കൊച്ചി - കേരളത്തില്‍ കോണ്‍ഗ്രസിന് അഞ്ചു ലോകസഭാ സീറ്റുകള്‍ നഷ്ടപ്പെട്ടേക്കാമെന്ന് ഹൈക്കമാന്‍ഡ് നിയോഗിച്ച തിരഞ്ഞെടുപ്പ് വിശകലന വിദഗ്ധനായ സുനില്‍ കനിഗോലു എ ഐ സി സിയ്ക്ക് റിപ്പോര്‍ട്ട് നല്‍കിയതായി സൂചന. മികച്ച സംഘാടനം നടത്താനായില്ലെങ്കില്‍ കോഴിക്കോട്, തൃശൂര്‍, പത്തനംതിട്ട, ആലത്തൂര്‍ മണ്ഡലങ്ങളിലാണ് നിലവിലെ കോണ്‍ഗ്രസ് എം പിമാര്‍ തോല്‍വി നേരിടാന്‍ സാധ്യതയുള്ളതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നതായി വാര്‍ത്തകള്‍ പുറത്ത് വന്നു.. ഇവിടുത്തെ നിലവിലുള്ള എം പിമാരുടെ പ്രവര്‍ത്തനം തൃപ്തികരമല്ലെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. കണ്ണൂരില്‍ കെ.സുധാകരന് സ്ഥാനാര്‍ത്ഥിയായില്ലെങ്കില്‍ അവിടെയും തോല്വിയക്ക് സാധ്യതയുണ്ട്. 2019ലെ പോലെ രാഹുല്‍ഗാന്ധി മല്‍സരിക്കാന്‍ വന്നതിന്റെയും ശബരിമല വിഷയത്തിന്റെയും ആനുകൂല്യം കോണ്‍ഗ്രസിനൊ യു ഡി എഫിനോ ഇത്തവണ ലഭിക്കില്ലന്നും റിപ്പോര്‍ട്ടിലുണ്ട്. കെ സുധാകരന് കണ്ണൂരില്‍ മല്സരിക്കുന്നില്ലന്നാണ് സൂചന. പകരം അതിന് പറ്റിയ സ്ഥാനാര്‍ത്ഥിയെ കണ്ടെത്താന്‍ കഴിഞ്ഞില്ലങ്കില്‍ കണ്ണൂര്‍ നഷ്ടപ്പെട്ടേക്കും.
അതേസമയം കേരളത്തിലെ നാല് സിറ്റിങ് എം പിമാരുടെ പ്രവര്‍ത്തനം ശരിയല്ലെന്ന് പറയുന്ന ഒരു റിപ്പോര്‍ട്ടും എ ഐ സി സിക്ക് കിട്ടിയിട്ടില്ലെന്ന് എ ഐ സി സി സംഘടന ചുമതലയുള്ള ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ പറഞ്ഞു. ഇതെല്ലാം വസ്തുതാവിരുദ്ധമായ മാധ്യമപ്രചരണമാണെന്ന് മങ്കൊമ്പില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവേ അദ്ദേഹം പറഞ്ഞു. 2014ലും താന്‍ ഉള്‍പ്പെടെയുള്ളവര്‍ തോല്‍ക്കുമെന്ന് പറഞ്ഞ് ഇത്തരം റിപ്പോര്‍ട്ടുകള്‍ ചില മാധ്യമങ്ങള്‍ പുറത്തുവിട്ടിരുന്നു. കോണ്‍ഗ്രസില്‍ ഗ്രൂപ്പില്ലാതാക്കി ഐക്യമുണ്ടാക്കാനാണ് ശ്രമിക്കുന്നതെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു.