റിയാദ്- നിരപരാധികളുടെ ജീവന്‍ അപഹരിച്ച് ഗാസയില്‍ ഇസ്രായില്‍ നടത്തുന്ന സൈനിക അതിക്രമം അവസാനിപ്പിക്കാനവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കനോട് ആവശ്യപ്പെട്ടു. ഞായറാഴ്ച രാവിലെ സൗദി കിരീടാവകാശി നടത്തിയ കൂടിക്കാഴ്ചയിലാണ് ഇക്കാര്യം ആവശ്യപ്പെട്ടത്.
ഗാസയിലും പരിസരപ്രദേശങ്ങളിലും തുടരുന്ന സൈനിക നടപടി ഇരുവരും വിലയിരുത്തി. നിരപരാധികള്‍ക്ക് നേരെ നടക്കുന്ന സൈനിക നടപടികള്‍ നിര്‍ത്തിവെക്കണം. മേഖലയില്‍ സമാധാനം പുനഃസ്ഥാപിക്കാനും ഉപരോധം പിന്‍വലിക്കാനും അന്താരാഷ്ട്ര മാനുഷിക മൂല്യങ്ങളെ മാനിക്കാനും ആവശ്യമായ എല്ലാ ശ്രമങ്ങളും സൗദി അറേബ്യ നടത്തുന്നുണ്ട്.
ഫലസ്തീന്‍ ജനതക്ക് അവരുടെ നിയമാനുസൃതമായ അവകാശങ്ങള്‍ നേടിയെടുക്കാനും ശാശ്വത സമാധാനം കൈവരിക്കാനും ആവശ്യമായ സാഹചര്യങ്ങള്‍ ഒരുങ്ങേണ്ടതുണ്ട്. സിവിലിയന്മാരെ ഏതെങ്കിലും വിധത്തില്‍ ലക്ഷ്യം വെക്കാനോ അവരുടെ ദൈനം ദിന ജീവിതത്തെ ബാധിക്കുന്ന അടിസ്ഥാന സൗകര്യ നിഷേധത്തെയോ അംഗീകരിക്കാനാവില്ല-ബ്ലിങ്കനോട് കിരീടാവകാശി വ്യക്തമാക്കി.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)
അമേരിക്കയിലെ സൗദി അംബാസഡര്‍ റീമ ബിന്‍ത് ബന്ദര്‍ രാജകുമാരി, സൗദി വിദേശകാര്യമന്ത്രി ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ രാജകുമാരന്‍, യുഎസ് അംബാസഡര്‍ മൈക്കല്‍ റാറ്റ്‌നി, യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് അഡൈ്വസര്‍ ഡിര്‍ക്ക് ഷുലെറ്റ്, അസിസ്റ്റന്റ് സ്റ്റേറ്റ് സെക്രട്ടറി ബാര്‍ബറ ലീഫ്, സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് ഡെപ്യൂട്ടി പ്രസിഡന്റ് ടോം സള്ളിവന്‍ എന്നിവര്‍ കൂടിക്കാഴ്ചയില്‍ സംബന്ധിച്ചു.
ശനിയാഴ്ച പുലര്‍ച്ചെയാണ് ബ്ലിങ്കന്‍ റിയാദിലെത്തിയത്. തുടര്‍ന്ന് സൗദി വിദേശകാര്യമന്ത്രി ഫൈസല്‍ ബിന്‍ ഫര്‍ഹാനുമായി കൂടുക്കാഴ്ച നടത്തിയിരുന്നു.