ടെല്‍അവീവ് - ഇസ്രായില്‍ -ഫലസ്തീന്‍ സംഘര്‍ഷത്തില്‍ ഗാസയില്‍ ഇസ്രായിലിന്റെ കൂട്ടക്കൊല തുടരുന്നതിനിടെ ഭയപ്പെടുത്തുന്ന പ്രസ്താവനയുമായി ഇസ്രായില്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹു. ഫലസ്തീനെതിരെ കടുത്ത ആക്രണം തുടരുമെന്നും ഇവിടം കൊണ്ട് അവസാനിക്കില്ലെന്നുമുള്ള മുന്നറിയിപ്പാണ് അദ്ദേഹം നല്‍കുന്നത്. സമാധാനാത്തിന് വേണ്ടിയുള്ള ശ്രമങ്ങള്‍ക്ക് കടുത്ത തിരിച്ചടിയാണ് അദ്ദേഹത്തിന്റെ പ്രസ്താവന. ഞങ്ങളുടെ ശത്രുക്കള്‍ അനുഭവിക്കാന്‍ തുടങ്ങിയിട്ടേയുള്ളൂ, എന്താണ് സംഭവിക്കാന്‍ പോകുന്നതെന്ന് എനിക്ക് പോലും വെളിപ്പെടുത്താനാകില്ല, എന്നാല്‍ ഇത് ഒരു തുടക്കം മാത്രമാണെന്ന് ഞാന്‍ നിങ്ങളോട് പറയുന്നു എന്നാണ് ഗാസയില്‍ നടത്തിയ കൂട്ടക്കുരുതിക്ക് ശേഷം അദ്ദേഹം പ്രതികരിച്ചത്. ജൂതരുടെ മേല്‍ ചുമത്തിയ ഭീകരതകള്‍ മറക്കാന്‍ ലോകത്തെ അനുവദിക്കുകയില്ലെന്നും ഒരു പരിധിയിലുമില്ലാതെ ശത്രുക്കല്‍ക്കെതിരെ പോരാടുമെന്നുമാണ് നെതന്യാഹു പറഞ്ഞത്. ഫലസ്തീനില്‍ കൂടുതല്‍ വലിയ കൂട്ടക്കൊലകള്‍ക്ക് ഇസ്രായില്‍ തയ്യാറെടുക്കുന്നുവെന്നാണ് ഇസ്രായില്‍ പ്രധാന മന്ത്രിയുടെ വാക്കുകള്‍ സൂചിപ്പിക്കുന്നത്.
ഹമാസ് ബന്ദികളാക്കിയ എല്ലാവരെയും വിട്ടയച്ചാലെ ഗാസമുനമ്പിലെ ഉപരോധത്തില്‍ മാനുഷികമായ ഇളവ് അനുവദിക്കുവെന്നും തടവിലാക്കിയവരെ വിട്ടയച്ചില്ലെങ്കില്‍ ഗാസയില്‍ ഒരു തുള്ളി വെള്ളവും ഒരിറ്റു വെളിച്ചവുമുണ്ടാകില്ലെന്ന് ഇസ്രായില്‍ ഊര്‍ജമന്ത്രി പറഞ്ഞു. ഗാസയില്‍ ബന്ദികളാക്കപ്പെട്ട 97 പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവരെ ഉടന്‍ കൈമാറണം. അല്ലെങ്കില്‍ ഇസ്രായില്‍ കരയുദ്ധത്തിന് ഇറങ്ങാന്‍ നിര്‍ബന്ധിതരാകുമെന്നും അദേഹം പറഞ്ഞു.