Sorry, you need to enable JavaScript to visit this website.

ദുബായിയില്‍ ജോലി വാഗ്ദാനം ചെയ്ത് യുവതിയില്‍നിന്ന് അഞ്ച് ലക്ഷം തട്ടിയ രണ്ടുപേര്‍ അറസ്റ്റില്‍

കല്‍പറ്റ-ഓണ്‍ലൈന്‍ വഴി ജോലി വാഗ്ദാനം ചെയ്ത് യുവതിയില്‍നിന്നു അഞ്ച് ലക്ഷം രൂപ തട്ടിയ കേസില്‍ രണ്ടു പേര്‍ അറസ്റ്റില്‍. ദുബായിലെ  ആശുപത്രിയില്‍ ജോലി നല്‍കാമെന്ന് വിശ്വസിപ്പിച്ച് പുല്‍പള്ളി സ്വദേശിനിയില്‍നിന്ന് പണം തട്ടിയ ദല്‍ഹി ഉത്തംനഗര്‍ സ്വദേശി ബല്‍രാജ്കുമാര്‍ വര്‍മ(43), ബിഹാര്‍ സ്വദേശിയും ഡല്‍ഹി തിലക് നഗറില്‍ താമസക്കാരനുമായ രവികാന്ത്കുമാര്‍(33)എന്നിവരെയാണ് വയനാട് സൈബര്‍ പോലീസ് അറസ്റ്റുചെയ്തത്.  കഴിഞ്ഞ മാര്‍ച്ചിലാണ് യുവതി തട്ടിപ്പിനിരയായത്. ജോലിക്ക് പ്രമുഖ ഓണ്‍ലൈന്‍ ജോബ് വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്ത യുവതിയുടെ വ്യക്തിവിവരങ്ങള്‍ ശേഖരിച്ചായിരുന്നു തട്ടിപ്പിനു തുടക്കം. തട്ടിപ്പുസംഘം അവരുടെ വ്യാജ ജോബ് വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യിപ്പിച്ച് യുവതിയുടെ വിശ്വാസം നേടിയെടുത്തു. പിന്നീട് വിവിധ ഫീസ് ആവശ്യത്തിലേക്ക് എന്ന് വിശ്വസിപ്പിച്ചാണ് തവണകളായി പണം വാങ്ങിയത്.
പരാതിയില്‍ നടത്തിയ അന്വേഷണത്തില്‍ പണം സ്വീകരിച്ച  ബാങ്ക് അക്കൗണ്ടുകള്‍ ബിഹാറിലും യുവതിയുമായി ബന്ധപ്പെട്ട ഫോണ്‍ നമ്പറുകള്‍ ഡല്‍ഹിയിലും ആണെന്ന് സൈബര്‍ പോലീസ് കണ്ടെത്തി. ആറു മാസം നീണ്ട  അന്വേഷത്തിനൊടുവിലാണ് പ്രതികളെക്കുറിച്ച് സൂചന ലഭിച്ചത്. കഴിഞ്ഞയാഴ്ച ഡല്‍ഹിയിലെത്തിയ പോലീസ് ദല്‍ഹി ഉത്തംനഗറിലും തിലക്‌നഗറിലും ദിവസങ്ങളോളം നടത്തിയ പരിശോധനയ്ക്ക് ഒടുവിലാണ് പ്രതികളെ കണ്ടെത്തിയത്.
സിം കാര്‍ഡുകള്‍ എടുക്കുന്നതിനും ബാങ്ക് അക്കൗണ്ടുകള്‍ തുടങ്ങുന്നതിനും തട്ടിപ്പുകാര്‍ തിരിച്ചറിയല്‍ രേഖകളിലെ മേല്‍വിലാസം തിരുത്തുന്നതായി അന്വേഷണത്തില്‍ ബോധ്യപ്പെട്ടു. തട്ടിപ്പുസംഘത്തിന് മൊബൈല്‍ നമ്പറുകളും ബാങ്ക് അക്കൗണ്ടുകളുംസംഘടിപ്പിച്ചു നല്‍കുന്ന ബല്‍രാജ് കുമാര്‍ വര്‍മയെ പിടികൂടി ചോദ്യം ചെയ്തപ്പോഴാണ് എം.സി.എ ബിരുദമുള്ള രവികാന്ത്കുമാറിനെക്കുറിച്ച് വിവരം ലഭിച്ചത്.  ഇയാളില്‍നിന്നു വ്യാജ ജോബ് വെബ്‌സൈറ്റ് നിര്‍മിക്കുന്നതിനുള്ള സോഴ്‌സ് കോഡ്, വൈബ്‌സൈറ്റ് ഹോസ്റ്റ് ചെയ്ത സര്‍വര്‍ വിവരങ്ങള്‍, നിരവധി ബാങ്ക് അക്കൗണ്ടുകള്‍, സിം കാര്‍ഡുകള്‍, പാസ് ബുക്ക്, ചെക്ക് ബുക്കുകള്‍, ലാപ് ടോപ്പുകള്‍ എന്നിവ പിടിച്ചെടുത്തു. ഡല്‍ഹി തീസ് ഹസാരി കോടതിയില്‍ ഹാജരാക്കിയ പ്രതികളെ ട്രാന്‍സിറ്റ് വാറന്റ്  വാങ്ങിയാണ് കല്‍പറ്റ സി.ജെ.എം കോടതിയില്‍ ഹാജരാക്കിയത്. കോടതി ഇരുവരെയും  റിമാന്റ് ചെയ്തു. വയനാട് സൈബര്‍ ക്രൈം പോലീസ് ഇന്‍സ്‌പെക്ടര്‍  ഷജു ജോസഫ്, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ  കെ.എ.അബ്ദുല്‍ സലാം, അബ്ദുല്‍ഷുക്കൂര്‍, എം.എസ്.റിയാസ്, സിവില്‍ പോലീസ് ഓഫീസര്‍മാരായ  ജിസണ്‍ ജോര്‍ജ്, റിജോ ഫെര്‍ണാണ്ടസ് എന്നിവരാണ് പ്രതികളെ അറസ്റ്റു ചെയ്തത്.

 

Latest News