തൃശൂര്‍-കരുവന്നൂര്‍ ബാങ്ക് തട്ടിപ്പില്‍ ഇരകള്‍ക്ക് പിന്തുണയുമായി സുരേഷ് ഗോപിയുടെ നേതൃത്വത്തില്‍ ബിജെപി നടത്തിയ പദയാത്രയെ പരിഹസിച്ച് സിപിഎം പോളിറ്റ് ബ്യൂറോ അംഗം എ.വിജയരാഘവന്‍. താന്‍ മുമ്പ് കണ്ടത് സിനിമയില്‍ വാഹനങ്ങള്‍ മറിച്ചിട്ട നടനെയായിരുന്നു. എന്നാല്‍, കഴിഞ്ഞ ദിവസം കണ്ടത് അതേ നടന്‍ കിതച്ച് ലോറിയുടെ പിറകില്‍ പിടിച്ച് ജാഥ നടത്തുന്നതാണ്. അതും ഒരു സമര രീതിയാണെന്നായിരുന്നു വിജയരാഘവന്റെ പരിഹാസം.
കരുവന്നൂര്‍ സഹകരണ ബാങ്കില്‍ നടന്നത് വലിയ തട്ടിപ്പാണെന്നും വിഷയത്തില്‍ പാര്‍ട്ടി കൃത്യമായി ജാഗ്രതയോടെ ഇടപെട്ടുവെന്നും അദ്ദേഹം പറഞ്ഞു. സഹകരണ മേഖലയെ തകര്‍ക്കുന്ന കേന്ദ്ര ഏജന്‍സികളുടെ നീക്കത്തിനും ഇടതുപക്ഷ വേട്ടക്കുമെതിരെ തൃശൂരില്‍ എല്‍ഡിഎഫ് സംഘടിപ്പിച്ച ജനകീയ സഹകരണ സംരക്ഷണ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു വിജയരാഘവന്‍. കരുവന്നൂരില്‍ നടന്നത് വലിയ തട്ടിപ്പാണെന്ന കാര്യത്തില്‍ തര്‍ക്കമില്ല. എന്നാല്‍, ഇക്കാര്യത്തില്‍ ജാഗ്രതയോടെയാണ് പാര്‍ട്ടി ഇടപെട്ടത്. തെറ്റു ചെയ്ത ആരെയും പാര്‍ട്ടി സംരക്ഷിച്ചില്ല. കൃത്യമായ നടപടികളിലൂടെയാണ് മുന്നോട്ട് പോയത്. നിക്ഷേപകരുടെ പൈസ നഷ്ടപ്പെടില്ലെന്ന് സര്‍ക്കാര്‍ ഉറപ്പ് നല്‍കിയിട്ടുണ്ട്. ഇതിന്റെ പേരില്‍ പ്രസ്ഥാനത്തെ തകര്‍ക്കാമെന്ന് പലര്‍ക്കും വ്യാമോഹമുണ്ട്. രാഷ്ട്രീയ താല്‍പ്പര്യത്തിന്റെ പുറത്ത് അധികാരം ദുര്‍വിനിയോഗം ചെയ്യുകയാണ് ഇഡിയെന്നും വിജയരാഘവന്‍ പറഞ്ഞു.
സിപിഐ ദേശീയ കൗണ്‍സില്‍ അംഗം കെ.പി രാജേന്ദ്രന്‍ അധ്യക്ഷത വഹിച്ചു. സിപിഎം ജില്ലാ സെക്രട്ടറി എം.എം വര്‍ഗീസ്, എ.സി മൊയ്തീന്‍ എംഎല്‍എ, എന്‍.ആര്‍ ബാലന്‍, എം.കെ കണ്ണന്‍, സിപിഐ ജില്ലാ സെക്രട്ടറി കെ.കെ വല്‍സരാജ്, എല്‍ഡിഎഫ് നേതാക്കളായ കെ.വി അബ്ദുള്‍ഖാദര്‍, പി.കെ ബിജു, ഉണ്ണിക്കൃഷ്ണന്‍ ഈച്ചരത്ത്, എ.വി വല്ലഭന്‍, സി.ടി ജോഫി തുടങ്ങിയവര്‍ പങ്കെടുത്തു.