ബീജിംഗ്- ഗസയിലെ ഇസ്രയേലിന്റെ സൈനിക നടപടികള്‍ക്കെതിരെ ചൈനയുടെ വിമര്‍ശനം. സ്വയം പ്രതിരോധത്തിന്റെ പരിധിക്കപ്പുറമാണ് ഇപ്പോള്‍ ഇസ്രായേല്‍ ചെയ്തുകൊണ്ടിരിക്കുന്നതെന്ന് ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യി പറഞ്ഞു.
ഗസയിലെ ജനങ്ങള്‍ക്കെതിരായ കൂട്ടായ ശിക്ഷ ഇസ്രായേല്‍ സര്‍ക്കാര്‍ അവസാനിപ്പിക്കണമെന്നും ചൈന ആവശ്യപ്പെട്ടു. ഇസ്രായേല്‍- ഹമാസ് സംഘര്‍ഷം വലിയൊരു യുദ്ധത്തിലേക്ക് വ്യാപിക്കുന്നത് തടയാന്‍ ബീജിംഗിന്റെ സഹകരണം ആവശ്യപ്പെട്ട് യു. എസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ ഫോണില്‍ ബന്ധപ്പെട്ടതിന് തൊട്ടുപിന്നാലെയാണ് വാങ് യിയുടെ പരാമര്‍ശം.
സൗദി അറേബ്യന്‍ വിദേശകാര്യമന്ത്രി ഫൈസല്‍ ബിന്‍ ഫര്‍ഹാദ് രാജകുമാരനെ വിളിച്ചാണ് അദ്ദേഹം ഈ അഭിപ്രായപ്രകടനം നടത്തിയതെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രസ്താവനയില്‍ പറയുന്നു. സ്ഥിതിഗതികള്‍ വഷളാക്കാന്‍ എല്ലാ കക്ഷികളും ഒരു നടപടിയും സ്വീകരിക്കരുത് എന്നും എത്രയും വേഗം കാര്യങ്ങള്‍ ചര്‍ച്ചാ മേശയില്‍ എത്തിക്കണമെന്നും വാങ് യി പറഞ്ഞു. ഇസ്രായേല്‍- ഹമാസ് സംഘര്‍ഷം അവസാനിപ്പിക്കാന്‍ വെടിനിര്‍ത്തലിനും സമാധാന ചര്‍ച്ചകള്‍ക്കുമായി ചൈനീസ് പ്രതിനിധി ഷായ് ജുന്‍ അടുത്ത ആഴ്ച മിഡില്‍ ഈസ്റ്റ് സന്ദര്‍ശിക്കും.
ഇസ്രായേല്‍- ഫലസ്തീന്‍ സംഘര്‍ഷം പരിഹരിക്കാനുള്ള ശരിയായ മാര്‍ഗം 'ദ്വിരാഷ്ട്ര പരിഹാരം' മുന്നോട്ട് കൊണ്ടുപോകുകയും എത്രയും വേഗം സമാധാന ചര്‍ച്ചകള്‍ പുനരാരംഭിക്കുകയും ചെയ്യുകയാണെന്ന് വിദേശകാര്യ മന്ത്രി പറഞ്ഞു. ഫലസ്തീന്‍ പ്രശ്‌നം പരിഹരിക്കുന്നതില്‍ ഐക്യരാഷ്ട്രസഭ തക്കതായ പങ്ക് വഹിക്കണമെന്നും അദ്ദേഹം പറഞ്ഞു.