടകമാണ് മതവിശ്വാസം. അതുസംബന്ധിച്ച് സമസ്ത എടുക്കുന്ന നിലപാട് മുഖവിലക്കെടുക്കുന്ന രീതിയാണ് ലീഗിന്. സമൂഹത്തിൽ തർക്കങ്ങളൊക്കെ വരാം. അത് സ്വാഭാവികമാണ്. രണ്ടു സംഘടനകൾക്കും ഒരേ അഭിപ്രായം ഉണ്ടാകണം എന്നില്ല. സി.ഐ.സി വിഷയത്തിൽ തീരുമാനമെടുക്കാനുള്ള നടപടികൾ നടന്നുകൊണ്ടിരിക്കുകയാണ്. അതുസംബന്ധിച്ച് കുറച്ചുകൂടി കാര്യങ്ങൾ ചെയ്യാനുണ്ട്. ഇപ്പോൾ വന്നിരിക്കുന്ന പ്രസ്താവന യുദ്ധം അവസാനിപ്പിക്കണം. ഇന്ന് രാവിലെ സാദിഖലി തങ്ങളുമായും മറ്റ് നേതാക്കളുമായും സംസാരിച്ചിരുന്നു. ഇത് സംബന്ധിച്ച പ്രസ്താവനകൾ ഇനി തുടരേണ്ടതില്ല എന്നാണ് തീരുമാനം. അത് എല്ലാവരും പാലിക്കണം എന്ന് കർശനമായി പറഞ്ഞിട്ടുണ്ട്. സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ പ്രസിഡന്റായിരിക്കുന്ന കാലത്തും തർക്കങ്ങളുണ്ടായിട്ടുണ്ട്. കാലികമായി വളരെ പ്രാധാന്യമുള്ള മറ്റു വിഷയങ്ങൾ വരുമ്പോൾ സംഘടനകളെല്ലാം ഒരുമിച്ചിരിക്കും. സമസ്തയുടെ എല്ലാ നിലക്കുമുള്ള പ്രവർത്തനങ്ങളിൽ സാദിഖലി തങ്ങൾ ഏർപ്പെട്ടിട്ടുണ്ട്. ഹമീദലി ശിഹാബ് തങ്ങളെ സംബന്ധിച്ച് ലീഗ് ജനറൽ സെക്രട്ടറി പി.എം.എ സലാം നടത്തിയ പരാമർശം തെറ്റിദ്ധാരണ ജനകമാണ്. അത് സലാമിന് വന്ന പിഴവാണ് എന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. 
കുറച്ചു വിഷയങ്ങൾ വരും. അത് മാധ്യമങ്ങൾ വലുതാക്കുമെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. ഹമീദലി തങ്ങളുമായും മുനവ്വറലി ശിഹാബ് തങ്ങളുമായും സംസാരിച്ചിട്ടുണ്ട്. അവരുമായി എല്ലാം സംസാരിച്ചാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ജിഫ്രി തങ്ങളുമായി സംസാരിക്കാനിരിക്കുകയാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. തെരഞ്ഞെടുപ്പുകൾ വരികയും പോകുകയും ചെയ്യും. സമസ്തയുമായുള്ള ബന്ധം തുടർന്നും മുന്നോട്ടുപോകുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. 

അതേസമയം, ന്യൂ ഇന്ത്യൻ എക്‌സ്പ്രസ്സിന് നൽകിയ അഭിമുഖവുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന കാര്യങ്ങൾ തെറ്റിദ്ധാരണാജനകമാണെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ സലാം പറഞ്ഞു. 
കേരളത്തിലെ മുസ്ലിംകൾക്ക് മതപരമായും രാഷ്ട്രീയമായും നേതൃത്വം നൽകുന്ന പാണക്കാട് തങ്ങൾ കുടുംബത്തിന്റെ നേതൃപാടവത്തെ ചോദ്യം ചെയ്ത പത്രപ്രവർത്തകന് നൽകിയ മറുപടിയാണ് തെറ്റിദ്ധരിപ്പിക്കുന്ന വിധത്തിൽ പ്രചരിപ്പിക്കുന്നത്. ഒന്നേകാൽ മണിക്കൂർ ദൈർഘ്യമുള്ള അഭിമുഖത്തിൽ ബഹുമാന്യനായ സയ്യിദ് സാദിഖലി ശിഹാബ് തങ്ങളുടെ മത, രാഷ്ട്രീയ മേഖലകളിലെ നേതൃപാടവത്തെക്കുറിച്ച് സംസാരിച്ച ഭാഗത്തുനിന്ന് ഏതാനും സെക്കന്റുകൾ മാത്രം അടർത്തിയെടുത്തത് ദുരുദ്ദേശ്യത്തോടെയാണ്. ആ അഭിമുഖത്തിൽ പാണക്കാട് തങ്ങൾ കുടുംബത്തിന്റെ മതപരവും രാഷ്ട്രീയ പരവുമായ നേതൃപാടവത്തെ കുറിച്ച് വിശദമായി പരാമർശിക്കുന്നുമുണ്ട്.
സദുദ്ദേശത്തോടെയല്ലാതെ പ്രചരിപ്പിക്കുന്ന ഭാഗങ്ങൾ മാത്രം കേട്ട് തെറ്റിദ്ധരിക്കരുതെന്ന് എല്ലാവരേയും ഉണർത്തുന്നു.
സമസ്ത അധ്യക്ഷൻ സയ്യിദ് ജിഫ്രി മുത്തുകോയ തങ്ങളും സയ്യിദ് സാദിഖലി ശിഹാബ് തങ്ങളും കഴിഞ്ഞ ദിവസം ഖത്തറിൽ നടത്തിയ പ്രഖ്യാപനം ഒരിക്കൽ കൂടി ആവർത്തിക്കുന്നു. ''മുസ്ലിംലീഗും സമസ്തയും തമ്മിലുള്ള അഭേദ്യബന്ധം അഭംഗുരം തുടരുക തന്നെ ചെയ്യും''

Latest News