ന്യുദല്‍ഹി- മുന്‍ കോടതി ഉത്തരവുകള്‍ മാനിക്കാതെ വിമാനങ്ങള്‍ ആകാശത്ത് കക്കൂസ് മാലിന്യം തള്ളുന്നത് തുടരുന്നതില്‍ ദേശീയ ഹരിത ട്രൈബ്യൂണലിന് കടുത്ത അമര്‍ഷം. വിമാനങ്ങള്‍ ഇതു തുടര്‍ന്നാല്‍ സിവില്‍ ഏവിയേഷന്‍ ഡയറക്ടറേറ്റ് (ഡി.ജി.സി.എ) മേധാവിയുടെ ശമ്പളം തടയുമെന്ന് ട്രൈബ്യൂണല്‍ മുന്നറിയിപ്പു നല്‍കി. പറക്കുന്നതിനിടെ ആകാശത്തു വച്ച് കക്കൂസ് മാലിന്യം നിറഞ്ഞ ടാങ്ക് തുറന്നു വിടരുതെന്ന് ദല്‍ഹി ഇന്ദിരാഗാന്ധി രാജ്യാന്തര വിമാനത്താവളത്തില്‍ നിന്ന് സര്‍വീസ് നടത്തുന്ന എല്ലാ വിമാനക്കമ്പനികള്‍ക്കും ഉടന്‍ കര്‍ശന നിര്‍ദേശം നല്‍കണമെന്നും ഡി.ജി.സി.എയോട് ട്രൈബ്യൂണല്‍ ആവശ്യപ്പെട്ടു.
ഈ പ്രശ്‌നം തടയുന്നതിന് വ്യക്തമായ ഉത്തരവിട്ടിട്ടും ഡി.ജി.സി.എ ഇതു പാലിക്കുന്നതില്‍ പരാജയപ്പെടുകയും തൃപ്തികരമായ ഒരു മറുപടി നല്‍കിയില്ലെന്നും ട്രൈബ്യൂണല്‍ അധ്യക്ഷന്‍ ജസ്റ്റിസ് ആദര്‍ശ് കുമാര്‍ ഗോയല്‍ ഉള്‍പ്പെട്ട ബെഞ്ച് പറഞ്ഞു. ഉത്തരവ് നിലനില്‍ക്കുന്നതാണെന്നും ഇതിനെതിരെ അപ്പീല്‍ വരികയോ സ്റ്റേ നടപടികളെടുക്കുകയോ ചെയ്തിട്ടില്ലെന്നും ബെഞ്ച് ചൂണ്ടിക്കാട്ടി. ഓഗസ്റ്റ് 31നകം ഈ ഉത്തരവ് നടപ്പിലാക്കിയില്ലെങ്കില്‍ ഡി.ജി.സി.എ ഡയറക്ടര്‍ ജനറല്‍ക്കെതിരെ കേസ് ഇനി പരിഗണിക്കുന്ന സെപ്തംബര്‍ 17ന് നിയമനപടി സ്വീകരിക്കുന്ന കാര്യ ആലോചിക്കുമെന്നും ട്രൈബ്യൂണല്‍ മുന്നറിയിപ്പു നല്‍കി.
അതേസമയം ട്രൈബ്യൂണല്‍ ഉത്തരവിനെതിരെ നല്‍കിയ പുനപ്പരിശോധനാ ഹര്‍ജി കോടതിയുടെ പരിഗണനയിലിരിക്കുന്നതിനാലാണ് ഉത്തരവ് നടപ്പാക്കാത്തതെന്ന് ഡി.ജി.സി.എ അറിയിച്ചു. ഉത്തരവ് സ്റ്റേ ചെയ്യണമെന്ന് ഡി.ജി.സി.എ ജനുവരി 10ന് ആവശ്യപ്പെട്ടിരുന്നു.
ദല്‍ഹി നിവാസിയായ മുന്‍ സൈനികന്‍ ലെഫ്. ജനറല്‍ (റിട്ട.) സത്‌വന്ദ് സിങാണ് തന്റെയും അയല്‍പ്പക്കത്തെയും വീടുകള്‍ക്കു മുകളില്‍ വിമാനങ്ങളില്‍ നിന്നുള്ള കക്കൂസ് മാലിന്യം പതിച്ച് വൃത്തികേടാകുന്നത് ചൂണ്ടിക്കാട്ടി 2016 ഒക്ടോബറില്‍ ദേശീയ ഹരിത ട്രൈബ്യൂണലില്‍ പരാതി നല്‍കിയത്. തുടര്‍ന്ന് ഇതു തടയണമെന്ന് ഡി.ജി.സി.എയോട് ട്രൈബ്യൂണല്‍ ഉത്തരവിട്ടു. ആകാശത്ത് വച്ച് കക്കൂസ് മാലിന്യം തള്ളുന്ന വിമാനക്കമ്പനികളില്‍ നിന്ന് 50,000 രൂപ പാരിസ്ഥിതിക നാശത്തിനുള്ള പിഴയായി ഈടാക്കണമെന്നും ഉത്തരവിട്ടിരുന്നു.