Sorry, you need to enable JavaScript to visit this website.

ലഹരിക്കടത്ത് പിടിക്കപ്പെടാൻ തുടങ്ങിയതോടെ മറുവഴി തേടി മാഫിയ

ആലപ്പുഴ- നേരിട്ടുള്ള ലഹരിക്കടത്ത് പിടിക്കപ്പെടാൻ തുടങ്ങിയതോടെ മറുവഴി തേടി ലഹരി മാഫിയ. കൊറിയർ, പാർസൽ എന്നിവയിലൂടെയുള്ള ലഹരിക്കടത്ത് വ്യാപകമായെന്നാണ് ഇന്റലിജൻസ് റിപ്പോർട്ട്. അയൽ ജില്ലകളിൽ കൊറിയർ വഴി ലഹരി കടത്തിയവർ തുടരെ തുടരെ അറസ്റ്റിലാവുന്ന സാഹചര്യത്തിൽ എക്‌സൈസും പോലീസും കൂടുതൽ ജാഗ്രതയിലാണ്. 
പാർസൽ, കൊറിയർ സ്ഥാപനങ്ങളിൽ പോലീസ് നായകളെ ഉപയോഗിച്ച് പരിശോധന നടത്താറുണ്ടെങ്കിലും എപ്പോഴും അത് സാധ്യമല്ലാത്തതാണ് മാഫിയയ്ക്ക് തുണയാകുന്നത്. പാഴ്‌സൽ സ്‌കാനർ പോലുള്ള ആധുനിക സംവിധാനങ്ങൾ ഉപയോഗിച്ചാൽ ഇത്തരം ലഹരി മരുന്നുള്ള പായ്ക്കറ്റുകൾ അനായാസം കണ്ടെത്താമെങ്കിലും ഇതിനു ചെലവേറെയാണെന്നത് വെല്ലുവിളിയാണ്. ലഹരിയും വാടകക്കൊലയാളികളും ആയുധങ്ങളും നിരോധിത ഉത്പന്നങ്ങളും ഉൾപ്പെടെ എന്തും സംഘടിപ്പിക്കാൻ അവസരമൊരുക്കുന്ന ഓൺലൈൻ അധോലോകമായ ഡാർക്ക് വെബിന്റെ സ്വാധീനം യുവാക്കൾക്കിടയിൽ വർധിക്കുന്നുവെന്ന വിലയിരുത്തലും പോലീസിനുണ്ട്. ഓൺലൈനിൽ ഓർഡർ ചെയ്തു കൊറിയർ മുഖേന നഗരത്തിലെത്തുന്ന ലഹരിമരുന്നുമായി ബന്ധപ്പെട്ട ഇടപാടുകളെല്ലാം ഡാർക്ക് വെബിലാണ് നടക്കുന്നതെന്ന് പോലീസ് പറയുന്നു. ഇതിലെ ദുരൂഹമായ ഇടപാടുകൾ നിരീക്ഷിക്കാൻ പോലീസ് സൈബർ വിഭാഗത്തിനുള്ള പരിമിതിയാണ് ലഹരിസംഘങ്ങൾ ഉപയോഗപ്പെടുത്തുന്നത്. ലഹരി ഇടപാടുമായി ബന്ധമുള്ളവരെ നിരീക്ഷിച്ചപ്പോഴും കേസിൽ അറസ്റ്റിലായവരെ കൂടുതൽ ചോദ്യം ചെയ്തപ്പോഴും നിർണായക വിവരങ്ങളാണ് ലഭിച്ചത്. കൊറിയർ, പാഴ്‌സൽ എന്നിവയെ ലഹരിമാഫിയ ഉപയോഗിക്കുന്നത് സംബന്ധിച്ച് സ്ഥാപനങ്ങൾക്ക് ബോധവത്ക്കരണം നൽകാൻ ഒരുങ്ങുകയാണ് പോലീസ്. ഒരേ വിലാസത്തിൽ പതിവായി സംശയാസ്പദമായ കൊറിയർ എത്തുന്നത് ഉടമകൾ ശ്രദ്ധിക്കണമെന്നും നിർദേശം നൽകിയിട്ടുണ്ട്. സൗന്ദര്യ വർധക വസ്തുക്കളെന്ന വ്യാജേനെ വൻ തോതിൽ കൊറിയർ വഴി ലഹരിയെത്തുന്നുണ്ടെന്നാണ് റിപ്പോർട്ട്. വ്യാജ വിലാസം നൽകിയ ശേഷം, ഫോൺ മുഖേന ബന്ധപ്പെടുമ്പോൾ ഉപഭോക്താവ് നേരിട്ടെത്തി കൈപ്പറ്റും.

Latest News