ലോകകപ്പ് മത്സരത്തിനിടെ ബോളിവുഡ് നടിയുടെ  24 കാരറ്റ് സ്വര്‍ണത്തിലുള്ള ഐഫോണ്‍ നഷ്ടപ്പെട്ടു 

ന്യൂദല്‍ഹി-ഇന്ത്യ - പാകിസ്ഥാന്‍ ലോകകപ്പ് മത്സരത്തിനിടെ 24 കാരറ്റ് സ്വര്‍ണത്തിലുള്ള ഐഫോണ്‍ നഷ്ടപ്പെട്ടെന്ന പരാതിയുമായി ബോളിവുഡ് നടി ഉര്‍വശി റൗട്ടേല. ഫോണ്‍ നഷ്ടമായെന്നും കണ്ടെത്താന്‍ സഹായിക്കണമെന്നും ഉര്‍വശി തന്റെ സോഷ്യല്‍ മീഡിയ പേജുകളിലൂടെ അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. താരത്തിന്റെ പോസ്റ്റിന് പിന്നാലെ ഫോണ്‍ വിശദാംശങ്ങള്‍ ആവശ്യപ്പെട്ട് അഹമ്മദാബാദ് പൊലീസും രംഗത്തെത്തി.ഇന്നലെയാണ് അഹമ്മദാബാദിലെ നരേന്ദ്രമോദി സ്റ്റേഡിയത്തില്‍ ഇന്ത്യ - പാകിസ്ഥാന്‍ ലോകകപ്പ് ക്രിക്കറ്റ് പോരാട്ടം നടന്നത്. ഈ മത്സരം കാണാന്‍ നിരവധി പ്രമുഖര്‍ എത്തിയിരുന്നു. അക്കൂട്ടത്തില്‍ നടി ഉര്‍വശി റൗട്ടേലയും ഉണ്ടായിരുന്നു. മത്സരം തുടങ്ങുന്നതിന് മുന്‍പ് സ്റ്റേഡിയത്തില്‍ നിന്നുള്ള വീഡിയോയും താരം ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഫോണ്‍ നഷ്ടമായതെന്നാണ് സൂചന.'24 കാരറ്റ് ഒര്‍ജിനല്‍ സ്വര്‍ണത്തിലുള്ള എന്റെ ഐ ഫോണ്‍ അഹമ്മദാബാദ് നരേന്ദ്രമോഡി സ്റ്റേഡിയത്തില്‍ നഷ്ടപ്പെട്ടു. എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ അറിയിക്കുക'.- എന്നാണ് പോസ്റ്റില്‍ നടി കുറിച്ചത്. പോസ്റ്റില്‍ അഹമ്മദാബാദ് പോലീസില്‍ പരാതി നല്‍കിയ പേപ്പറിന്റെ ചിത്രവും ഉണ്ട്. ഉര്‍വശിയുടെ പോസ്റ്റിന് നിരവധി പ്രതികരണവും ലഭിക്കുന്നുണ്ട്.
 

Latest News