ന്യൂദല്‍ഹി- ഭര്‍ത്താക്കന്മാരായി മാറിയ പുരുഷന്‍മാരുടെ ദുരിതം അറിയാന്‍ ഇവിടെ ആരെങ്കിലുമുണ്ടോ? തമാശയായി പലപ്പോഴും പുരുഷന്‍മാരും ഉന്നയിക്കുന്ന ചോദ്യമാണിത്. എന്നാല്‍ ഇതിപ്പോള്‍ ചോദിക്കേണ്ടിടത്ത് ചോദിച്ചിരിക്കുന്നു. ദുരിതമനുഭവിക്കുന്ന ഭര്‍ത്താക്കന്മാരെ രക്ഷിക്കാന്‍ സര്‍ക്കാര്‍ ഇടപെടണമെന്നനാവശ്യപ്പെട്ട് ബി.ജെ.പി എംപിയാണ് രംഗത്തു വന്നിരിക്കുന്നത്. സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ കണ്ടെത്താനും പരിഹരിക്കാനും വനിതാ കമ്മീഷന്‍ നിലവിലുളള പോലെ ദുരിതമനുഭവിക്കുന്ന ഭര്‍ത്താക്കന്‍മാരുടെ പ്രശ്‌നങ്ങല്‍ കേള്‍ക്കാനും പരിഹരിക്കാനും പുരുഷ കമ്മീഷന്‍ വേണമെന്ന് ഉത്തര്‍ പ്രദേശില്‍ നിന്നുള്ള ബി.ജെ.പി ലോക്‌സഭാ എംപി ഹരിനാരായണ്‍ രാജ്ഭര്‍ ആണ് ആവശ്യപ്പെട്ടത്. വെള്ളിയാഴ്ച ലോകസ്ഭാ സമ്മേളനത്തിന്റെ ശൂന്യവേളയിലാണ് രാജ്ഭര്‍ വേറിട്ട ആവശ്യം ഉന്നയിച്ചത്. ഇത് സഭയെ ഒന്നടങ്കം ചിരിയില്‍ മുക്കി.
ഭാര്യമാരെ കൊണ്ട് പൊറുതിമുട്ടിയ ഭര്‍ത്താക്കന്‍മാരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് ഒരു കമ്മീഷന്‍ രൂപീകരിക്കുന്ന കാര്യം പാര്‍ലമെന്റ് പരിഗണിക്കണമെന്നാണ് അദ്ദേഹം ആവശ്യപ്പെട്ടത്. പുരുഷ് ആയോഗ് എന്നു പേരിലുള്ള ഈ കമ്മീഷന്‍ വനിതാ കമ്മീഷനെ പോലെ ആയിരിക്കണം പ്രവര്‍ത്തിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. സര്‍ക്കാര്‍ നിരവധി കമ്മീഷനുകള്‍ വിവിധ ആവശ്യങ്ങള്‍ക്കായി രൂപീകരിച്ചിട്ടുണ്ട്. പക്ഷെ ഭര്‍ത്താക്കന്‍മാര്‍ക്കു വേണ്ടി ഒന്നും ചെയ്തിട്ടില്ല. ഭാര്യമാരില്‍ നിന്നും ദുരിതമനുഭവിക്കുന്ന നിരവധി ഭര്‍ത്താക്കന്മാരുണ്ട് ഇവിടെ. പലരും ജയിലില്‍ അടക്കപ്പെട്ടിരിക്കുകയാണ്-സഭയുടെ ശൂന്യ വേളയില്‍ രാജ്ഭര്‍ കത്തിക്കയറി.