ന്യൂദല്‍ഹി- ആധാര്‍ ഹെല്‍പ്‌ലൈന്‍ നമ്പറുകള്‍ ഉള്‍പ്പെടുത്താന്‍ ആന്‍ഡ്രോയിഡ് ഫോണ്‍ നിര്‍മാതാക്കളോട് ആവശ്യപ്പെട്ടിട്ടില്ലെന്ന് ആധാര്‍ അതോറിറ്റിയായ യു.ഐ.ഡി.എ.ഐ വ്യക്തമാക്കിയതോടെ ആന്‍ഡ്രോയിഡ് ഫോണുകളില്‍ ദുരൂഹമായി ആധാര്‍ നമ്പറുകള്‍ പ്രത്യക്ഷപ്പെട്ടതിന്റെ ഉത്തരവാദിത്തം ഗൂഗിള്‍ ഏറ്റെടുത്തു. ഫോണുകളില്‍ തിരിച്ചറിയല്‍ അതോറിറ്റിയുടെ നമ്പര്‍ പ്രത്യക്ഷപ്പെട്ടത് വിവാദമായിരുന്നു. ആധാര്‍ അതോറിറ്റിയുടെ നിര്‍ദേശപ്രകാരം നല്‍കിയതല്ലെന്നും ഫോണുകളിലെ ആന്‍ഡ്രോയിഡ് സോഫ്റ്റ്വെയറിലെ പ്രശ്‌നം കാരണമാണെന്നും ഗൂഗിള്‍ അറിയിച്ചു.
മൊബൈല്‍ ഫോണില്‍ പ്രത്യക്ഷപ്പെട്ട ഹെല്‍പ് ലൈന്‍ നമ്പര്‍ തങ്ങളുടേതല്ലെന്ന് ആധാര്‍ അതോറിറ്റി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഉപയോക്താക്കള്‍ സേവ് ചെയ്യാത്ത നമ്പര്‍ മൊബൈല്‍ ഫോണില്‍ പ്രത്യക്ഷപ്പെട്ടതു വിവാദമായതിനു പിന്നാലെയാണ് യു.ഐ.ഡി.എ.ഐ അധികൃതര്‍ വിശദീകരണം നല്‍കിയത്. 18003001947 അല്ല 1947 ആണ് യു.ഐ.ഡി.എ.ഐ ഹെല്‍പ് ലൈന്‍ നമ്പറെന്നും ഇത് രണ്ടു വര്‍ഷത്തിലേറെയായി പ്രവര്‍ത്തനക്ഷമമാണെന്നും വിശദീകരിച്ചിരുന്നു.
2014 മുതലാണ് രാജ്യത്തെ വിവിധ മൊബൈല്‍ ഫോണുകളില്‍ 18003001947 എന്ന ടോള്‍ഫ്രീ നമ്പര്‍ പ്രത്യക്ഷപ്പെട്ടത്. ആന്‍ഡ്രോയിഡ് സെറ്റ്അപ് സഹായത്തില്‍ വിഷമഘട്ടങ്ങളില്‍ ബന്ധപ്പെടേണ്ടതായി നല്‍കേണ്ട 112 എന്ന നമ്പറിനു പകരം കോഡിങ്ങിലെ അശ്രദ്ധ കാരണം ആധാര്‍ സഹായ നമ്പര്‍ കടന്നുകൂടിയതാണ് പ്രശ്‌നത്തിനിടയാക്കിയതെന്ന് ഗൂഗിള്‍ ഔദ്യോഗിക ഇമെയിലിലൂടെ അറിയിച്ചു. ഉപയോക്താക്കള്‍ക്ക് അവരുടെ കോണ്‍ടാക്ട് പട്ടികയില്‍ കടന്നുകൂടിയ നമ്പര്‍ സ്വയം ഡിലീറ്റ് ചെയ്യാനാകുമെന്നും ഗൂഗില്‍ വക്താവ് അറിയിച്ചു.
ആന്‍ഡ്രോയിഡ് ഫോണുകളിലേതു പോലെ ഐഫോണുകളിലും ഇത് കടന്നെത്തിയിരിക്കാമെന്നും ജിമെയില്‍ അക്കൗണ്ടില്‍നിന്ന് ഐഫോണുകളിലേക്ക് കോണ്‍ടാക്ട് ലിസ്റ്റ് കൈമാറ്റം ചെയ്തവര്‍ക്കാകും ഈ പ്രശ്‌നമുണ്ടായിരിക്കുകയെന്നും വിശദീകരണമുണ്ട്. ആധാര്‍ കാര്‍ഡ് അനുവദിക്കുന്ന തിരിച്ചറിയല്‍ അതോറിറ്റിയുടെ ടോള്‍ ഫ്രീ നമ്പര്‍ മൊബൈല്‍ ഫോണ്‍ കോണ്‍ടാക്ട് പട്ടികയില്‍ ഉപയോക്താവ് അറിയാതെ പ്രത്യക്ഷപ്പെട്ടത് ആധാര്‍ നമ്പറുമായി ബന്ധപ്പെട്ട പോരായ്മകള്‍ പുറത്തുകൊണ്ടു വന്ന സൈബര്‍ സുരക്ഷാ വിദഗ്ധന്‍ എലിയറ്റ് ആല്‍ഡേഴ്‌സ്‌നാണ് പുറത്തുവിട്ടത്. ഇതിനുപിന്നാലെ കൂടുതല്‍ പേര്‍ പരാതിപ്പെടുകയായിരുന്നു.