Sorry, you need to enable JavaScript to visit this website.

ഷാഹിദ് ലത്തീഫിന്റെ ഘാതകരെ അറസ്റ്റ് ചെയ്തതായി പാകിസ്ഥാന്‍; പുറംരാജ്യത്തിന് പങ്കുണ്ട്

ലാഹോര്‍- ജെയ്‌ശെ മുഹമ്മദ് ഭീകരസംഘടനാ തലവന്‍ മസൂദ് അസ്ഹറിന്റെ മുഖ്യ സഹായിയുടേയും രണ്ട് കൂട്ടാളികളുടെയും കൊലപാതകത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരില്‍ ഭൂരിഭാഗവും അറസ്റ്റിലായതായി പാക്കിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യാ പോലീസ് മേധാവി പറഞ്ഞു.
2016ല്‍ പത്താന്‍കോട്ടിലെ ഇന്ത്യന്‍ വ്യോമസേനാ താവളത്തില്‍ നടന്ന ആക്രമണത്തിന്റെ മുഖ്യ സൂത്രധാരന്‍ ഷാഹിദ് ലത്തീഫും ഇയാളുടെ സുരക്ഷാ ഉദ്യോഗസ്ഥനായ ഹാഷിം അലിയും പ്രാര്‍ഥനയ്ക്കിടെയാണ് മൂന്ന് തോക്കുധാരികളുടെ വെടിയേറ്റ് മരിച്ചത്. ലാഹോറില്‍ നിന്ന് 100 കിലോമീറ്റര്‍ അകലെയുള്ള പഞ്ചാബ് പ്രവിശ്യയിലെ ദസ്‌ക നഗരത്തിലെ പള്ളിയില്‍ ബുധനാഴ്ച പുലര്‍ച്ചെയായിരുന്നു  സംഭവം.
ലത്തീഫിന്റെ അടുത്ത അനുയായി മൗലാന അഹദിനെയും വെടിയേറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഇയാള്‍ വ്യാഴാഴ്ച  മരണത്തിന് കീഴടങ്ങിയത്.
പാക്കിസ്ഥാനില്‍ ഭീകരാക്രമണം നടപ്പിലാക്കുന്നതില്‍     ഒരു രാജ്യവും അതിന്റെ രഹസ്യാന്വേഷണ ഏജന്‍സിയും ഉള്‍പ്പെടുന്നുവെന്ന്
രാജ്യത്തിന്റെ പേര് പറയാതെ പഞ്ചാബ് ഇന്‍സ്‌പെക്ടര്‍ ജനറല്‍ പോലീസ് (ഐജിപി) ഡോ ഉസ്മാന്‍ അന്‍വര്‍ ആരോപിച്ചു.
കേസില്‍ ഉള്‍പ്പെട്ട മൂന്ന് ഷൂട്ടര്‍മാരെയും തിരിച്ചറിഞ്ഞ് അറസ്റ്റ് ചെയ്തിട്ടുണ്ട്. സിയാല്‍കോട്ട്, ലാഹോര്‍, പാക്പട്ടാന്‍, കസൂര്‍, പഞ്ചാബിലെ മറ്റ് ജില്ലകളില്‍ നിന്നാണ് മറ്റ് അറസ്റ്റുകള്‍ നടന്നിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

പാകിസ്ഥാന് പുറത്ത് ആസൂത്രണം ചെയ്തതാണ് ഈ ആക്രമണം. ശത്രു രാജ്യത്തിന്റെ രഹസ്യാന്വേഷണ ഏജന്‍സി ഒരാളെ പാക്കിസ്ഥാനിലേക്ക് അയച്ചു. ഇവിടെ വന്ന ആള്‍ ആരാണെന്നും, ആരെയാണ് കണ്ടുമുട്ടിയത്, എന്നിവയെക്കുറിച്ചുള്ള എല്ലാ രേഖകളും ഞങ്ങളുടെ പക്കലുണ്ട്. ഒക്ടോബര്‍ 6 നും 9 നും ഇടയില്‍ അവര്‍ ഇവിടെ വന്ന് ഒക്ടോബര്‍ 11 ന് പദ്ധതി നടപ്പിലാക്കി- അദ്ദേഹം പറഞ്ഞു.
1994ല്‍ ഇന്ത്യയില്‍ ഭീകരവാദക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്ത ലത്തീഫിനെ ജയിലില്‍ അടച്ചിരുന്നു. 2010ല്‍ ശിക്ഷ പൂര്‍ത്തിയാക്കിയ ശേഷം പാക്കിസ്ഥാനിലേക്ക് നാടുകടത്തപ്പെട്ടു.
പാക് അധീന കശ്മീരില്‍ നിന്നുള്ള 50 കാരനായ ഷാഹിദ് ലത്തീഫ് ദസ്‌കയിലെ നൂറിഇമദീന മസ്ജിദിന്റെ അഡ്മിനിസ്‌ട്രേറ്ററായി വര്‍ഷങ്ങളോളം സേവനമനുഷ്ഠിച്ചിരുന്നു.

 

Latest News