തിരുവനന്തപുരം- വിഴിഞ്ഞം പോര്‍ട്ട് എംഡിയായി നിയമിതയായതിന് പിന്നാലെ പത്തനംതിട്ട കലക്ടറായി സേവനമനുഷ്ഠിച്ച കാലത്തെ മറക്കാനാവാത്ത അനുഭവം പങ്കിട്ട് ദിവ്യ എസ് അയ്യര്‍.
ദുരിതമനുഭവിക്കുന്ന മഞ്ഞത്തോടു ആദിവാസി സങ്കേതത്തിലെത്തിയതും രണ്ട് വര്‍ഷത്തെ പരിശ്രമം കൊണ്ട് പ്രദേശത്ത് വികസനം സാധ്യമാക്കുകയും ചെയ്ത അനുഭവമാണ് ദിവ്യ ഐ.എ.എസ് പങ്കുവച്ചത്.
2021 ഓഗസ്റ്റ് 9 ന് ജില്ലാ കലക്ടര്‍ ആയി ചാര്‍ജ് എടുത്തു ഒരു മാസം തികയും മുന്നേ മഞ്ഞത്തോടു ആദിവാസി സങ്കേതത്തില്‍ പ്രിയപ്പെട്ട TDO സുധീര്‍, TEO മറ്റുദ്യോഗസ്ഥര്‍ എന്നിവര്‍ക്കൊപ്പം എത്തിയ നാള്‍ ഇന്നും മനസ്സില്‍ തെളിഞ്ഞു നില്‍ക്കുന്നു. നമ്മുടെ ആധുനിക കേരളത്തില്‍ nomadict ribes എന്ന വിഭാഗത്തില്‍ പെട്ട കുടുംബങ്ങള്‍ കാനനവാസികളായി കഴിയുന്നു എന്നത് അജ്ഞതമൂലം അന്നു വരെ അറിഞ്ഞിരുന്നില്ല. അവരുടെ ആകുലതകളും അസൗകര്യങ്ങളും ആധുനിക ജീവിത രീതിയോടുള്ള അഭിലാഷമില്ലായ്മയും എല്ലാം എന്നെ വല്ലാതെ അലട്ടിയ നാള്‍.
43 കുടുംബങ്ങളടങ്ങിയ മഞ്ഞത്തോട് സങ്കേതത്തില്‍ അന്താരാഷ്ട്ര ദുരന്തനിവാരണ ദിനാചരണ പരിശീലന പരിപാടിക്കായി എത്തി. ഊരുമൂപ്പന്റെ വീട്ടില്‍ കയറിയപ്പോള്‍ കഴിഞ്ഞ രണ്ടു വര്‍ഷങ്ങളില്‍ നമ്മുടെ കൂട്ടായ ശ്രമഫലമായി ഉണ്ടായ മാറ്റത്തെ കുറിച്ച് അദ്ദേഹം വാചാലനായി. സ്വന്തം ഇടം എന്ന സ്വാഭിമാനത്തോടെ പാര്‍ക്കുവാന്‍ ഒരേക്കര്‍ വീതം ഭൂമിയുടെ വ്യക്തിഗത വനാവകാശരേഖ ഇന്നു അവരുടെ പക്കല്‍ ഉണ്ടു. ബാങ്ക് അക്കൗണ്ട് ഉള്‍പ്പടെയുള്ള എല്ലാ അവകാശ രേഖകളും ഡിജി ലോക്കറില്‍ സുരക്ഷിതമായുണ്ട്. ഇത്രയും കാലമായി വൈദ്യുതി എത്തിനോക്കാത്ത പ്രദേശത്തുള്ള അവരുടെ താമസം ഏറെ ക്ലേശകരമായിരുന്നു എന്നു എടുത്തു പറയേണ്ടതില്ലല്ലോ. ഇന്നു വൈദ്യുതീകരണ പ്രവൃത്തികളുടെ പൂര്‍ത്തീകരണം പരിശോധിക്കവേ ഒരു സ്വിച്ച് ഇട്ടപ്പോള്‍ മിന്നിത്തിളങ്ങിയ led ബള്‍ബ് കണ്ടു മിഴിച്ചുണര്‍ന്ന കുഞ്ഞുവാവ അഭിജിത്തിന്റെ കണ്ണിലെ തിളക്കം എനിക്ക് ലഭിച്ച ഏറ്റവും വിലപിടിപ്പുള്ള സമ്മാനം ആണ്.