ന്യൂദല്‍ഹി- ദല്‍ഹിയിലുള്ള മുഖ്യമന്ത്രി പിണറായി വിജയന്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുന്നതിനിടെ കത്തിയുമായി കേരള ഹൗസിലേക്ക് ഓടിക്കയറിയ യുവാവിനെ സുരക്ഷാ ഉദ്യോഗസ്ഥര്‍ കീഴ്‌പ്പെടുത്തി. ആലപ്പുഴ ചെട്ടിക്കുളങ്ങര സ്വദേശി വിമല്‍ രാജാണ് ശനിയാഴ്ച രാവിലെ 9.25ഓടെ കത്തിയുമായി കേരള ഹൗസിലെത്തിയത്. ഇയാളെ ദ്ല്‍ഹി പോലീസിനു കൈമാറി. കൈയ്യിലുണ്ടായിരുന്ന ബാഗില്‍ കടലാസുകള്‍ക്കൊപ്പമായിരുന്നു കത്തി. സുരക്ഷാ ജീവനക്കാര്‍ സംശയം പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് ഇയാള്‍ മുഖ്യമന്ത്രിയുടെ സമീപത്തേക്ക് ഓടുകയായിരുന്നു. ഉടന്‍ തന്നെ സുരക്ഷാ ഉദ്യോഗസ്ഥര്‍ ഇയാളെ തടഞ്ഞു കീഴ്‌പ്പെടുത്തി.
തന്നെ മുഖ്യമന്ത്രി ജീവിക്കാന്‍ അനുവദിക്കുന്നില്ലെന്ന് വിമല്‍രാജ് വിളിച്ചു പറയുന്നുണ്ടായിരുന്നു. ജോലി ചെയ്യാന്‍ അനുവദിക്കണം, ജീവിക്കാന്‍ മാര്‍ഗമില്ലെന്നും പരാതിയുമായി മുഖ്യമന്ത്രിയെ സമീപിച്ചിട്ടും പരിഹാരമുണ്ടായില്ലെന്നും ഇയാള്‍ പറയുന്നു.