ന്യൂഡൽഹി - മുൻ മുഖ്യതെരഞ്ഞെടുപ്പ് കമ്മിഷണറും കോൺഗ്രസ് നേതാവുമായിരുന്ന എം.എസ് ഗിൽ (87) അന്തരിച്ചു. സൗത്ത് ഡൽഹിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. സൗത്ത് ഡൽഹിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. സംസ്‌കാരം തിങ്കളാഴ്ച വൈകിട്ട് മൂന്നിന് ലോധി റോഡ് ശ്മശാനത്തിൽ നടക്കും.
1996 ഡിസംബർ മുതൽ 2001 ജൂൺ വരെയാണ് അദ്ദേഹം മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണറായി സേവനമനുഷ്ഠിച്ചത്. രാഷ്ട്രീയത്തിൽ ചേർന്ന ആദ്യ മുഖ്യതെരഞ്ഞെടുപ്പ് കമ്മിഷണർ കൂടിയാണ് ഗിൽ. കോൺഗ്രസ് അംഗമായി പ്രവർത്തിച്ചശേഷം രാജ്യസഭയിൽ എത്തിയ അദ്ദേഹം 2004 മുതൽ 2016 വരെ രാജ്യസഭാംഗമായിരുന്നു. 2008-ൽ യു,പി.എ സർക്കാരിൽ യുവജന കാര്യ, കായിക, സ്റ്റാറ്റിസ്റ്റിക്‌സ് ആൻഡ് പ്രോഗ്രാം ഇംപ്ലിമെന്റേഷൻ മന്ത്രിയായി. രാജ്യം അദ്ദേഹത്തെ പദ്മവിഭൂഷൺ നൽകി ആദരിച്ചിട്ടുണ്ട്. ഭാര്യയും മൂന്നു പെൺമക്കളുമുണ്ട്.
ഗില്ലിന്റെ നിര്യാണത്തിൽ കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, പഞ്ചാബ് മുൻ മുഖ്യമന്ത്രി അമരീന്ദർ സിംഗ് തുടങ്ങിയവർ അനുശോചിച്ചു. രാജ്യത്തിന്റെ വികസനത്തിന് ഗിൽ നല്കിയ സംഭാവനകൾ മഹത്തരമായിരുന്നുവെന്ന് എ.ഐ.സി.സി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ അനുസ്മരണ സന്ദേശത്തിൽ പറഞ്ഞു.