Sorry, you need to enable JavaScript to visit this website.

ഗാസയിൽ മൃതദേഹങ്ങൾ സൂക്ഷിക്കുന്നത് ഐസ്‌ക്രീം ബോക്‌സിൽ, ശ്മശാനങ്ങൾ നിറഞ്ഞുകവിഞ്ഞു

ഗാസ- ഇസ്രയേലിന്റെ ശക്തമായ വ്യോമാക്രമണത്തിൽ മരണസംഖ്യ കുതിച്ചുയർന്നതോടെ ഗാസയിൽ ജനം മൃതദേഹം സൂക്ഷിക്കുന്നത് ഐസ്‌ക്രീം ബോക്‌സുകളിലെന്ന് റിപ്പോർട്ട്. റോയിട്ടേഴ്‌സാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. മൃതദേഹങ്ങളുമായി പുറത്തിറങ്ങുന്നത് വൻ അപകടമുണ്ടാക്കുമെന്ന് ഭയന്നാണ് ഐസ്‌ക്രീം ബോക്‌സുകളിൽ മൃതദേഹം കാത്തുവെക്കുന്നത്. മുഴുവൻ ശ്മശാനങ്ങളും നിറഞ്ഞുകവിഞ്ഞ അവസ്ഥയിലാണ്. വൈദ്യുത ജനറേറ്ററുകളിലേക്കുള്ള ഇന്ധനം ആശുപത്രികളിൽ അതിവേഗം തീർന്നുപോകുന്നത് രോഗികളുടെ ജീവൻ അപകടത്തിലാക്കുന്നുവെന്ന് ഗാസയിൽനിന്നുള്ള ആരോഗ്യപ്രവർത്തകർ മുന്നറിയിപ്പ് നൽകുന്നുണ്ട്. 
അതേസേമയം, ഹമാസിനെ തകർക്കുമെന്ന് ഇസ്രായേൽ ആവർത്തിച്ചു. ഗാസയുടെ അതിർത്തിയിൽ ഇസ്രയേൽ സൈന്യം തടിച്ചുകൂടിയിട്ടുണ്ട്. ഇതിനിടയിലും ഇസ്രായേൽ അതിർത്തി നഗരങ്ങളിൽ ഹമാസിന്റെ മാരകമായ ആക്രമണം നടക്കുന്നതായും റിപ്പോർട്ടുണ്ട്. ലെബനനുമായുള്ള ഇസ്രായേലിന്റെ വടക്കൻ അതിർത്തിയിലാണ് സംഘർഷം രൂക്ഷമായത്. ഈ ഭാഗത്തേക്ക് അമേരിക്കൻ യുദ്ധക്കപ്പലുകൾ നീങ്ങുന്നുണ്ട്. 
ഫലസ്തീനികൾക്കെതിരായ ആക്രമണങ്ങൾ അവസാനിപ്പിക്കുന്നതിൽ പരാജയപ്പെട്ടാൽ ശക്തമായി തിരിച്ചടിക്കുമെന്ന് ഇറാൻ മുന്നറിയിപ്പ് നൽകി. മേഖലയിലെ മറ്റ് രാജ്യങ്ങൾ ഇതുമായി സഹകരിക്കാൻ തയ്യാറാണെന്നും ഇറാൻ വാർത്ത ഏജൻസി വ്യക്തമാക്കുന്നു. 
ഇസ്രയേലിന്റെ ആക്രമണത്തിൽനിന്ന് രക്ഷപ്പെടുന്നതിന് സുരക്ഷിതമായ ഒരു ഒളിത്താവളം കണ്ടെത്താൻ ഫലസ്തീനികൾക്ക് സാധിക്കുന്നില്ല. വീടുകളിൽ നിന്ന് പുറത്തുപോകരുതെന്ന് ഹമാസിന്റെ മുന്നറിയിപ്പുണ്ട്. അഭയാർത്ഥികളുമായി പോയ കാറുകൾക്കും ട്രക്കുകൾക്കും നേരെയുണ്ടായ ആക്രമണത്തിൽ ഡസൻ കണക്കിന് ആളുകൾ കൊല്ലപ്പെട്ടു. പ്രദേശവാസികളെ മനുഷ്യ കവചമായി ഉപയോഗിക്കുന്നതിന് വേണ്ടിയാണ് ഹമാസ് പുറത്തിറങ്ങുന്നത് തടയുന്നതെന്ന് ഇസ്രായേൽ ആരോപിച്ചു. എന്നാൽ ഹമാസ് ഇക്കാര്യം നിഷേധിച്ചു. 

മീറ്റിംഗുകൾ
* ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ ക്ഷണപ്രകാരം യുഎസ് പ്രസിഡന്റ് ജോ ബൈഡൻ ഉടൻ ഇസ്രായേൽ സന്ദർശിക്കാനുള്ള സാധ്യതയെക്കുറിച്ച് യുഎസും ഇസ്രായേൽ ഉദ്യോഗസ്ഥരും ചർച്ച ചെയ്യുന്നു.
* ഗാസയിലേക്ക് മാനുഷിക സഹായം എത്തിക്കുന്നതിനുള്ള നയതന്ത്ര ശ്രമങ്ങൾ ശക്തമാക്കിയതായി ഈജിപ്ത് പറഞ്ഞു. ഇസ്രയേലിന്റെ ബോംബാക്രമണം അംഗീകരിക്കാനാകില്ലെന്ന് സന്ദർശനത്തിനെത്തിയ യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കെനോട് ഈജിപ്ത് പ്രസിഡന്റ് അബ്ദുൽ ഫത്താഹ് അൽ സിസി പറഞ്ഞു.
* ബ്ലിങ്കെൻ ഇന്ന് (തിങ്കളാഴ്ച) ഇസ്രായേലിലേക്ക് മടങ്ങും. വ്യാഴാഴ്ച ഇസ്രയേലിലെത്തിയ അദ്ദേഹം ആറ് അറബ് രാജ്യങ്ങൾ സന്ദർശിച്ചു.
* ബന്ധം സാധാരണ നിലയിലാക്കുന്നതിനുള്ള ചർച്ചകൾ തുടരാൻ ഇസ്രായേലിനെയും സൗദി അറേബ്യയെയും പ്രോത്സാഹിപ്പിക്കുന്നതിനായി യു.എസ് സെനറ്റർമാരുടെ ഒരു സംഘം മിഡിൽ ഈസ്റ്റിലേക്ക് പോകുമെന്ന് സൗത്ത് കരോലിന സെനറ്റർ ലിൻഡ്‌സെ ഗ്രഹാം പറഞ്ഞു.

Latest News