തൃശൂര്‍- എം.എല്‍.എക്ക് പകരം വാഴ എന്ന പേരില്‍ പ്രതിഷേധത്തിന്റെ ഭാഗമായി കെ റെയില്‍ വിരുദ്ധ സമരസമിതി നട്ട വാഴകള്‍ കുലച്ചു. തൃശൂര്‍ പാലക്കലില്‍ സമരവാഴയില്‍ നിന്ന് വെട്ടിയ കുലയ്ക്ക് മോഹവിലയാണ് ലേലത്തില്‍ ലഭിച്ചത്. 60,250 രൂപയ്ക്കാണ് കുല ലേലം ചെയ്തത്. കഴിഞ്ഞ ദിവസം ചെങ്ങന്നൂര്‍ മുളക്കുഴയിലും സമാനമായ രീതിയില്‍ വാഴക്കുല ലേലം ചെയ്ത് 45,100 രൂപ ലഭിച്ചിരുന്നു
പാലക്കലിലെ ബാബു എന്നയാളുടെ പറമ്പില്‍ നട്ട വാഴയാണ് കുലച്ചത്. ക്വിറ്റ് കെ റെയില്‍ സേവ് കേരള എന്ന പ്ലക്കാര്‍ഡുമായിട്ടാണ് ലേലത്തിന് സമരസമിതി എത്തിയത്. പ്രേമന്‍ എന്ന പ്രദേശവാസിയാണ് വാഴക്കുല സ്വന്തമാക്കിയത്. വാഴക്കുലയുമായി പാലക്കല്‍ ജംഗ്ഷനില്‍ പ്രകടനം നടത്തിയ ശേഷമാണ് ലേലം വിളി തുടങ്ങിയത്. വീടിനുളളില്‍ അടുപ്പുകല്ല് കിടന്നിടത്ത് കെ റെയില്‍ സര്‍വ്വെക്ക് മഞ്ഞക്കുറ്റി സ്ഥാപിച്ച മുളക്കുഴ കൊഴുവല്ലൂര്‍ തങ്കമ്മയുടെ വീട് നിര്‍മാണ ഫണ്ടിലേക്ക് ഈ തുകയും കൈമാറി.
കഴിഞ്ഞ ദിവസം മുളക്കുഴ തെക്ക് യൂണിറ്റ് നടത്തിയ വിളവെടുപ്പിലാണ് നേന്ത്രവാഴക്കുല ലഭിച്ചത്. ഇവിടെയും പ്രകടനമായി എത്തിയ പ്രവര്‍ത്തകര്‍ തച്ചിലേത്ത് കുരിശടിക്ക് സമീപം ലേലം വിളി നടത്തുകയായിരുന്നു. ആയിരം രൂപയിലായിരുന്നു തുടക്കം. ഒടുവില്‍ 45,100 രൂപയ്ക്ക് ലേലം ഉറപ്പിച്ചു. ഈ തുകയും തങ്കമ്മയുടെ വീട് നിര്‍മാണ ഫണ്ടിലേക്കാണ് നല്‍കിയത്.
പരിസ്ഥിതി ദിനത്തിലാണ് എംഎല്‍എയ്ക്ക് പകരം വാഴ എന്ന പരിപാടിയുടെ ഭാഗമായി കെ റെയില്‍ പദ്ധതി പ്രദേശങ്ങളില്‍ സമരസമിതി വാഴ നട്ടത്.